ഇംഗ്ലണ്ടിലും വെയിൽസിലുമായി ആകെ 2000 ഡാമുകൾ ഉണ്ട് . 800 ഡാമുകൾ സ്കോട്ട് ലാൻഡിൽ ആണുള്ളത്. സമീപ നഗരങ്ങളിലും ടൗണുകളിലും കുടിവെള്ളമെത്തിക്കാൻ, കനാലുകൾ നിറയ്ക്കാൻ, കൃഷിക്ക്, ഫിഷിങ്, വാട്ടർസ്പോർട്സ്എന്നിവയ്ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ടോഡ്ബ്രുക് ഡാമിന്റെ തകർച്ച വലിയൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് .

സമീപപ്രദേശങ്ങളിലെ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നത് ഡാമുകളുടെ എണ്ണം കൂടുതൽകൊണ്ടാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു . ഈ പഠനങ്ങൾ വളരെ കുറഞ്ഞ വിസ്തൃതിയിൽ കൂടുതൽ ഡാമുകൾ ഉള്ള കേരളത്തിൻെറ കാര്യത്തിൽ വളരെ പ്രസക്തമാണ് .പ്രത്യേകിച്ചും ഡാമുകൾ മൂലം മഹാപ്രളയം സൃഷ്ടിക്കപ്പെട്ടതിൻെറ ഒരു വർഷം തികയുമ്പോൾ . കേരളത്തിൽ ആകെ 80 ഡാമുകൾ ആണുള്ളത് ഇതിൽ 12 എണ്ണം ഇടുക്കിയിലാണ്. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇടുക്കി ആണ്, കഴിഞ്ഞ പ്രളയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് കരുതപ്പെടുന്നതും ഇടുക്കി ഡാമാണ്.

ജല സ്രോതസ്സുകളുടെ   ഒഴുക്കിനെ തടസ്സപ്പെടുത്തി അണക്കെട്ടുകൾ നിർമിക്കുമ്പോൾ ഭൂമിയുടെ സ്വാഭാവികമായ തുലനാവസ്ഥക്ക് മാറ്റം വരുന്നു. അതിനെ നേരിടാൻ പ്രകൃതി കണ്ടെത്തുന്ന മാർഗങ്ങളാണ് പ്രകൃതി ക്ഷോഭങ്ങളായി നമുക്ക് അനുഭവപ്പെടുന്നത്.  25000 ക്യുബിക് മീറ്ററിലധികം ജല സംഭരണശേഷിയുള്ള യുകെയിലെ ഡാമുകൾ എല്ലാം റിസർവോയർ ആക്ട് പരിധിയിൽ പെടുന്നവയാണ്. ഇവയെ പറ്റി എല്ലാവർഷവും സിവിൽ എൻജിനീയർമാർ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവിയോൺമെന്റ് ഫുഡ് ആൻഡ് റൂറല് അഫയർന് ആനുവൽ റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഇവക്ക് രണ്ടാഴ്ചയിലൊരിക്കൽ പരിശോധന നടത്താറുണ്ടെന്നും അധികൃതർ പറയുന്നു. ഈ അടുത്ത് നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ നവംബറിൽ നടത്തിയ പരിശോധനയിൽ ടോഡ് ബ്രുക് റിസർവോയർ സുരക്ഷാ ടെസ്റ്റ് പാസായിരുന്നു, പക്ഷെ ഇത്തവണ പെയ്ത കനത്ത മഴയെ അതിജീവിക്കാൻ ഡാമിന് സാധിച്ചില്ല.

2007 ൽ അള്ളി റിസർവോയറിൽ കണ്ടെത്തിയ തകരാറാണ് ഇതിനു മുൻപ് ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കനത്ത മഴയെ തുടർന്ന് റോതെർഹാമിലെ ഈ റിസെർവോയർ തകരുകയായിരുന്നു.ഡാമുകൾ മൂലം നേരിടേണ്ടിവരുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ചും അപകട സാധ്യതകളെ കുറിച്ചും   പലരും  ബോധവാന്മാരല്ല എന്നതാണ് ഒരു പരിധിവരെ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നത്.സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു നിർമിച്ചിരിക്കുന്ന ഡാമുകൾക്ക് അപകടസാധ്യത ഉണ്ടാവില്ല എന്ന് പൂർണമായി വിശ്വസിക്കാൻ കഴിയില്ല എന്നതിന് തെളിവാണ് ടോഡ്ബ്രുക് ഡാമിന്റെ തകർച്ച.