കോപ്പ അമേരിക്കയില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. പത്താംമിനിറ്റില്‍ മാര്‍ട്ടിനെസും, എഴുപത്തിനാലാം മിനിറ്റില്‍ ലോ സെല്‍സോയും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി. ഇതോടെ ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന ബ്രസീല്‍ സെമിഫൈനലിന് അരങ്ങൊരുങ്ങി.

ബുധനാഴ്ചയാണ് സെമിഫൈനല്‍ നടക്കുക. മാര്‍ട്ടിനെസിനെ മുന്നില്‍ നിര്‍ത്തി ആക്രമണഫുട്ബോളാണ് അര്‍ജന്റീന തുടക്കം മുതല്‍ പുറത്തെടുത്തത്. 2008 ബെയ്ജിങ് ഒളിപിക്സിലാണ് അവസാനമായി ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. കോപ്പ അമേരിക്കയില്‍ അവസാനം ഏറ്റുമുട്ടിയത് 2007ലും.

കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ–അർജന്റീന സ്വപ്ന പോരാട്ടം. പാരഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന് ബ്രസീലും (4–3) വെനസ്വേലയെ 2–0നു വീഴ്ത്തി അർജന്റീനയും മുന്നേറിയതോടെ ബുധനാഴ്ച ബെലോ ഹൊറിസോന്റിയിലെ മിനെയ്റോ സ്റ്റേഡിയം ലോകഫുട്ബോളിലെ സൂപ്പർ ക്ലാസിക്കോയ്ക്ക് അരങ്ങാകും.

ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പത്താം മിനിറ്റിൽ ലൗതാരോ മാർട്ടിനെസ്, എഴുപത്തിനാലാം മിനിറ്റില്‍ പകരക്കാരൻ ജിയോവാനി ലോ സെൽസോ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. തുടക്കം മുതൽ ആക്രമണ ശൈലിയിലാണ് അർജന്റീന മുന്നേറിയത്.

അർജന്റീനയുടെ ഇതിഹാസ താരം ലയനൽ മെസ്സിയുടെ കോർണർ കിക്കിൽ അഗ്യൂറോയുടെ പിന്തുണയോടെയാണ് മാർട്ടിനെസ് ഗോൾ വല കുലുക്കിയത്.

രണ്ടാം പകുതിയിൽ ഡി പോൾ നൽകിയ പാസ് ഏറ്റെടുത്തു മുന്നേറിയ അഗ്യുറോയുടെ ഷോട്ട് ഗോളി തടഞ്ഞെങ്കിലും തൊട്ടുപിന്നാലെ ഓടിക്കയറിയ സെൽസോ ഗോൾ കണ്ടെത്തുകയായിരുന്നു.