ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബിർമിങ്ഹാമിൽ വീടിനുള്ളിലുണ്ടായ വൻ പൊട്ടിത്തെറിയെ തുടർന്ന് ഒരാൾക്ക് സാരമായ പരിക്ക് സംഭവിച്ചിരിക്കുകയാണ്. പൊട്ടിത്തെറി സംഭവിച്ച വീടിന് ചുറ്റുമുള്ള രണ്ടുമൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നോർത്ത് ബിർമിങ്ഹാമിലെ കിങ്സ്റ്റാൻഡിങ്ങിലുള്ള ഡുൾവിച്ച് റോഡിലാണ് സംഭവം നടന്നത്. വിവരമറിയിച്ച് ഉടൻതന്നെ എമർജൻസി സർവീസുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മറ്റ് നാല് പേർക്കും കൂടി ചെറിയതോതിൽ പരിക്കുകൾ സംഭവിച്ചെങ്കിലും പാരാമെഡിക്കലുകൾ കൃത്യസമയത്ത് പ്രാഥമിക ചികിത്സ നൽകി. പൂർണ്ണമായും വീടിനുള്ളിൽ നിന്ന് തീകത്തി പുക ഉയരുന്നത് തരത്തിലുള്ള വീഡിയോകൾ ആണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെട്ടത്. പൊട്ടിത്തെറിയുടെ ശബ്ദം കുറെ മൈലുകൾ അകലെ കേൾക്കാമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയത്. സംഭവം നടന്ന ഉടൻ തന്നെ സമീപവാസികൾ കൃത്യമായി ഉണർന്ന് പ്രവർത്തിച്ചത് അപകടത്തിൻെറ തോത് കുറയ്ക്കാൻ ഇടയായി എന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയത്.

സംഭവത്തിൽ സാരമായി പരിക്കേറ്റയാൾ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ മേജർ ട്രോമ സെന്ററിൽ ചികിത്സയിലാണ്. സംഭവം നടന്ന ഉടൻ തന്നെ ആ പ്രദേശത്തുനിന്നും ആളുകളെ നീക്കം ചെയ്യുവാൻ ആണ് രക്ഷാപ്രവർത്തകർ ആദ്യം ആരംഭിച്ചത്. അതോടൊപ്പം തന്നെ ആ വഴി ഉപയോഗിക്കാതിരിക്കാൻ ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തു. ഗ്യാസ് മൂലമുള്ള പൊട്ടിത്തെറി ആണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് ഫയർ സർവീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരോടുമുള്ള എല്ലാവിധ പിന്തുണയും ബെർമിങ്ഹാം കൗൺസിലർ ഷാരോൺ തോംസൺ അറിയിച്ചു. സമീപത്തുള്ള വീടുകൾക്കും സ്ഥലങ്ങൾക്കും എല്ലാംതന്നെ കേടുപാടുകൾ സാരമായി സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആറ് ക്രൂ ഫയർ സർവീസ് ജീവനക്കാർ, മൂന്ന് ആംബുലൻസുകൾ, 5 പാരാമെഡിക് ഓഫീസർമാർ, അതോടൊപ്പം തന്നെ നാഷണൽ ഇന്റർ ഏജൻസി ലീയസൺ ഓഫീസർ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനമാണ് സംഭവസ്ഥലത്ത് നടക്കുന്നത്.