ന്യൂസ് ഡെസ്ക് മലയാളം യുകെ

ടെൽ അവീവ് : ഇസ്രായേൽ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ പ്രദേശമായ കിബ്ബട്ട്സ് ക്ഫാർ ആസയിൽ ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി മരണങ്ങൾ. കൂട്ടക്കൊല നടന്നതായും പ്രദേശവാസികളുടെയും സൈനികരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതായും ഇസ്രായേലി സൈനികർ പറഞ്ഞു. ഇസ്രായേൽ കുടുംബങ്ങളെ അവരുടെ വീടുകളിൽ പോയി കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.

ക്ഫാർ ആസ തിരിച്ചുപിടിക്കാൻ ഇസ്രായേലികൾക്ക് കടുത്ത പോരാട്ടം വേണ്ടി വന്നു. അതേസമയം, ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. ഇന്നലെ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി.

 

ശനിയാഴ്ച ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 40 കുഞ്ഞുങ്ങൾ മരിച്ചു. ഇസ്രായേൽ മാധ്യമമായ ഐ 24 ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 2600-ലധികം പേർക്ക് പരിക്കേറ്റു.