ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെൽഫാസ്റ്റ്: ശമ്പള വർധനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് വടക്കൻ അയർലൻഡിൽ കൺസൾട്ടന്റ് ഡോക്ടർമാരും സ്പെഷ്യലിസ്റ്റ് വിഭാഗം ഡോക്ടർമാരും ഇന്ന് (നവംബർ 23) പണിമുടക്കുന്നു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ (ബിഎംഎ) നേതൃത്വത്തിൽ നടക്കുന്ന 24 മണിക്കൂർ സമരം രാവിലെ ഏഴിന് ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ ഏഴ് വരെ തുടരും. ഇതിന് മുന്നോടിയായി റെസിഡന്റ് ഡോക്ടർമാർ നവംബർ 20ന് 24 മണിക്കൂർ പണിമുടക്ക് നടത്തിയിരുന്നു.

ഡോക്ടർമാരുടെ ശമ്പളം പണപ്പെരുപ്പത്തിനനുസരിച്ച് വർധിപ്പിക്കാത്തതിനാൽ കഴിഞ്ഞ 18 വർഷത്തിനിടെ യഥാർഥ വരുമാനത്തിൽ 26 ശതമാനത്തിലധികം ഇടിവുണ്ടായെന്നാണ് ബിഎംഎയുടെ വാദം. 2026-27 സാമ്പത്തിക വർഷത്തേക്ക് ശുപാർശ ചെയ്ത 3.5 ശതമാനം ശമ്പള വർധന നടപ്പാക്കാൻ ആരോഗ്യവകുപ്പ് തയ്യാറാണെങ്കിലും ആവശ്യമായ ബജറ്റ് ലഭ്യമല്ലാത്തതാണ് തടസ്സമെന്ന് ആരോഗ്യ മന്ത്രി റോബി ബട്ട്ലർ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളത്തിലെ നഷ്ടം പരിഹരിക്കുന്നതിന് വ്യക്തമായ ഉറപ്പ് വേണമെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ ആവശ്യം.

സമരത്തെ തുടർന്ന് പതിവ് ചികിത്സകളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അപ്പോയിന്റ്മെന്റുകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ക്രിസ്മസ് ദിനത്തിന് സമാനമായ അടിയന്തര സേവനക്രമം നിലനിർത്തുന്നതിനാൽ അത്യാവശ്യ ചികിത്സകളും ജീവൻരക്ഷാ സേവനങ്ങളും തുടരും. ആശുപത്രിയിൽ നിന്ന് അപ്പോയിന്റ്മെന്റ് മാറ്റിവച്ചതായി നേരിട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിൽ രോഗികൾ നിശ്ചയിച്ച സമയത്ത് എത്തണമെന്ന് ആരോഗ്യ ട്രസ്റ്റുകൾ നിർദേശിച്ചിട്ടുണ്ട്.











Leave a Reply