സുപ്രീം കോടതിയിലെ ജസ്റ്റീസായി എയ്മി കോണി ബാരറ്റിനെ നാമ നിര്‍ദേശം ചെയ്ത ചോദ്യത്തില്‍ തുടങ്ങി തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയില്‍ അവസാനിച്ച അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഇന്ത്യ പരാമര്‍ശിക്കപ്പെട്ടത് ഒരു തവണ. കോവിഡ് 19 മഹാമാരി കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയെ പരമര്‍ശിച്ചത്. “ഇന്ത്യയും റഷ്യയും ചൈനയും യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ല” എന്നാണ് ട്രംപിന്‍റെ വിമര്‍ശനം. ‘ചൈന പ്ലേഗ്’ എന്ന പ്രയോഗം ട്രംപ് ഡിബേറ്റിലും ആവര്‍ത്തിച്ചു.

കോവിഡ് 19 മാഹാമാരിയെ 2009ലെ സ്വൈന്‍ ഫ്ലൂവുമായി താരതമ്യം ചെയ്ത ട്രംപ് ഒബാമ ഭരണകൂടം രോഗത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന ആരോപണം ആവര്‍ത്തിച്ചു. വാക്സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത ട്രംപ് മാസ്കിന്റെ ഫലപ്രാപ്തിയെ ട്രംപ് ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ സ്വൈന്‍ ഫ്ലൂ മൂലം മരിച്ചത് 14,000 പേര്‍ മാത്രമാണെന്നും കോവിഡ് ബാധിച്ച് 2 ലക്ഷത്തിലധികം പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു എന്നും ബൈഡന്‍ പറഞ്ഞു. ട്രംപ് കൊറോണ വൈറസിനെ വിശ്വസിക്കരുതായിരുന്നു. അഅണുനാശിനി കഴിച്ചു കൊറോണ വൈറസില്‍ നിന്നും അമേരിക്കകാര്‍ക്ക് രക്ഷപ്പെടാം എന്നു പ്രസിഡണ്ട് പറഞ്ഞിരുന്ന കാര്യം ബൈഡന്‍ ഓര്‍മ്മിപ്പിച്ചു. മാസ്ക് കൃത്യമായി ധരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം പേരെയെങ്കിലും മരണത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു എന്നും ബൈഡന്‍ പറഞ്ഞു.