ലോകയാൻ 2022നായി ഇന്ത്യൻ നാവികസേനയുടെ കടൽയാത്രാ പരിശീലന കപ്പൽ പുറപ്പെട്ടു. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തുനിന്ന് ഐഎൻഎസ് തരംഗിണിയാണ് ഇന്ത്യയുടെ യശസുയർത്തുന്ന ലോകപര്യടനത്തിനായി യാത്ര തിരിച്ചത്. ദക്ഷിണമേഖലാ മേധാവി റിയർ അഡ്മിറൽ ആന്റണി ജോർജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴ് മാസങ്ങൾ നീളുന്നതാണ് തരംഗിണിയുടെ യാത്ര.

ലണ്ടന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നതാണ് യാത്രയുടെ സുപ്രധാന ഭാഗം. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണിത്. 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ കപ്പൽ സന്ദർശിക്കും. പുതുതായി എത്തുന്നവർക്ക് കടൽയാത്രാ പരിശീലനം നൽകുന്നതിനൊപ്പം പ്രശസ്തമായ ‘ടാൾ ഷിപ്പ് റേസിലും തരംഗിണി പങ്കെടുക്കുമെന്ന് റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു.

‘ദക്ഷിണ നാവിക കമാൻഡിന്റെ കപ്പൽ പരിശീലനക്കപ്പലായ ഐഎൻഎസ് തരംഗിണി, കടൽയാത്രാ പരിശീലനം നൽകുന്നതിനും ടാൾ ഷിപ്പ് റേസിൽ പങ്കെടുക്കുന്നതിനുമായി ഏഴ് മാസത്തെ നീണ്ട യാത്രയ്ക്കായി പുറപ്പെടുന്നു. കപ്പൽ 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ സന്ദർശിക്കും’ – റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു. ലണ്ടനിലെത്തുന്ന കപ്പൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അവിടെ ദേശീയ പതാക ഉയർത്തും. ഇന്ത്യൻ നാവികസേനയ്ക്കും രാജ്യത്തിനും ഇതൊരു അഭിമാന നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് മാസത്തെ യാത്ര പൂർത്തിയാക്കി നവംബറിൽ ഐഎൻഎസ് തരംഗിണി മടങ്ങിയെത്തും.