വിശാഖ് എസ് രാജ്‌

ക്രിക്കറ്റിനെ സംബന്ധിച്ച് യാതൊരു അറിവുമില്ലാത്ത ഒരാൾക്ക് ആ കളിയെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുക എന്നത് ശ്രമകരമാണ്. ക്രിക്കറ്റിന്റെ ഏറ്റവും അടിസ്ഥാന തത്വങ്ങൾ തന്നെ സങ്കീർണമാണ്. എണ്ണിയാലൊടുങ്ങാത്ത നിയമങ്ങളുള്ളൊരു ഗെയിം ആണ് ക്രിക്കറ്റ്. അതുംപോരാഞ്ഞ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എന്ന് കൂടി കേൾക്കുമ്പോൾ ആദ്യമായി കളി പഠിക്കാൻ വന്നവരുടെ നെറ്റി ചുളിയും. മാന്യന്മാരുടെ കളി എന്നുള്ള നല്ല വിശേഷണം മാത്രമല്ല , സമയംകൊല്ലി കളി എന്ന ചീത്തപ്പേര് കൂടിയുണ്ട് ക്രിക്കറ്റിന്.
വർഷങ്ങളായി ക്രിക്കറ്റ് കണ്ടും കേട്ടും കളിച്ചും ശീലിച്ച ആളുകൾ കളിയുടെ പ്രാഥമിക നിയമങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കും. പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കുമ്പോളും പഴയത് പരിഷ്കരിക്കുമ്പോളും എതിർത്തും അനുകൂലിച്ചും ചർച്ച ചെയ്തിട്ടുള്ളവരാണ് നാം. പരിമിത ഓവർ ക്രിക്കറ്റിൽ പരിഷ്‌കരിക്കപ്പെട്ട നിയമങ്ങളിലേറെയും ബാറ്റ്സ്മാന്മാർക്ക് അനുകൂലമായിട്ടുള്ളവയാണെന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. സൂപ്പർ ഓവർ സമനില ആയാൽ പ്രയോഗിക്കപ്പെടുന്ന നിയമം ന്യൂസിലാന്റിന് ടീമിന് നഷ്ടപ്പെടുത്തിയത് എന്താണെന്ന് നമ്മൾ കണ്ടതാണ്. ഐ സി സി പ്രസ്തുത നിയമം കഴിഞ്ഞ ദിവസം മയപ്പെടുത്തിയത് ലോകകപ്പിന് ശേഷമുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താകാം. ലോകകപ്പ് ഫൈനൽ രണ്ട് സമനിലകളിൽ കലാശിച്ചത്കൊണ്ട് സൂപ്പർ ഓവറുകളെ സംബന്ധിച്ച് ക്രിക്കറ്റ് പുസ്തകത്തിൽ എഴുതപ്പെട്ട നിയമമെന്തെന്ന് അറിയാൻ നമ്മൾക്ക് സാധിച്ചു. സാധാരണ മത്സരമായി ഫൈനൽ അവസാനിച്ചിരുന്നുവെങ്കിൽ സൂപ്പർ ഓവറിലെ സമനില എന്ന സാധ്യതയെപ്പറ്റി എത്ര ക്രിക്കറ്റ് ആരാധകർ ചിന്തിക്കുമായിരുന്നു ?
ഒരു സാധാരണ ക്രിക്കറ്റ് ആരാധകൻ അറിയാനിടയില്ലാത്തതും അതിൽത്തന്നെ രസകരവുമായ കുറച്ചു നിയമങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1) ഹാൻഡ് ബോൾ അല്ല ക്രിക്കറ്റ് ആണ്

ബാറ്റ്‌സ്മാൻ തന്റെ കൈ ഉപയോഗിച്ച് ബോൾ എടുക്കാൻ പാടില്ല എന്ന നിയമമാണിത്. ബൗളർ എറിഞ്ഞ പന്ത് ബാറ്റസ്മാന്റെ ബാറ്റിലോ ദേഹത്തോ മറ്റോ തട്ടി സ്റ്റമ്പിലേയ്ക്ക് നീങ്ങുമ്പോൾ കൈ ഉപയോഗിച്ച് തട്ടി മാറ്റാൻ കഴിയില്ല. ബാറ്റ്‌സ്മാൻ അങ്ങനെ ചെയ്യുന്ന പക്ഷം ഔട്ട് ആയതായി പ്രഖ്യാപിക്കുന്നതാണ്. ക്രിക്കറ്റിലെ വിചിത്ര നിയമങ്ങളിൽ ഒന്നാണിത്. ബാറ്റിന്റെ താഴേ അറ്റം മുതൽ ബാറ്റിങ് ഗ്ലൗസ് വരെയുള്ള ഭാഗം ബാറ്റ് ആയിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഗ്ലൗസിൽ കൊണ്ട് ഉയരുന്ന പന്ത് ഫീൽഡർ പിടിച്ചാൽ ഔട്ട് വിളിക്കുന്നതും. എന്നാൽ അതേ ഗ്ലൗസ് ഇട്ട കൈ ഉപയോഗിച്ച് പന്ത് തട്ടി മാറ്റാൻ നിയമം അനുവദിക്കുന്നില്ല. ബാറ്റ്കൊണ്ട് പന്ത് തട്ടി മാറ്റുകയും ചെയ്യാം.

2 ) 3 മിനിറ്റ് !

ഒരു ബാറ്റ്‌സ്മാൻ പുറത്തായി കഴിഞ്ഞാൽ അടുത്ത ബാറ്റ്‌സ്മാൻ 3 മിനിറ്റിനകം ക്രീസിൽ എത്തണം എന്നാണ് നിയമം. അല്ലാത്തപക്ഷം പുതിയ ബാറ്റ്സ്മാനും പുറത്തായതായി പ്രഖ്യാപിക്കും. ഇക്കാരണംകൊണ്ടാണ് ഡ്രസിങ് റൂമിൽ അടുത്ത ഇറങ്ങാനുള്ള ബാറ്റ്‌സ്മാൻ പാഡും ഗ്ലൗസും ഒക്കെ കെട്ടി തയ്യാറായിരിക്കുന്നത്.

3) രണ്ടു തവണ പന്ത് തട്ടിയാൽ പുറത്ത്

ബോധപൂർവം രണ്ടു തവണ ബോളിൽ ബാറ്റ്കൊണ്ട് തട്ടുന്നത് ബാറ്റ്‌സ്മാൻ പുറത്താകുന്നതിന് കാരണമാകും. അറിയാതെ സംഭവിച്ചതാണോ അല്ലയോ എന്ന് അമ്പയർമാർക്ക് തീരുമാനിക്കാം.

4) അപ്പീൽ ഇല്ലെങ്കിൽ ഔട്ടുമില്ല

ഫീൽഡിങ് ടീം അപ്പീൽ ചെയ്യുന്നില്ല എങ്കിൽ അമ്പയർ ഔട്ട് വിളിക്കാൻ പാടില്ല എന്നാണ് ക്രിക്കറ്റ് പുസ്തകം പറയുന്നത്. എത്ര വ്യക്തതമായ പുറത്താകൽ ആണെങ്കിൽ കൂടി അപ്പീൽ ഇല്ലാതെ ഔട്ട് വിളിക്കാൻ കളി നിയന്ത്രിക്കുന്നവർക്ക് അധികാരം ഇല്ല. പ്രധാനമായും എൽ ബി ഡബ്ള്യു , സോഫ്ട് എഡ്ജസ് എന്നീ സാഹചര്യങ്ങളിൽ ആണ് ഈ നിയമത്തിന് കൂടുതൽ പ്രസക്തി.

5) നോ ബോളാണ് , ഔട്ടുമാണ്

ബൗളർ നോ ബോൾ എറിയുകയാണെങ്കിൽ ഔട്ട് വിളിക്കാൻ പാടില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ നോ ബോൾ ആണെങ്കിലും ബാറ്റ്‌സ്മാൻ പുറത്തു പോകേണ്ടിവരും. ബോൾ കൈകൊണ്ട് എടുക്കുക , രണ്ടു തവണ പന്ത് തട്ടുക , ഫീൽഡിങ് തടസപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ നോ ബോൾ ആണെങ്കിലും ബാറ്റ്‌സ്മാൻ പുറത്താകും.