ലണ്ടന്‍: എന്‍എച്ച്എസ് അതിന്റെ ചരിത്രത്തില്‍ ആദ്യമായി നേരിടുന്ന സ്റ്റാഫിംഗ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി നഴ്‌സുമാര്‍. 2000ത്തോളം നഴ്‌സുമാര്‍ പാര്‍ലമെന്റിനു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ഇത്രയും നഴ്‌സുമാര്‍ ഒരേ ദിവസം ആനുവല്‍ ലീവ് എടുത്താണ് പ്രതിഷേധിക്കാന്‍ എത്തിയത്. 2010 മുതല്‍ വേതനവര്‍ദ്ധനവിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ടോറി സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഇവര്‍ പ്രതിഷേധിച്ചത്. ശമ്പളത്തില്‍ 14 ശതമാനത്തിന്റെ കുറവാണ് ഈ വെട്ടിക്കുറയ്ക്കലോടെ നഴ്‌സുമാര്‍ക്ക് ഉണ്ടാകുന്നത്. ഏകദേശം 3000 പൗണ്ടോളം വരും ഇത്. നിയന്ത്രണം എടുത്തു കളയണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ഒട്ടേറെ നഴ്‌സുമാര്‍ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു. ഹെല്‍ത്ത് വിസിറ്ററായ ബാര്‍ബര കോംബ് എന്ന 44 കാരിക്ക് ഓവര്‍ടൈം ഉള്‍പ്പെടെ ലഭിക്കുന്നത് 1800 പൗണ്ട് മാത്രമാണ്. സൗത്ത് ഈസ്റ്റ് ലണ്ടനില്‍ 2 ബെഡ് കൗണ്‍സില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഇവര്‍ 14 വര്‍ഷമായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നു. 2012 മുതല്‍ ഒരു അവധിക്കാല യാത്രക്കോ ഒരു ശവസംസ്‌കാരച്ചടങ്ങിനോ പോലും പങ്കെടുക്കാന്‍ തന്റെ വരുമാനം തികയുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. വാരാന്ത്യങ്ങളില്‍ മറ്റു ജോലികള്‍ ചെയ്താണ് ഇവര്‍ ജീവിക്കുന്നത്.

ലണ്ടനു പുറത്തേക്ക് പോകണമെങ്കില്‍ മറ്റുള്ളവരുടെ ഓയ്‌സ്റ്റര്‍ ട്രാവല്‍ കാര്‍ഡ് കടം വാങ്ങേണ്ട ഗതികേടിലാണ് താന്‍ എന്നും അവര്‍ പറഞ്ഞു. പെട്രോളിനുള്ള പണം പോലും ചിലപ്പോള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ ഇവര്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ജീവിതദുരിതത്തിന്റെ ഏറ്റവും ദൈന്യം നിറഞ്ഞ ഉദാഹരണമാണ്. മറ്റ് നഴ്‌സുമാരും തങ്ങളഴുടെ ദുരിതങ്ങള്‍ പങ്കുവെച്ചു. ചിലര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമകളാണ്. മിക്കവരും നഴ്‌സിംഗ് ജോലി തന്നെ ഉപേക്ഷിക്കുകയാണെന്നും വെളിപ്പെടുത്തി.