സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 7, വെള്ളി) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
പത്തനംതിട്ടയിലും കോട്ടയത്തും റെഡ്, ഓറഞ്ച് അലർട്ടുകളുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ അതിശക്തമായ മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ചില സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. വയനാട്ടിൽ പ്രൊഫഷണൽ കോളജുകൾ, കോച്ചിങ് സെന്ററുകൾ, മതപഠന ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും വിദ്യാർഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
കാസർകോട് ജില്ലയിലും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അതേസമയം, അഞ്ച് ജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.











Leave a Reply