ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ആഫ്രിക്കയിൽ പ്രവർത്തിക്കുന്ന മൊബൈൽ മണി സേവന സ്ഥാപനമായ എയർടെൽ മണി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു. ഇന്ത്യൻ ശതകോടീശ്വരൻ സുനിൽ ഭാരതി മിത്തലിന്റെ നിയന്ത്രണത്തിലുള്ള ഭാരതി എന്റർപ്രൈസസിന്റെ ഭാഗമായ എയർടെൽ ആഫ്രിക്കയുടെ കീഴിലുള്ള സ്ഥാപനമാണ് എയർടെൽ മണി. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഏകദേശം 800 കോടി ഡോളർ സമാഹരിക്കാനും 8,000 കോടി മുതൽ 9,000 കോടി ഡോളർ വരെ മൂല്യം നേടാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

സബ് സഹാറൻ ആഫ്രിക്കയിലെ 13 രാജ്യങ്ങളിലായി 5.3 കോടി പ്രതിമാസ സജീവ ഉപയോക്താക്കളാണ് എയർടെൽ മണിക്കുള്ളത്. ശാഖകളും കിയോസ്കുകളും വഴി മൊബൈൽ ഫോണിലേക്ക് പണം നിക്ഷേപിക്കൽ, പണം പിൻവലിക്കൽ തുടങ്ങിയ സേവനങ്ങൾ നൽകുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 140 കോടി ഡോളറിനടുത്ത് വരുമാനം നേടി. ഏറ്റവും പുതിയ പാദത്തിൽ വരുമാനം 38 ശതമാനം ഉയർന്ന് 39.9 കോടി പൗണ്ടിലെത്തി. എയർടെൽ ആഫ്രിക്കയ്ക്ക് എയർടെൽ മണിയിൽ 78 ശതമാനത്തിനടുത്ത് ഓഹരിയുണ്ട്.
ലണ്ടൻ ഓഹരി വിപണിക്ക് സമീപകാലത്ത് നിരവധി കമ്പനികൾ പുറത്തുപോയതിനെ തുടർന്ന് തിരിച്ചടി നേരിടുന്നതിനിടെയാണ് എയർടെൽ മണിയുടെ നീക്കം. ഒക്ടോബർ ആദ്യം ഓഹരി വിൽപ്പനയുടെ വിലപരിധിയും വിൽക്കാനിരിക്കുന്ന ഓഹരികളുടെ എണ്ണവും പ്രഖ്യാപിക്കും. ഒക്ടോബർ അവസാനത്തോടെ അന്തിമ വില നിശ്ചയിക്കാനാണ് പദ്ധതി. ലണ്ടനിൽ എയർടെൽ മണിയുടെ ഓഹരി വിൽപ്പന നടക്കുന്നത് അടുത്തകാലത്തെ ഏറ്റവും വലിയ ഓഹരി വിപണി അരങ്ങേറ്റങ്ങളിലൊന്നായിരിക്കുമെന്നാണ് റിപ്പോർട്ട്.










Leave a Reply