ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഉജ്ജ്വല പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുക്കുന്നത്. പരമ്പരയിൽ ഇത് വരെ നടന്ന മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ, രണ്ട് മത്സരങ്ങൾ ശേഷിക്കേ അഞ്ച് മത്സര പരമ്പരയും സ്വന്തമാക്കിക്കഴിഞ്ഞു. ഇതിൽ ആരാധകർക്ക് ഏറ്റവും ആവേശം നൽകിയത് സൂപ്പർ ഓവറിലേക്ക് നീണ്ട മൂന്നാം ടി20 യിൽ നേടിയ ഉജ്ജ്വല ജയമായിരുന്നു. 18 റൺസ് പിന്തുടർന്നായിരുന്നു സൂപ്പർ ഓവറിൽ ഇന്ത്യ വിജയം കണ്ടത്. ഈ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ക്രിക്കറ്റിലെ പല സൂപ്പർ താരങ്ങളും രംഗത്തെത്തി. അവരിലൊരാൾ മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾഹഖ് ആയിരുന്നു.

മൂന്നാം ടി20 യിലെ ‌വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തിയ ഇൻസമാം, ടീമിന്റെ വിജയത്തിന് പിന്നിലെ മൂന്ന് കാരണങ്ങളും ചൂണ്ടിക്കാട്ടി. രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നീ സൂപ്പർ താരങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യൻ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഇൻസി പറയുന്നത്. ഈ സൂപ്പർ താരങ്ങൾക്ക് പിന്തുണയായി കെ എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവരുമുള്ളത് ഇന്ത്യയെ അതിശക്തരാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജസ്പ്രിത് ബും റ, മൊഹമ്മദ് ഷാമി എന്നിവരടങ്ങുന്ന പേസ് നിരയെയാണ് ഇന്ത്യയെ കരുത്തരാക്കുന്ന രണ്ടാമത്തെ കാരണമായി മുൻ പാക് നായകൻ പറയുന്നത്‌. ഇന്ത്യയെ സഹായിക്കുന്ന മൂന്നാം കാരണമായി ഇൻസമാം ചൂണ്ടിക്കാട്ടുന്നത് നായകൻ വിരാട് കോഹ്ലിയുടെ ശരീരഭാഷയാണ്. കോഹ്ലിയുടെ കളിക്കളത്തിലെ സമീപനം മറ്റുള്ള താരങ്ങളേയും മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദിപ്പിക്കുന്നുണ്ടെന്നും സംസാരത്തിനിടെ ഇൻസമാം കൂട്ടിച്ചേർത്തു.