ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ ബ്രിട്ടന്റെ നിയമചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ ഉപഭോക്തൃ കേസുകളിലൊന്നായ ‘ഡീസൽഗേറ്റ്’ ഹർജികളിൽ 16 ലക്ഷം വാഹന ഉടമകൾക്ക് തിരിച്ചടി. മെഴ്‌സിഡീസ്-ബെൻസ്, ഫോർഡ്, റെനോ, നിസാൻ, പ്യൂഷോ, സിട്രോയിൻ തുടങ്ങിയ പ്രമുഖ വാഹന നിർമാതാക്കൾക്കെതിരെ നൽകിയ കേസിലെ ഭൂരിഭാഗം ആരോപണങ്ങളും ലണ്ടനിലെ ഹൈക്കോടതി തള്ളി. വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ കൃത്രിമം കാട്ടാൻ നിയമവിരുദ്ധ സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്നാണ് ഹർജിക്കാർ ആരോപിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2009ന് ശേഷം വിറ്റഴിച്ച ഡീസൽ വാഹനങ്ങളിൽ ‘ഡിഫീറ്റ് ഡിവൈസ്’ എന്നറിയപ്പെടുന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ച് പരിശോധനാ സമയത്ത് മാത്രം കുറഞ്ഞ മലിനീകരണം കാണിക്കുകയും സാധാരണ റോഡ് ഉപയോഗത്തിൽ കൂടുതൽ നൈട്രജൻ ഓക്സൈഡ് പുറത്തുവിടുകയും ചെയ്തുവെന്നായിരുന്നു വാദം. എന്നാൽ ഭൂരിഭാഗം വാഹനങ്ങളിലെയും സംവിധാനങ്ങൾ നിയമവിരുദ്ധമാണെന്ന് തെളിയിക്കാനായില്ലെന്ന് ജഡ്ജി സാറ കോക്കറിൽ വിധിയിൽ വ്യക്തമാക്കി. നിയമം ലംഘിച്ചതായി കണക്കാക്കാൻ പരിശോധനയെ കബളിപ്പിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യം തെളിയിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ചില മെഴ്‌സിഡീസ്, പ്യൂഷോ–സിട്രോയിൻ മോഡലുകളിൽ ഉപയോഗിച്ചിരുന്ന പ്രത്യേക സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് കോടതി പ്രതികൂല നിരീക്ഷണം നടത്തി. അവ നിയമവിരുദ്ധ ‘ഡിഫീറ്റ് ഡിവൈസുകൾ’ ആണോയെന്ന കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകും. വിധിയിൽ നിരാശ പ്രകടിപ്പിച്ച ഹർജിക്കാരുടെ അഭിഭാഷകർ അപ്പീൽ നൽകുന്നത് പരിഗണിക്കുന്നതായി അറിയിച്ചു. വാഹന നിർമാതാക്കൾ വിധിയെ സ്വാഗതം ചെയ്തപ്പോൾ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തുടർവാദങ്ങളും മറ്റ് നിയമനടപടികളും ഇനിയും കോടതിയുടെ പരിഗണനയിലുണ്ടാകും.