കുടിയേറ്റക്കാരായ ഏഷ്യക്കാര്‍ക്ക് വ്യാജ വിവാഹ രേഖയുണ്ടാക്കി നല്‍കി ഹോം ഓഫീസിനെ കബളിപ്പിച്ച് ദമ്പതികള്‍ നേടിയത് അഞ്ച് ലക്ഷം പൗണ്ട്. യുകെയില്‍ താമസിക്കാന്‍ നിയമപരമായി അവകാശമുള്ള ലിത്യാനിയന്‍ യുവതികളുമായി 13 ഏഷ്യക്കാരുടെ വിവാഹം നടന്നതായുള്ള രേഖയാണ് ദമ്പതികളായിരുന്ന അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും വ്യാജമായി നിര്‍മ്മിച്ചു നല്‍കിയത്. അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും ഇപ്പോള്‍ വിവാഹമോചനം തേടിയവരാണ്. റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കാനായി സെയിന്‍സ്ബറിയുടെ പേരില്‍ വ്യാജ ജോബ് ഓഫര്‍ ലെറ്ററും ഇവര്‍ നിര്‍മ്മിച്ചിരുന്നു. സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ താമസിച്ചിരുന്നവര്‍ക്കു വേണ്ടിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 13 പേര്‍ക്ക് ഇവര്‍ വ്യാജ വിവാഹരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്നാണ് തെളിഞ്ഞത്.

ഹോം ഓഫിസിനെ ഇവര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. യുറോപ്യന്‍ യൂണിയന് പുറത്തുള്ളവര്‍ക്ക് യുകെയില്‍ ജീവിക്കാന്‍ യുറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലുള്ളവരെ വിവാഹം ചെയ്താല്‍ മതിയെന്ന നിയമമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. കുറ്റാരോപിതരായ അയാസ് ഖാന്‍, യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റ്, ഇമ്രാന്‍ ഫാറൂഖ്, ഡയന സ്റ്റാന്‍കെവിക്, മുഹമ്മദ് സാഖ്‌ലിന്‍ എന്നിവര്‍ വിവാഹം വ്യാജമാണെന്ന വാദം നിഷേധിച്ചു. 2011നും 2014 നും ഇടയ്ക്ക് നടന്ന 13 വിവാഹങ്ങളില്‍ രണ്ട് ദമ്പതികള്‍ മാത്രമാണ് ഇപ്പോള്‍ ഒന്നിച്ചുള്ളതെന്നും അവര്‍ കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരും ലിത്യാനിയന്‍ സ്ത്രീകളുമായി നടത്തപ്പെട്ട ഈ വിവാഹങ്ങളെല്ലാം വ്യാജമായി ഉണ്ടാക്കപ്പെട്ടവയാണ്. ഇമിഗ്രേഷന്‍ അധികാരികളെ കബളിപ്പിച്ച് കൊണ്ട് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും വേണ്ടി വ്യാജമായി നിര്‍മ്മിച്ചവയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നിന്നും ബഗ്ലാദേശില്‍ നിന്നുമായി ഓരോരുത്തരം 11 പാകിസ്ഥാനികളുമാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കണ്ടെത്താനും അവര്‍ക്കുള്ള പ്രതിഫലവും വിവാഹച്ചെലവുകളും ഉള്‍പ്പെടെ വന്‍തുക തട്ടിപ്പ് സംഘം വരന്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നു. വധുവായി എത്തുന്നവരുടെ യുകെയിലെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതും തട്ടിപ്പ് സംഘമായിരുന്നു.