ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും ഉഷ്ണതരംഗത്തിനും വരൾച്ചയ്ക്കും പിന്നാലെ കനത്ത മഴയും ഇടിമിന്നലും വെള്ളപ്പൊക്കവും. നിരവധി വീടുകൾക്ക് വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായി. 12 മണിക്കൂറിനിടെ ചില പ്രദേശങ്ങളിൽ 75 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തെത്തി. ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും വെയിൽസും കടുത്ത വരൾച്ച നേരിടുന്നതിനിടെയാണ് കാലാവസ്ഥയിലെ ഈ അപ്രതീക്ഷിത മാറ്റം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിഡ്‌ലാൻഡ്സ്, യോർക്‌ഷയർ, തെക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി പരിസ്ഥിതി ഏജൻസി 40 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകി. ബർമിംഗ്ഹാമിലെ ടെയിം നദി കരകവിഞ്ഞതിനെ തുടർന്ന് റോഡുകളിൽ വെള്ളം കയറി. വെസ്റ്റ് മിഡ്‌ലാൻഡ്സ് ഫയർ സർവീസിന് 32 വീടുകളിൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുകയും ഏഴ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിക്കുകയും ചെയ്തു. സ്റ്റാഫോർഡ്ഷയറിൽ 12 മണിക്കൂറിനിടെ 60 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ദീർഘകാല വരൾച്ചയ്ക്ക് പിന്നാലെയുണ്ടായ കനത്ത മഴ വീടുകളിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ബർമിംഗ്ഹാമിൽ താമസിക്കുന്ന റയാൻ ഗുഡ്‌വിന്റെ വീടിന്റെ കൺസർവേറ്ററിയിൽ മൂന്നടി വരെ വെള്ളം കയറി; വൈദ്യുതി ബന്ധവും നിലച്ചു. മാസങ്ങളായി വരണ്ട കാലാവസ്ഥയായതിനാൽ ഇലകൾ ഡ്രെയിനുകളിൽ അടിഞ്ഞുകൂടിയതും വെള്ളക്കെട്ട് രൂക്ഷമാക്കിയതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ബ്രിട്ടനിൽ അതിതീവ്ര ചൂട്, വരൾച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ വ്യതിയാനങ്ങൾ വർധിക്കുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.