സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് പേര്‍ക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. 2018 ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗിയെ സല്‍മാന്‍ രാജുമാരനുമായി അടുപ്പം പുലര്‍ത്തുന്നവര്‍ക്ക് ബന്ധമുള്ള സൗദി സംഘം ഖഷോഗിയെ കൊലപ്പെടുത്തിയത്. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവുശിക്ഷ വിധിച്ചു. സല്‍മാന്റെ ഉപദേഷ്ടക്കളിലൊരാളായിരുന്ന സൗദ് അല്‍ ഖത്താനിക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും കുറ്റം ചുമത്തിയിരുന്നില്ല.

യുഎസില്‍ താമസിച്ചുവന്നിരുന്ന ഖഷോഗി വാഷിംഗ്ടണ്‍ പോസ്റ്റിന്റേതടക്കം കോളമിസ്റ്റായിരുന്നു. സല്‍മാന്‍ രാജകുമാരന്റെ ഭരണ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നയാളാണ് ഖഷോഗി. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. ഖഷോഗിയെ മൃതദേഹം കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ സൗദി അറേബ്യയ്ക്കും സല്‍മാന്‍ രാജകുമാരനുമെതിരെ വലിയ എതിര്‍പ്പും വിമര്‍ശനവുമുയരാന്‍ ഇടയാക്കിയ സംഭവമായിരുന്നു ഇത്.

മുഹമ്മദ് ബിന്‍ സല്‍മാന് ഖഷോഗി വധത്തില്ഡ പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. സിഐഎയും ഇക്കാര്യം പറഞ്ഞിരുന്നു. സല്‍മാന് ഖഷോഗി വധത്തില്‍ യാതൊരു പങ്കുമില്ല എന്നാണ് സൗദി ഭരണകൂടം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ പങ്ക് നിഷേധിച്ച സൗദി ഗവണ്‍മെന്റ് കൊല നടന്ന് ഒരാഴ്ചയോളം കഴിഞ്ഞ ശേഷമാണ് കൃത്യം നടത്തിയത് സൗദിയില്‍ നിന്നുള്ളവരാണ് എന്ന് തന്നെ സമ്മതിച്ചത്.

ആരാണ് ജമാല്‍ ഖഷോഗി?

സൗദി അറേബ്യൻ പൗരനായ മാധ്യമപ്രവർത്തകനാണ് ജമാൽ ഖഷോഗി. 1958 ഒക്ടോബർ മാസം ജനിച്ച ഇദ്ദേഹത്തിന് മരിക്കുമ്പോൾ 59 വയസ്സുണ്ട്. സൗദി അറേബ്യയിലെ പുരോഗമനകാരികളും ജനാധിപത്യവാദികളുമായ ജനങ്ങള്‍ക്കിടയിൽ മാധ്യമപ്രവർത്തനത്തിലൂടെ ബൗദ്ധിക ഇടപെടലുകൾ നടത്തിവരികയായിരുന്നു ഖഷോഗി. അല്‍ വതൻ എന്ന ഒരു പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് എന്ന നിലയിൽ ഇദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സൗദി അറേബ്യൻ ഭരണകൂടം തനിക്കെതിരായ നീക്കങ്ങൾ ശക്തമാക്കുന്നുവെന്ന സൂചന കിട്ടിയ ഖഷോഗി യുഎസ്സിലേക്ക് മാറിയിരുന്നു.

സൗദി രാജകുടുംബവുമായി പരമ്പരാഗതമായിത്തന്നെ വളരെയടുത്ത ബന്ധമാണ് ഖഷോഗി കുടുംബത്തിനുള്ളത്. ജമാൽ ഖഷോഗിയുടെ മുത്തച്ഛനായ മൊഹമ്മദ് ഖഷോഗി സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൾ അസീസ് അൽ സഊദിന്റെ ഡോക്ടറായിരുന്നു. ആയുധക്കച്ചവടക്കാരനെന്ന നിലയിൽ പേരുകേട്ട അദ്നാൻ ഖഷോഗി ജമാൽ ഖഷോഗിയുടെ അമ്മാവനായിരുന്നു.

എന്താണ് ഖഷോഗിക്ക് സംഭവിച്ചത്

2018 ഒക്ടോബർ‌ മാസം രണ്ടാം തിയ്യതി ചൊവ്വാഴ്ച ഇസ്താംബൂളിലെ സൗദി അറേബ്യൻ കോൺസുലേറ്റിലേക്ക് കടന്ന ജമാൽ ഖഷോഗി തിരിച്ചിറങ്ങുകയുണ്ടായില്ല. ഉച്ചയോടെയാണ് ജമാൽ അകത്തേക്ക് പോയത്. പുറത്ത് ജമാലിന്റെ പ്രതിശ്രുതവധു ഹാറ്റിസ് സെംഗിസ് അദ്ദേഹത്തെ കാത്തു നിൽപ്പുണ്ടായിരുന്നു. അർധരാത്രിയോളം ഇവർ കാത്തു നിന്നിട്ടും ജമാൽ തിരിച്ചെത്തിയില്ല. ഒരു വിവാഹമോചന ഹർജി സമർപ്പിക്കാനാണ് ജമാൽ കോൺസുലേറ്റിലേക്ക് പോയത്.

എന്തുകൊണ്ട് ഖഷോഗ്ഗിക്ക് ഇത് സംഭവിച്ചു?

ജമാൽ ഖഷോഗ്ഗിക്ക് സംഭവിച്ച ദുര്യോഗത്തിന്റെ കാരണം തിരഞ്ഞ് വളരെ ദൂരം അലയേണ്ടതില്ല. 2018 മാർച്ച് മാസത്തിൽ അൽ ജസീറ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ സൗദിയുടെ കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനെ അതിനിശിതമായ ഭാഷയിൽ വിമർശിക്കുന്നുണ്ട് ഖഷോഗി. ഈ അഭിമുഖത്തിൽ മൊഹമ്മദ് ബിൻ സൽമാനിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളിലൊന്ന് അദ്ദേഹം വിവരിക്കുന്നു. സൗദി കിരീടാവകാശി രാജ്യത്തിന്റെ ഒരു പരിഷ്കർത്താവാണോ എന്ന ചോദ്യത്തിന് ഖഷോഗി നൽകുന്ന ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: “മൊഹമ്മദ് ബിൻ സൽമാൻ എല്ലാ അധികാരവും അയാളുടെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ്. സൗദിയിലെ വിമർശകരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും മാധ്യമങ്ങളെയും കിരീടാവകാശി നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്. രാജ്യത്ത് ഏറ്റവും അടിയന്തിരമായി സംഭവിക്കേണ്ട പരിവർത്തനമായ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിനു വേണ്ടി വാദിച്ചതിന് എനിക്കെന്റെ ജോലി തന്നെ വിടേണ്ടി വന്നു”. അൽ വതൻ എന്ന മാധ്യമസ്ഥാപനത്തിൽ ജോലി ചെയ്ത് കാലയളവിനെക്കുറിച്ചാണ് ഈ അഭിമുഖത്തിൽ ഖഷോഗി സൂചിപ്പിക്കുന്നത്.

ഇദ്ദേഹം എഡിറ്റർ ഇൻ ചീഫ് ആയിരുന്നപ്പോൾ പുരോഗമനവാദികളുടെ വാദങ്ങൾ ഉന്നയിക്കപ്പെടുന്ന പ്ലാറ്റ്ഫോമായി അൽ വതൻ മാറിയിരുന്നു. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശം നൽകുന്നത് അടക്കമുള്ള നിരവധി പ്രശ്നങ്ങളിൽ പുരോഗമനപരമായി ഇടപെടുന്ന ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും ഏറെ സ്വാതന്ത്ര്യത്തോടെ ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി. അങ്ങേയറ്റത്തെ മാധ്യമ സെൻസർഷിപ്പ് നിലനിൽക്കുന്ന ഒരു രാജ്യത്താണ് ഇതെല്ലാം നടക്കുന്നതെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ധൈര്യശാലികളായ മാധ്യമപ്രവർത്തകരെ നയിച്ചുകൊണ്ട് ഖഷോഗി 2003 മുതൽ ഏഴ് വർഷത്തോളം അൽ വതനില്‍ പ്രവർത്തിച്ചു. ഇപ്പോഴും അൽ വതൻ സൗദിയിലെ ഒരു വിമതസ്വരമാണ്. നിലവിലെ എഡിറ്റർ ഇൻ ചീഫ് തലാൽ അൽ ഷെയ്ഖും ലിബറൽ ചിന്താഗതികൾ പുലർത്തുന്ന, അവയെ താൻ ഇടപെടുന്ന മേഖലകളിൽ പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. സൗദിയിലെ അടിമക്കച്ചവടം ഇതിവൃത്തമാക്കിയുള്ള ഇദ്ദേഹത്തിന്റെ നോവൽ രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീസമത്വ പ്രവർത്തനങ്ങളിലേർപ്പെടുന്ന മനാൽ അൽ ഷെരീഫ് അടക്കമുള്ളവർ അൽ വതനിൽ കോളങ്ങൾ ചെയ്യുന്നുണ്ട്.

തീവ്ര നിലപാടുകളുള്ള വഹാബികൾക്കെതിരെ വ്യക്തമായ നിലപാടെടുത്ത മാധ്യമമാണ് അൽ വതൻ. ഈ നിലപാടുകൾ ശക്തമായി പ്രകടിപ്പിക്കപ്പെട്ട ഒരു സന്ദർഭമാണ് 2003ൽ ഉണ്ടായത്. ഇദ്ദേഹം എഡിറ്റർ ഇൻ ചീഫായി ചാർജെടുത്ത സന്ദർഭത്തിലാണ് സൗദി അറേബ്യയിൽ 39 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണങ്ങളുണ്ടായത്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മത പൊലീസിന്റെ ഉന്നതതലങ്ങളിൽ മാറ്റങ്ങൾ വരുമോയെന്ന് ഒരു അൽ വതൻ മാധ്യമപ്രവർത്തകൻ അന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദ്യമുന്നയിച്ചു. ഇതിനുള്ള മറുപടി ജമാൽ ഖഷോഗിയെ എഡിറ്റർ സ്ഥാനത്തു നിന്നും നീക്കിയാണ് സൗദി ഭരണകൂടം നൽകിയത്.

2007ൽ വീണ്ടും ജമാൽ ഖഷോഗി അൽ വതൻ എഡിറ്റർ ഇൻ ചീഫായി നിയമിച്ചു. ഇത്തവണയും സലഫിസം തന്നെയാണ് പ്രശ്നമായത്. സലഫികളെയും അവരുടെ വിഗ്രഹാരാധനാ വിരോധത്തെയുമെല്ലാം വിമർശിച്ചു കൊണ്ടുള്ള ഒരു കവിത അൽ വതനിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

മത യാഥാസ്ഥിതികത്വത്തിന്റെ കടുത്ത വെറുപ്പിന് അൽ വതൻ പാത്രമായിത്തീർന്നു. സ്വാഭാവികമായും ജമാൽ ഖഷോഗിക്കു നേരെയും ആ വെറുപ്പ് ചെന്നെത്തി. എഡിറ്റോറിയൽ കാർട്ടൂണുകളും പംക്തികളുമെല്ലാം സൗദിയുടെ ഇസ്ലാമിക യാഥാസ്ഥിതികത്വത്തെ ചോദ്യം ചെയ്യുന്നവയായിരുന്നു. അങ്ങനെ 2010ൽ ഖഷോഗി വീണ്ടും അൽ വതനിൽ നിന്നും പുറത്താക്കപ്പെട്ടു.

ഒസാമ ബിൻലാദനുമായി ഖഷോഗിക്കുണ്ടായിരുന്ന ബന്ധമെന്ത്?

ഒസാമ ബിൻ ലാദനുമായി ജമാൽ ഖഷോഗിക്കുണ്ടായിരുന്ന സൗഹൃദവും ഇതിനിടയിൽ ചർച്ചയാകുന്നുണ്ട്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിലുള്ള ബന്ധമായിരുന്നു ലാദനുമായുണ്ടായിരുന്നതെന്നും അതല്ല, ഖഷോഗിക്ക് മുസ്ലിം ബ്രദർഹുഡ് പോലുള്ള സംഘടനകളോട് മാനസികമായ അടുപ്പമുണ്ടായിരുന്നെന്നും വാദിക്കപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളിൽ നിന്ന് പടിഞ്ഞാറൻ സംസ്താരത്തിന്റെ അവസാന കണികയും തുടച്ചു നീക്കണമെന്ന ബ്രദർഹുഡിന്റെ താൽപര്യത്തോട് ഖഷോഗിയും യോജിച്ചിരുന്നെന്ന് പറയപ്പെടുന്നുണ്ട്. ചെറുപ്പകാലത്തു തന്നെ പരിചയപ്പെട്ട ഒസാമ ബിൻ ലാദൻ എന്ന ബിസിനസ്സുകാരനുമായി ഇത്തരം ആശയങ്ങൾ ഖഷോഗി പങ്കു വെച്ചിരുന്നു. ബിൻ ലാദൻ പിന്നീട് നിയന്ത്രണങ്ങൾ വിട്ട് തീവ്രവാദത്തിലേക്ക് ശക്തമായി ഇറങ്ങിയപ്പോഴും ഖഷോഗി ഒരു മാധ്യമപ്രവർത്തകന്റെ പ്രഫഷണൽ സമീപനത്തോടെ നിലപാടെടുത്തു. 90കളുടെ അവസാനത്തോടെ ലാദനുമായുള്ള അടുപ്പം കുറഞ്ഞു. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണകാലത്ത് ഖഷോഗിയില്‍ നിന്നുള്ള റിപ്പോർട്ടുകളെ പാശ്ചാത്യലോകം ആകാംക്ഷയോടെ കാത്തു നിന്നിരുന്നു. രാജകുടുംബവുമായും ലാദന്റെ ലോകവുമായും ഖഷോഗിക്കുള്ള അടുപ്പം ആ റിപ്പോർട്ടുകളെ ആഴമുള്ളവയാക്കി.

1980കളിൽ ഇന്ത്യാന സ്റ്റേറ്റ് സർവ്വകലാശാലയിൽ പഠനം കഴിഞ്ഞിറങ്ങിയ ജമാൽ ഖഷോഗി സൗദി പത്രങ്ങളിൽ ജോലിക്ക് ചേർന്നു. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരായ യുദ്ധത്തിൽ മുജാഹിദ്ദീനുകളോട് അനുഭാവം പുലർത്തിയ റിപ്പോർട്ടറായിരുന്നു ഖഷോഗി. സോഷ്യലിസ്റ്റ് അധിനിവേശത്തെ ചെറുക്കാൻ പറ്റിയ ആയുധമെന്ന നിലയിലാണ് മുജാഹിദ്ദീനുകളെയും ബ്രദർഹുഡിനെയുമെല്ലാം ഖഷോഗി കണ്ടതെന്ന് വ്യക്തം.

മൊഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനുമായുള്ള പ്രശ്നങ്ങൾ

2017 സെപ്തംബറിലാണ് ജമാല്‍ ഖഷോഗി സൗദി അറേബ്യ വിടുന്നത്. ജൂൺ മാസത്തിൽ രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരമേറ്റതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഇതിനു പിന്നാലെ നവംബർ മാസത്തിൽ സൗദി രാജകുടുംബാംഗമായ അൽ വാലീദ് ബിൻ തലാൽ ബിൻ അബ്ദുൾഅസീസ് അൽ സഊദ് രാജകുമാരൻ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശത്രുക്കളിലൊരാളാണ് അൽ വാലീദ് രാജകുമാരൻ. നിരവധി ബിസിനസ്സുകാരും ഇദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഭീതിയുടെ കാലത്തിലൂടെയാണ് സൗദി അറേബ്യ കടന്നു പോകുന്നതെന്ന് ഈ സംഭവങ്ങളെ ചൂണ്ടിക്കാട്ടി ഖഷോഗി വാഷിങ്ടൺ പോസ്റ്റിൽ എഴുതി. അറേബ്യൻ രാജ്യങ്ങളിലെല്ലാം പ്രചാരത്തിലുള്ള അൽ ഹായത്ത് പത്രത്തിൽ എഴുതുന്നതിന് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഭരണകൂടം വിലക്കേർപ്പെടുത്തി. മുസ്ലിം ബ്രദർ‌ഹുഡിനെ പിന്തുണയ്ക്കുന്നയാളാണ് ഖഷോഗി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. മുസ്ലിം ബ്രദർഹുഡ് സൗദി കരിമ്പട്ടികയിൽ പെടുത്തിയ സംഘടനയാണ്.

എന്താണ് ഖഷോഗിയോട് മൊഹമ്മദ് രാജകുമാരന് ഇത്രയധികം വിദ്വേഷമുണ്ടാകാൻ കാരണമെന്ന ചോദ്യത്തിന് ഖഷോഗിയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ക്രിസ്റ്റഫർ ഡിക്കി സ്വയം കണ്ടെത്തുന്ന ഉത്തരം അദ്ദേഹത്തിന് രാജകാര്യങ്ങളിൽ ‘ആവശ്യത്തിലേറെ’ അറിവുണ്ടായിരുന്നു എന്നാണ്. ഈ അറിവ് മൊഹമ്മദ് രാജകുമാരന്റെ താൽപര്യങ്ങളെ ഏറെ ഹനിക്കുന്നതായിരുന്നു. ആ താൽപര്യങ്ങൾ ഏതെല്ലാമെന്നതാണ് അടുത്ത ചോദ്യം.

സൽമാൻ രാജകുമാരൻ പേടിക്കുന്നത് ജനാധിപത്യത്തെ!

ബ്രദർഹുഡ് ഒരു തീവ്രവാദ സംഘടനയാണെങ്കിലും ഇവർ നടത്തുന്ന വിഘടന പ്രവർത്തനങ്ങൾ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വിപ്ലവത്തിന് വഴിയൊരുക്കുമോ എന്ന ഭീതി സൗദി രാജകുടുംബത്തിനുണ്ടാവുക സ്വാഭാവികമാണ്. ബ്രദർഹുഡിൽ വേരുകളുള്ള ഖഷോഗി നടത്തുന്ന മാധ്യമപ്രവർത്തനത്തെയും ഈ നിലയ്ക്കാണ് സൗദി കാണുന്നത്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമെന്നാൽ ജനാധിപത്യമെന്നാണ് അർത്ഥം. ഖഷോഗിയുടെ പ്രവർത്തനങ്ങൾ പുരോഗമനപരമാണെന്നും രാജ്യത്ത് തന്റെ നിലപാടുകളോട് അനുഭാവമുള്ള ബുദ്ധിജീവി വൃന്ദത്തിന് നല്ലൊരു പ്ലാറ്റ്ഫോം നിർമിച്ചു കൊടുക്കാൻ ഖഷോഗിക്ക് സാധിച്ചിട്ടുണ്ടെന്നും മൊഹമ്മദ് രാജകുമാരന്‍ തിരിച്ചറിഞ്ഞിരുന്നു. അധികാരനഷ്ടം തന്നെയായിരിക്കും ഖഷോഗിയെപ്പോലുള്ളവർ വളരുന്നതു വഴി തങ്ങൾക്ക് സംഭവിക്കുകയെന്ന് സൗദി രാജകുടുംബം ഭയന്നു.

എങ്ങനെയാണ് ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയത്

ജമാൽ ഖഷോഗിയെ സൗദിയിലെത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടുകൾ പലതും പറയുന്നുണ്ട്. ‘ജീവനോടെയോ അല്ലാതെയോ’ ജമാൽ ഖഷോഗിയെ മൊഹമ്മദ് രാജകുമാരന് വേണമായിരുന്നു. ജീവനോടെ കിട്ടാനുള്ള സാധ്യത കുറഞ്ഞതോടെയാണ് ഒരു ‘ഹിറ്റ് ടീമിനെ’ അയച്ച് ഖഷോഗിയെ തീർത്തു കളയാം എന്ന് രാജകുമാരൻ ആലോചിക്കുന്നത്.

ഒക്ടോബർ 2നായിരുന്നു സംഭവം. തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനായി ജമാൽ ഖഷോഗി തുർക്കിയിലെ ഇസ്താംബൂളില്‍ സ്ഥിതി ചെയ്യുന്ന സൗദി കോൺസുലേറ്റിലെത്തി. ഉച്ചയോടെ അകത്തേക്ക് കയറിപ്പോയ ഖഷോഗ്ഗിയെ കാത്ത് പ്രതിശ്രുത വധുവായ ഹേറ്റിസ് സെംഗിസ് കോണ്‍സുലേറ്റിന് പുറത്തു നിന്നു. അർധരാത്രി പിന്നിട്ടിട്ടും ഖഷോഗി തിരിച്ചെത്തിയില്ല. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

സൗദിയുമായി നിരവധി വിഷയങ്ങളിൽ നയതന്ത്രപ്രശ്നങ്ങളുള്ള തുർക്കി പ്രശ്നത്തെ ഏറ്റെടുത്തു. പ്രസിഡണ്ട് തയ്യിപ് എർദോഗൻ തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ തുർക്കിക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് അവർ തന്നെ പറയുന്നത്. തുർക്കി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ ഖഷോഗിയുടെ അന്ത്യത്തെക്കുറിച്ച് ഏകദേശ ചിത്രം നൽകി. പതിനഞ്ച് അംഗങ്ങളുള്ള ഒരു ഹിറ്റ് ടീം റിയാദിൽ നിന്ന് ഇസ്താംബുളിൽ എത്തിച്ചേർന്നിരുന്നു. ഇവരാണ് കോൺസുലേറ്റിനകത്തുവെച്ച് കൃത്യം നടത്തിയത്. എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഈ ടീം എത്തിച്ചേർന്നത്. ഖഷോഗിയോട് സാമ്യമുള്ള ഒരാളെയും ഇവർ കൂടെ കൂട്ടിയിരുന്നു. പുറത്തുവന്ന ഏറ്റവും പുതിയ ദൃശ്യങ്ങൾ പ്രകാരം ഇയാൾ ഖഷോഗിയുടെ കോട്ടും പാന്റും കണ്ണടയും ധരിച്ച് കോൺസുലേറ്റിന് പുറത്തിറങ്ങുന്നത് കാണാം.

ഇയാളുടേത് വെപ്പുതാടിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺസുലേറ്റിനകത്തു നിന്നുള്ള ചില ദൃശ്യങ്ങളും ഓഡിയോകളും നൽകുന്ന സൂചനകൾ ഖഷോഗിയെ അവിടെ വെച്ചു തന്നെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ്. തുർക്കി ഇതുവരെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഖഷോഗിയുടെ തിരോധാനത്തിനു ശേഷം കോൺസുലേറ്റിന്റെ ചില ഭാഗങ്ങൾ റീപെയിന്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം ഖഷോഗിയെ കോൺസുലേറ്റിനകത്തു വെച്ചു തന്നെയാണ് കൊലപ്പെടുത്തിയതെന്ന് വെളിവാക്കുന്ന തെളിവുകളാണ്. കോൺസുലേറ്റിനകത്തേക്ക് കടന്ന് ഏഴു മിനിറ്റിനുള്ളിൽ ഖഷോഗി കൊല്ലപ്പെട്ടതായാണ് വിവരം. പിന്നീട് ഒരു കാറിൽ മൃതദേഹം മാറ്റി. കോൺസുലേറ്റിന്റെ ഒരു കാർ ഇസ്താംബുളിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഖഷോഗിയുടെ മരണത്തിലുള്ള തങ്ങളുടെ പങ്കാളിത്തം സൗദി ഇതിനകം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ മൊഹമ്മദ് രാജകുമാരന്റെ പങ്കാളിത്തം മറച്ചുപിടിക്കാനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. തങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിന് സംഭവിച്ച ഒരു ‘അശ്രദ്ധ’യായി ഇതിനെ വ്യാഖ്യാനിച്ചെടുക്കാനാണ് ശ്രമം. സൗദിയിലേക്ക് മടങ്ങണമെന്ന് ഖഷോഗിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിനിടെ നടന്ന കൊലപാതകം. അതും മൊഹമ്മദ് രാജകുമാരനറിയാതെ ‘അച്ചടക്കമില്ലാത്ത ഇന്റലിജൻസ് ഉദ്യോഗസ്ഥർ’ നേരിട്ട് നടത്തിയ നീക്കം!

നയതന്ത്രപ്രശ്നം

സൗദിക്ക് വാഷിങ്ടണിലുള്ള ‘ലോബിയിങ് മെഷീൻ’ നിശ്ശബ്ദമാക്കേണ്ട സമയമായെന്ന് കഴിഞ്ഞദിവസം വാഷിങ്ടൺ തങ്ങളുടെ ഒപ്പീനിയൻ പേജിൽ എഴുതിയിരുന്നു. നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയാണ് സൗദിക്ക് ഖഷോഗിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചിരിക്കുന്നത്. സൗദി രാജകുടുംബത്തിനകത്ത് മൊഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്റെ അപ്രമാദിത്വത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി ഈ സംഭവത്തിനു ശേഷമുള്ള സംഭവവികാസങ്ങളെ വിലയിരുത്തുന്നവരുണ്ട്.

തുടക്കത്തിൽ സൗദിക്ക് സംശയത്തിന്റെ അനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനു പോലും പിന്നീട് തന്റെ നിലപാടുകൾ കടുപ്പിക്കേണ്ടി വന്നു. സൗദിയുടെ നീക്കം ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട വെറുമൊരു കൊലപാതകമല്ലെന്നും അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുമുള്ള പൊതുധാരണ അന്താരാഷ്ട്ര സമൂഹത്തിന് വന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയനും യുകെയും ഐക്യരാഷ്ട്രസഭയുമെല്ലാം ഈ കൊലപാതകത്തെ ജനാധിപത്യ വിരോധത്തിന്റേതായി എണ്ണിക്കഴിഞ്ഞിട്ടുണ്ട്.

ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രംപിന്റെ പ്രസ്താവന ഖഷോഗിയുടെ വിഷയത്തിൽ അദ്ദേഹത്തിനുള്ള അതൃപ്തി വെളിവാക്കുന്നതാണ്. സൗദിയുടെ വിശദീകരണങ്ങളിൽ താൻ സംതൃപ്തനല്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു. കൂടുതൽ തെളിവുകളുമായി തുർക്കി രംഗത്തു വരുന്ന സാഹചര്യം കൂടി മുന്നിൽക്കണ്ട് ശ്രദ്ധയോടെയാണ് ട്രംപ് നിൽക്കുന്നത്. അമേരിക്കയിലെ മാധ്യമങ്ങൾ ഒട്ടുമിക്കതും ഈ വിഷയത്തിൽ സൗദിക്കെതിരാണ്. സൗദി അറേബ്യക്ക് വാഷിങ്ടണിലുള്ള ലോബിയിങ് ശേഷി ഇല്ലാതാക്കണമെന്ന ആവശ്യം കൂടി ഇതോടൊപ്പം ഉയരുന്നുണ്ട്. മാധ്യമങ്ങൾ സൗദിയെയും അവരുടെ ബിസിനസ്സിനെയും കൂടുതൽ ശക്തമായി ലക്ഷ്യം വെക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

സൗദിയെ അടച്ചാക്ഷേപിക്കാതിരിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ട്. ഇപ്പോഴും വസ്തുതകൾ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് യുഎസ് എന്നാണ് ട്രംപിന്റെ സീനിയർ ഉപദേശകനായ ജേഡ് കുഷ്നർ പറയുന്നു. അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷിയാണ് സൗദിയെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളുടെ സമ്മർദ്ദവും സൗദി ഇനി പുറത്തു വിടാനിരിക്കുന്ന വിവരങ്ങളും ഏറെ നിർണായകമാണെങ്കിലും ട്രംപ് ഒരതിരു വിട്ട് ഒന്നിനും മുതിരില്ലെന്ന് എല്ലാവർക്കുമറിയാം.