ഭർതൃപീഡനം അനുഭവിച്ചിരുന്ന യുവതിയും മകളും ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ ഭർത്താവ് വിനീതും കുടുംബവും ഒളിവിൽപ്പോയെന്ന് പരാതി. ഇവർക്ക് എതിരെ ആറൻമുള പോലീസ് സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു. മേയ് ആറിന് വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ശ്യാമയും മകളും പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മേയ് ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇടയാറൻമുളയിലെ വീട്ടിലാണ് ശ്യാമയേയും മൂന്ന് വയസുകാരി മകളേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 12ന് കുഞ്ഞും പിന്നാലെ ശ്യാമയും മരിച്ചു. ഇതിനുശേഷം ഭർതൃവീട്ടുകാർ ഒളിവിൽ പോയെന്നാണ് ശ്യാമയുടെ വീട്ടുകാർ ആരോപിക്കുന്നത്.

അതേസമയം, കേസിലെ തെളിവുകൾ ഇല്ലാതാക്കാൻ വിനീതും കുടുംബവും ശ്രമിക്കുന്നുണ്ടെന്നാണ് ശ്യാമയുടെ പിതാവ് മോഹനൻ നായരുടെ ആശങ്ക. മകളെ ചികിത്സിച്ച ആശുപത്രിയിൽ വിനീതിന്റെ സഹോദരിയോടൊപ്പം ആന്ധ്രാ സ്വദേശിയായ ഒരു അപരിചിതൻ എത്തിയിരുന്നുവെന്നും. ഇയാളാണ് വിനീതിനും കുടുംബത്തിനും രക്ഷപ്പെടാൻ സഹായം ഒരുക്കിയതെന്നും പിതാവ് ആരോപിക്കുന്നുണ്ട്.

അതേമയം, വിനീതിന്റെയും കുടുംബത്തിന്റെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവരെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടരുകയാണ്. ശ്യാമയുടേയും വിനീതിന്റെയും കല്യാണം കഴിഞ്ഞിട്ട് ആറ് വർഷമായി. ഇതിനിടെ പണം ആവശ്യപ്പെട്ട് പലതവണ വിനീത് തന്നെ സമീപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും ശ്യാമയുടെ പിതാവ് പറഞ്ഞു.