ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ത്യ – ബ്രിട്ടൻ ഉന്നത വിദ്യാഭ്യാസ ബന്ധം ശക്തമാകുന്നു. അക്കാദമിക സഹകരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ധാരണാപത്രം അംഗീകരിച്ചു. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ യോഗ്യതകൾക്ക് തുല്യ പരിഗണന നൽകുമെന്ന പ്രഖ്യാപനം അടുത്തിടെ ഉണ്ടായി.

മാരിടൈം എഡ്യുക്കേഷന്‍ ഉള്‍പ്പടെ എല്ലാ മേഖലകളിലെയും വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് പരസ്പരം അംഗീകാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍/ പ്രീ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ യു.കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനു ചേരാനുള്ള യോഗ്യതയാകും.

ബാച്ചിലേഴ്‌സ് ഡിഗ്രി, മാസ്റ്റേഴ്‌സ് ഡിഗ്രി, ഡോക്ടറല്‍ ഡിഗ്രി എന്നിവയ്ക്ക് പരിഗണന ലഭിക്കും. അതേസമയം മെഡിസിന്‍, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി, ലോ എന്നീ വിഭാഗങ്ങളിലുള്ള പ്രൊഫഷണല്‍ ഡിഗ്രികള്‍ക്ക് നിലവിൽ പരിഗണന ലഭിക്കില്ല.

ബ്രിട്ടനും ഇന്ത്യയ്ക്കും ഇടയില്‍ ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ വർധിപ്പിക്കാൻ ഈ തീരുമാനം സഹായകമാകും. ബ്രിട്ടനിലെ എ ലെവല്‍, യു.ജി, പി.ജി ഡിഗ്രികള്‍ക്ക് ഇനി മുതല്‍ ഇന്ത്യയിലും അംഗീകാരം ഉണ്ടായിരിക്കും. മലയാളികൾ അടക്കമുള്ള നിരവധി വിദ്യാർഥികൾ പഠനത്തിനായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ എത്തുന്നുണ്ട്. യുകെ യിലെ അംഗീകൃത ഡിഗ്രി ഇന്ത്യയിലും അംഗീകരിക്കപ്പെടും എന്നു വരുന്നതോടെ യു.കെ വിദ്യാഭ്യാസ മേഖലയും വികസിക്കും. പഠനത്തിനായി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇനിയെളുപ്പം ഇന്ത്യയിലെത്താം. സ്വതന്ത്ര വ്യാപാര കരാറിനുള്ള അഞ്ചാം ഘട്ട ചർച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.