ന്യൂസ് ഡെസ്ക് മലയാളം യുകെ

അമേരിക്ക തങ്ങളുടെ പൗരന്മാർ യുകെയിലേയ്ക്ക് പോകുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ബ്രിട്ടനിലെ എല്ലാ ലോക്ഡൗൺ നിയന്ത്രണങ്ങളും പിൻവലിച്ച ഇന്നലെ മുതലാണ് ബ്രിട്ടനെ യുഎസ് റെഡ് ലിസ്റ്റിൽ പെടുത്തിയത് . അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യുകെയെ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത യാത്രക്കാർ പോലും ബ്രിട്ടനിലേയ്ക്ക് പോകുന്നത് അപകട സാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നു.

യുഎസിന്റെ യാത്രാ പട്ടികയിൽ ബ്രിട്ടൻ ഇപ്പോൾ ലെവൽ 4 -ലാണ്. ലെവൽ 1 -ൽ പെട്ട രാജ്യങ്ങളിലേയ്ക്ക് യാത്ര പോകുമ്പോൾ സാധാരണ മുൻകരുതൽ എടുക്കാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ലെവൽ – 2 രാജ്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാനും ലെവൽ -3 രാജ്യങ്ങളിലേയ്ക്ക് യാത്ര പോകണോ എന്ന് പുനർവിചിന്തനം ചെയ്യാനും ആണ് അമേരിക്കൻ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ചയ്ക്ക് മുമ്പ് മെയ് മാസം മുതൽ യുകെ ലെവൽ 3 -യിൽ ആയിരുന്നു . യുകെയെ കൂടാതെ ബ്രസീൽ, ദക്ഷിണാഫ്രിക്ക, നെതർലാൻഡ് എന്നീ രാജ്യങ്ങളും യുഎസിലെ ലെവൽ – 4 പട്ടികയിലാണ്. യുകെയിലെ നിലവിലെ സാഹചര്യം കാരണം പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് പോലും കോവിഡ് – 19 വേരിയന്റുകൾ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. നിലവിൽ യുഎസ് പൗരന്മാർ യുകെയിൽഎത്തുമ്പോൾ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയമാകണം. യുകെ – യുഎസ് പ്രത്യേക യാത്ര പാതയ്ക്ക് വേണ്ടി ശ്രമിക്കുന്ന ബോറിസ് ജോൺസന്റെ നീക്കത്തിന് തിരിച്ചടിയാണ് യുഎസ് – ൻറെ പുതിയ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.