നാഗാലാൻഡിൽ ഇന്ത്യ– മ്യാൻമർ അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന കിഫിരെ ജില്ലയിലെ താനാമീർ ഗ്രാമത്തിൽ അത്യപൂർവ മൃഗം മേഘപ്പുലിയെ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. 3.7 കിലോമീറ്റർ പൊക്കമുള്ള മേഖലയിലാണ് പുലിയെ കണ്ടത്. ലോകത്ത് തന്നെ ഇത്രയും ഉയരമുള്ള മേഖലയിൽ ഈ വിഭാഗത്തിൽപെട്ട പുലികളെ കാണുന്നത് ഇതാദ്യമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. നിയോഫിലിസ് നെബുലോസ എന്നു ശാസ്ത്രനാമമുള്ള മേഘപ്പുലികൾ പൊതുവെ താഴ്ന്ന മേഖലകളിൽ അധിവസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.

വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന എൻജിഒയാണു പുലിയുടെ ചിത്രങ്ങളെടുത്തത്. കിഫിരെ ജില്ലയിൽ 65 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വനമേഖലയുണ്ട്. നാഗാലാൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ സാരാമതി പർവതവും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. താനാമീർ ഗ്രാമത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് സമഗ്രപഠനം നടത്താനായാണു വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ ഗവേഷകർ ഇവിടെയെത്തിയത്.

ഗ്രാമീണരുടെ സഹായത്തോടെ അൻപതിലധികം ക്യാമറകൾ ഇവർ ഇവിടെ സ്ഥാപിച്ചു. സാരാമതീ പർവതത്തിനു ചുറ്റുഭാഗത്തായി രണ്ടു വളർന്ന പുലികളെയും രണ്ടു പുലിക്കുട്ടികളെയും കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. കൂടുതൽ പുലികൾ ഇവിടെയുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. താനാമീർ ഗ്രാമത്തിൽ താമസിക്കുന്ന തദ്ദേശീയ ഗോത്രവംശമായ യിംഖ്യൂങ്ങുകളുടെ ഭാഷയായ ചിറിൽ ‘ഖെഫാക്’ എന്ന പേരിലാണു മേഘപ്പുലികൾ അറിയപ്പെടുന്നത്.

പുലികളുടെ കൂട്ടത്തിൽ വലുപ്പം കുറഞ്ഞ മൃഗങ്ങളാണു മേഘപ്പുലികൾ. ഒരു മീറ്റർ വരെ നീളമുള്ള ഇവയുടെ ഭാരം 11 മുതൽ 20 കിലോ വരെയാണ്. സാധാരണ പുലികളിൽ നിന്നു വ്യത്യസ്തമായി വിചിത്രമായ ഘടനയുള്ള പുറം രൂപമാണ് മേഘപ്പുലികളുടെ പ്രത്യേകത. മേഘരൂപത്തിലുള്ള ഈ ഘടനകൾ മൂലമാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപ്പേഡ്സ് അഥവാ മേഘപ്പുലികൾ എന്ന പേരു ലഭിച്ചതും.ഇളം മഞ്ഞ മുതൽ കടുത്ത ബ്രൗൺ വരെ നിറത്തിലുള്ള ഈ ജീവികളെ കണ്ടുകിട്ടിയിട്ടുണ്ട്. വളരെ നീളം കൂടിയ വാലും പല്ലുകളും ഇവയ്ക്കുണ്ട്. ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ കാനനത്തിലൂടെ അതിദ്രുതം ചലിക്കാനും മരം കയറാനും അതി വിദഗ്ധരാണ്.

ഹിമാലയത്തിന്റെ താഴ്‌വരകളുമായി ബന്ധപ്പെട്ടും തെക്കുകിഴക്കൻ ഏഷ്യയിലുമായാണ് ഇവയുടെ അധിവാസ മേഖല. ഇന്ത്യ കൂടാതെ തെക്കൻ ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ, കംബോഡിയ, ലാവോസ്, ബംഗ്ലദേശ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. തായ്‌വൻ ദ്വീപിൽ മുൻപ് ഇവയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ന് ഇവയ്ക്ക് അവിടെ പൂർണ വംശനാശം സംഭവിച്ചുകഴിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജീവികളായിട്ടാണ് ഐക്യരാഷ്ട്ര സംഘടന ഇവയെ വിലയിരുത്തുന്നത്.