മുപ്പത്തിയഞ്ച് വര്‍ഷമായി റെക്കോഡിംഗിനായി ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയുടെ മുറി ഒഴിഞ്ഞ് ഇളയരാജ. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടു പോയി. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസാദ് സ്റ്റുഡിയോ സ്ഥാപകന്‍ എല്‍ വി പ്രസാദിന്റെ അനുഗ്രഹത്തോടെ ഇളയരാജ ആരംഭിച്ചതാണ് ഈ സ്ഥലം. ഐടി കമ്പനിക്ക് സ്ഥലം കൊടുക്കാന്‍ വേണ്ടി കരുതിയിരുന്ന പ്രസാദ് ഉടമകള്‍ ഇളയരാജയെ പിടിച്ച് പുറത്താക്കി.

35 വര്‍ഷമായി തന്റെ കൈവശത്തിലായിരുന്ന കംപോസിങ് മുറിയും റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും മടക്കിത്തരാന്‍ ഉത്തരവുണ്ടാകണമെന്നും നിര്‍ബന്ധപൂര്‍വം പുറത്താക്കിയതു വഴി ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇശൈജ്ഞാനി ഇളയരാജ കോടതിയില്‍ അപേക്ഷിക്കുന്നു. കേസ് പല മാസങ്ങള്‍ നീളുന്നു. ഒരു കാരണവശാലും റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കയറാനോ സംഗീതപരിപാടി നടത്താനോ അനുവദിക്കുന്നതല്ലെന്ന് പ്രസാദ് ഡിജിറ്റല്‍ ഫിലിം ലബോറട്ടറീസ് ഉടമകളായ രമേഷ് പ്രസാദും മകന്‍ സായിപ്രസാദും കോടതിയില്‍ തറപ്പിച്ചു പറയുന്നു. ഇളയരാജാ പ്രശ്‌നം, പതിവുപോലെ തമിഴ് ചലച്ചിത്രരംഗത്തും രണ്ടു ചേരികളുണ്ടാക്കി. ഭൂരിപക്ഷം ഇളയരാജയുടെ ഭാഗത്തായിരുന്നു.

35 വര്‍ഷം പണിയെടുത്ത റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്ന് മഹാനായ ഒരു സംഗീതജ്ഞനെ ഇറക്കിവിടാന്‍ കഴിയുമോ? എന്നാല്‍ നിയമപരമായി ഇളയരാജക്ക് അവിടെ നിലനില്‍ക്കാനാവില്ലെന്ന് നിയമകാര്യവിദഗ്ധര്‍. അപ്പോഴാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി എന്‍ സതീഷ്‌കുമാറിന്റെ കോടതിയില്‍ കേസ് എത്തിച്ചേരുന്നത്. പത്മഭൂഷണ്‍ ജേതാവും എഴുപത്തേഴുകാരനുമായ ഒരു സംഗീതജ്ഞനോട് അല്‍പം അനുകമ്പയോടെ പെരുമാറിക്കൂടേ എന്നായി കോടതി. അദ്ദേഹത്തെ ഒരു ശത്രുവായി കണക്കാക്കരുത്. ജഡ്ജി അഭിപ്രായപ്പെട്ടു. എന്തായാലും ഇരുകൂട്ടരും ഒത്തുതീര്‍പ്പു തീരുമാനവുമായി വരാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം രാജയുടെ സ്റ്റുഡിയോ ഉപകരണങ്ങള്‍ മാറ്റുന്ന കാര്യത്തിലും നിബന്ധനകള്‍ വെച്ചു. എന്ത് തന്നെ ആയാലും പഴയ നിലപാടുകളില്‍ നിന്ന് ഇളയരാജ പിന്‍വാങ്ങിയെന്നതാണ് സത്യം.