ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബർമിംഗ്ഹാമിൽ നിന്നുള്ള കോവിഡ് ബാധിതയായ ഗർഭിണി കുഞ്ഞിന് ജന്മം നൽകി ഒരു നോക്ക് കാണാനാകാതെ മരണപ്പെട്ടു. ബർമിംഗ്ഹാമിൽ താമസിക്കുന്ന 37 വയസ്സുകാരിയായ പാകിസ്ഥാൻ യുവതി സൈഖ പാർവീൻ ആണ് മരണപ്പെട്ടത്. നാലു കുട്ടികളുടെ അമ്മയായ സൈഖ, അഞ്ചാമതും ഗർഭിണിയായി എട്ടാം മാസത്തിലാണ് കോവിഡ് ബാധിതയായത്. സൈഖയുടെ മൃതദേഹം ജന്മനാടായ പാകിസ്ഥാനിലേക്ക് കൊണ്ടുപോയി സംസ്കാരം നടത്തിയതായി ബന്ധുക്കൾ അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ കോവിഡ് ബാധിതയായ സൈഖ ഗുഡ് ഹോപ്പ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഗർഭാവസ്ഥ പൂർത്തിയായ ശേഷമാണ് സൈഖ കുഞ്ഞിന് ജന്മം നൽകിയതെങ്കിലും, കുഞ്ഞിനെ ഒരു പ്രാവശ്യം പോലും കയ്യിലെടുക്കാൻ ആകാതെ അവർ മരണപ്പെട്ടു. സൈഖയുടെ ഭർത്താവ് ടാക്സി ഡ്രൈവറായ മജിദ് ഗഫുർ ഉൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാവരും തന്നെ സൈഖയുടെ മരണത്തിന്റെ വേർപാടിലാണ്.


സൈഖയുടെ അനുഭവം മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കണമെന്നും, എല്ലാവരും തന്നെ വാക്സിൻ സ്വീകരിക്കണമെന്നും സൈഖയുടെ മാതാവ് ഖയം മുഗൾ വ്യക്തമാക്കി. ജന്മനാട്ടിൽ എത്തിച്ച സൈഖയുടെ മൃതദേഹം കാണുവാനായി നിരവധിപേർ എത്തിയിരുന്നു. സൈഖയുടെ മരണം മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നും, എല്ലാവരും തന്നെ വാക്സിൻ സ്വീകരിക്കണമെന്നുമുള്ള നിർദ്ദേശമാണ് വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നത്.