ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലുടനീളം അതിശക്തമായ ഉഷ്ണതരംഗം തുടരുന്നതിനിടെ പല രാജ്യങ്ങളും റെക്കോർഡ് താപനിലകൾ രേഖപ്പെടുത്തി. 35 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂട് 10 കോടിയിലധികം ആളുകളെ ബാധിക്കുമെന്നാണ് കണക്ക്. നെതർലൻഡ്സ് ചരിത്രത്തിലാദ്യമായി റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ സ്വിറ്റ്സർലൻഡിൽ ജൂണിലെ ഏറ്റവും ഉയർന്ന താപനിലയും രേഖപ്പെടുത്തി.

ഫ്രാൻസിൽ നദികളിലെ ജലത്തിന്റെ താപനില അമിതമായി ഉയരുന്നത് തടയാൻ രണ്ട് ആണവ റിയാക്ടറുകൾ താൽക്കാലികമായി അടച്ചു. രാജ്യത്തെ ആയിരക്കണക്കിന് സ്കൂളുകൾ അടച്ചതോടൊപ്പം പല ക്ലാസ് മുറികളിലും താപനില 40 ഡിഗ്രി വരെ ഉയർന്നതായി റിപ്പോർട്ടുണ്ട്. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേർ ചൂടുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചപ്പോൾ സ്പെയിനിലും മറ്റ് രാജ്യങ്ങളിലും ചൂട് മൂലമുള്ള മരണങ്ങൾ വർധിക്കുന്നതായി അധികൃതർ അറിയിച്ചു.

അതിശക്തമായ ചൂട് ആരോഗ്യ സംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. ചില ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നതായും വൈദ്യുതിയും ഐടി സംവിധാനങ്ങളും തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ പ്രത്യാഘാതമാണ് ഇപ്പോഴത്തെ ഉഷ്ണതരംഗമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുമ്പോൾ, കൂടുതൽ ശക്തമായ കാലാവസ്ഥാ പ്രതിരോധ നടപടികൾ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply