തിരുവനന്തപുരം∙ കേരളത്തിൽ നടന്ന അപ്രഖ്യാപിത ഹർത്താലിനും തുടർന്നുണ്ടായ അക്രമത്തിനും ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ആധിൽ എഎക്സ് (Aadhil AX- The Sri Lankan Social Media activist) എന്ന, ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സമീപകാലത്ത് ശ്രീലങ്കയിൽ നടന്ന വംശീയ കലാപത്തിൽ ഈ സംഘടനയ്ക്കുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ്. തീവ്രവാദ ബന്ധമുള്ളതിനാൽ ഈ സംഘടനയുടെ ഫെയ്സ്ബുക് പേജ് അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്‍റർപോൾ അടച്ചു പൂട്ടിച്ചിട്ടുണ്ടെന്നും രമേശ് പറഞ്ഞു.

കേരളത്തിലെ എസ്ഡിപിഐ പോലെയുള്ള സംഘടനകൾക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാൻ കേരളാ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ചില വാട്സാപ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും രാജ്യാന്തര ബന്ധമുള്ളതിനാൽ ഈ വിഷയത്തെപ്പറ്റി എൻഐഎ അന്വേഷണം നടത്തണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എൻഐഎയ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ രണ്ടാം മലബാർ കലാപത്തിനാണു ചില കേന്ദ്രങ്ങൾ ശ്രമിച്ചത്. എന്നാൽ കേരളത്തിലെ ഹിന്ദു സമൂഹവും സംഘപരിവാർ പ്രസ്ഥാനങ്ങളും കാണിച്ച സംയമനമാണ് കാര്യങ്ങള്‍ കൈവിട്ടു പോകാത്തതിനു കാരണം. തീവ്രവാദ ഗ്രൂപ്പുകൾ കേരളത്തിൽ എത്രമാത്രം ആഴത്തിൽ വേരോടി എന്നതിന്‍റെ തെളിവാണ് ഹർത്താലും അതിനോട് അനുബന്ധിച്ച് നടന്ന അക്രമവും. മലപ്പുറം ജില്ലയിൽ മാത്രം രണ്ടു ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നിട്ടും ഇതുമായി ആർഎസ്എസിനെ ബന്ധപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ചില കേന്ദ്രങ്ങൾ നടത്തി.

ഒരു വിഭാഗം മാധ്യമങ്ങളും ഇതിനു കൂട്ടു നിന്നിട്ടുണ്ട്. സംഭവവുമായി ആർഎസ്എസിനു ബന്ധമില്ലെന്നു പൊലീസ് തന്നെ വിശദീകരിച്ചിട്ടും പൊലീസ് റിപ്പോർട്ട് എന്ന നിലയിൽ വ്യാജ വാർത്തകൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയായിരുന്നു. ചില മാധ്യമ സ്ഥാപനങ്ങളിൽ പോലും തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതേപ്പറ്റി മാധ്യമ സ്ഥാപനങ്ങള്‍ പരിശോധന നടത്തണം. ഹർത്താലിൽ നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം.

കലാപകാരികളുടെ കൂട്ടത്തിൽ തങ്ങളുടെ പാർട്ടി പ്രവർത്തകർ എങ്ങനെ ഉൾപ്പെട്ടുവെന്ന് സിപിഎം, കോൺഗ്രസ്, മുസ്‌ലിംലീഗ് നേതൃത്വങ്ങൾ ആത്മപരിശോധന നടത്തണം. ഏതെങ്കിലും ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾക്ക് ഈ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.