ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേലും പലസ് തീനും തമ്മിൽ നടന്നുവരുന്ന സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനായി, 10 ദിവസത്തേക്ക് വെടിനിർത്തൽ ഉണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഹമാസ് ഔദ്യോഗിക വക്താവ്. ഹമാസ് ഔദ്യോഗിക വക്താവ് മൗസ അബു മാർസോക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനശ്രമങ്ങൾക്കായി പരിശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആക്രമണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഒരാഴ്ചയിലധികമായി നടക്കുന്ന സംഘർഷത്തിൽ ഇതുവരെ 66 കുട്ടികൾ ഉൾപ്പെടെ 228 പലസ് തീനികളും, 12 ഇസ്രയേലികളും ആണ് മരണപ്പെട്ടത്. ലബനോനിലെ അൽ – മയദീൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ , ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരമുള്ള ധാരണയിൽ വെടിനിർത്തൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹമാസ് വക്താവ് വ്യക്തമാക്കി. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും വ്യക്തമായ ധാരണയിൽ ഇരുരാജ്യങ്ങളും എത്തി ചേർന്നിട്ടില്ല.

ബുധനാഴ്ച ഉടനീളം ഇസ്രായേൽ പലസ് തീനു നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനു മറുപടിയായി പലസ് തീനും ആക്രമണങ്ങളിൽ പങ്കു ചേർന്നിട്ടുണ്ട്. ലക്ഷ്യം നേടുന്നതുവരെയും ആക്രമണങ്ങളിൽ ഉറച്ചുനിൽക്കും എന്നാണ് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട്, സംഘർഷങ്ങൾക്ക് അയവു വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും ഇസ്രായേൽ പ്രസിഡന്റ് രേഖപ്പെടുത്തി. എന്നാൽ അമേരിക്കൻ പ്രസിഡന്റിൻെറ ഇടപെടൽ വെടിനിർത്തലിലേയ്ക്ക് നയിക്കും എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചത്.

ഇരുരാജ്യങ്ങളിലെയും ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വ്യക്തമാക്കി. അതിലേക്ക് നയിക്കുന്ന തീരുമാനങ്ങൾ എടുക്കണമെന്ന ആവശ്യമാണ് കമ്മറ്റി ഉന്നയിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഇതുവരെയും വ്യക്തമായ ഒരു ധാരണയിലെത്തി ചേർന്നിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഗാസയിലെ 450 ഓളം കെട്ടിടങ്ങളാണ് ആക്രമണത്തിൽ തകർന്നത്. ഇതിൽ ആറ് ആശുപത്രികളും, 9 പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളും ഉൾപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ തുടർച്ചയായി റോക്കറ്റ് ആക്രമണങ്ങളും മറ്റും നടന്നുവരുന്നുണ്ട്. ഈ സംഘർഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളിലെയും ജനങ്ങൾ.