ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അടുത്ത മഹാമാരിയ്ക്ക് കാരണമാകുന്ന വൈറസ് ബ്രിട്ടനിൽ പടരുന്നതായി റിപ്പോർട്ടുകൾ. ഏവിയൻ ഫ്ലൂ എന്ന വൈറസാണ് ഇപ്പോൾ വീണ്ടും ലോകത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. രാജ്യത്തെ കോഴികളിലും താറാവുകളിലുമാണ് വൈറസ് ആദ്യം പിടിപ്പെട്ടത്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ ഏവിയൻ ഫ്ലൂ വ്യാപിക്കുന്നെന്നാണ് വിദഗ്ധർ പറയുന്നത്.

മൃഗങ്ങളിൽ പടരുന്നതിനനുസരിച്ച് വൈറസ് മനുഷ്യരിലേക്കും പടരുമെന്നും ഇത് കോവിഡിനേക്കാൾ മാരകമായ ആഗോള പ്രതിസന്ധിക്ക് കാരണമാകുമെന്നും വിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2021 സെപ്തംബർ മുതൽ ആഗോളതലത്തിൽ 22 ദശലക്ഷത്തിലധികം പക്ഷികളിലും കോഴികളിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് മുൻ വർഷത്തെ കണക്കുകളെക്കാൾ ഇരട്ടിയാണ്.

വൈറസ് വേഗത്തിൽ പടരുകയും മരണം സംഭവിപ്പിക്കാൻ വരെ ഇവയ്ക്ക് ശേഷിയുണ്ടെന്നും ഇതുവരെയുള്ളതിൽ ഏറ്റവും മാരകമായ വകഭേദമാണിതെന്നും ഡോക്ടർമാർ പറയുന്നു. യുകെയിൽ, സ്‌കോട്ട്‌ലൻഡിലും പക്ഷികൾ ചത്തു വീഴുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണിത്. രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളിൽ നിന്നും ആളുകൾ അകന്നു നിൽക്കണമെന്നും ‘ഒരു സാഹചര്യത്തിലും മൃഗങ്ങളെ തൊടരുതെന്നും’ കോൺവാൾ വൈൽഡ് ലൈഫ് ട്രസ്റ്റ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.