മുണ്ടിലേക്ക് മാറി, ഇനി ബ്രിട്ടീഷക്കാരുടെ പാന്റിലേക്ക് ഇല്ലന്ന് ജേക്കബ് തോമസ്. സര്‍വീസിലേക്ക് തിരിച്ച് വരാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് വന്നതിന് പിന്നാലെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സര്‍ക്കാരാണ് തന്നെ മുണ്ടിലേക്ക് മാറ്റിയത്. ഇതില്‍ നിന്നും മാറാന്‍ ഇനി താല്‍പര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍വീസിലേക്ക് ഇനി തിരിച്ച് ഇല്ല എന്നതിന്റെ സൂചനയാണോ ഇത് എന്നതിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല. അഴിമതി നിറഞ്ഞ രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ താന്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തിന് അര്‍ഹനാണ്. നിലവിലെ ഡിജിപിയെ മാറ്റുന്നതിന് നിയമതടസില്ല. അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചാല്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസ് മോധാവി ആകാതിരിക്കാന്‍ ഇപ്പോഴും ഗൂഡാലോചന നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പുസ്തകം എഴുതിയതിന് രണ്ട് മാസം മുന്‍പ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇത് പൊലീസ് മോധാവിയാകുന്നതിന് തടയിടാനാണന്നും അദ്ദേഹം പറഞ്ഞു.

ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ശ്രമിച്ചാലും അത് താങ്ങാനുള്ള ശക്തി തനിക്ക് ഉണ്ട്. ഒരു മനുഷ്യനെ വെട്ടി ഇത്രയധികം ദ്രോഹിച്ച സര്‍ക്കാരിന്റെ രണ്ട് വെട്ട് കൂടി സഹിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ജേക്കബ് തോമസിന്റെ തുടര്‍ച്ചയായ സസ്പെന്‍ഷന്‍ നിയമവിരുദ്ധമെന്നും തുടർച്ചയായി സസ്പെൻഷൻ നീണ്ടികൊണ്ടുപോകാനാകില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.