ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നിക്കോള സ്റ്റർജന്റെ പിൻഗാമിയായി എത്താൻ ഒരുങ്ങി ഹംസ യൂസഫ്. പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പിന് ശേഷമാണ് വാർത്ത പുറത്ത് വരുന്നത്. എതിരാളികളായ കേറ്റ് ഫോർബ്‌സിനെയും ആഷ് റീഗനെയും പരാജയപ്പെടുത്തിയാണ് യൂസഫ് അധികാരത്തിലേക്ക് കടക്കുന്നത്. യുകെയിലെ ഒരു പ്രധാന പാർട്ടിയെ നയിക്കുന്ന ചെറുപ്പക്കാരനാണ് 37 വയസുള്ള യൂസഫ്. നിലവിൽ അദ്ദേഹം സ്‌കോട്ട്‌ലൻഡിന്റെ ആരോഗ്യ സെക്രട്ടറിയാണ്, കൂടാതെ മിസ് സ്റ്റർജന്റെ പിൻഗാമിയായി പരക്കെ അനുമാനിക്കപ്പെട്ടിരുന്നു.

എന്നാൽ, മത്സരത്തിലുള്ള ഒരു സ്ഥാനാർത്ഥിയെയും നിക്കോള സ്റ്റാർജൻ വ്യക്തമായി പിന്തുണച്ചില്ല. എസ്.എൻ.പിയുടെ 72,169 അംഗങ്ങളിൽ 50,490 പേരാണ് ആകെ വോട്ട് ചെയ്തത്. അവരിൽ ബഹുഭൂരിപക്ഷവും ഓൺലൈനിൽ വോട്ട് രേഖപ്പെടുത്തി. സിംഗിൾ ട്രാൻസ് ഫറബിൾ സമ്പ്രദായമാണ് നടപ്പാക്കിയത്. ആദ്യ റൗണ്ട് വോട്ടിംഗിൽ യൂസഫിന് ഭൂരിപക്ഷം നേടാനായില്ല. എന്നാൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം പുറത്തായ റീഗന്റെ രണ്ടാം മുൻഗണന വോട്ടുകൾ പുനർവിതരണം ചെയ്യപ്പെട്ടതിന് ശേഷം 52.1% വോട്ടുകൾ നേടിയാണ് യൂസഫ് മുൻപിൽ എത്തിയത്.

47.9% വോട്ടുകൾ നേടി ഫോബ്‌സ് രണ്ടാം സ്ഥാനത്തെത്തി. യൂസഫിന് 26,032 വോട്ടുകളും, ഫോബ്‌സിന് 23,890 വോട്ടുകളും ലഭിച്ചു. പുതിയ എസ്എൻപി നേതാവ് സ്കോട്ട്ലൻഡിന്റെ ആറാമത്തെ ആദ്യ മന്ത്രിയാകുന്നതിന് മുമ്പ് ചൊവ്വാഴ്ച സ്കോട്ടിഷ് പാർലമെന്റിൽ വോട്ടെടുപ്പ് നടത്തനാണ് അധികൃതർ ഒരുങ്ങുന്നത്. വോട്ടർമാരിൽ മൊത്തത്തിൽ ഫോബ്സിന് പിന്തുണ ഉണ്ടെന്നും, പ്രചാരണ പ്രവർത്തനങ്ങൾ എല്ലാം ഗുണം ചെയ്‌തെന്നുമാണ് പോളിംഗ് വിദഗ്ധനായ പ്രൊഫസർ ജോൺ കർട്ടിസ് പറയുന്നത്.