സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായ കോവിഡ് വാക്‌സിനായ കോവിഷീൽഡ് ഒരു ഡോസ് എടുത്താൽ മതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചെന്ന വാർത്തകൾ വ്യാജമെന്ന് തെളിഞ്ഞു. കോവിഡ് വാക്‌സിനുകൾ ഒരു ഡോസ് മാത്രം എടുക്കുന്ന കാര്യം പരിഗണനയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. വാക്‌സിന്റെ രണ്ട് ഡോസും എല്ലാവരും സ്വീകരിക്കണമെന്നും വാക്‌സിൻ പ്രോട്ടോകോളിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രണ്ട് ഡോസും വ്യത്യസ്ത വാക്‌സിനുകൾ എടുക്കുന്നതിനേയും ആരോഗ്യമന്ത്രാലയം തള്ളി. വ്യത്യസ്ത കൊവിഡ് വാക്‌സിനുകൾ തമ്മിൽ ഇടകലർത്തില്ല. വ്യത്യസ്ത കൊവിഡ് വാക്‌സിനുകൾ ഇടകലർത്തിയാൽ ഫലപ്രദമാണോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടക്കുന്നതേയുള്ളൂ. ഗുണപ്രദമായേക്കാമെങ്കിലും പാർശ്വഫലങ്ങളുടെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുന്നതുവരെ ഇടകലർത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകില്ലെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

നേരത്തെ കൊവിഷീൽഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും കൊവാക്‌സിനും കൊവിഷീൽഡും രണ്ട് ഡോസ് തന്നെ നൽകുമെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനും നീതി ആയോഗ് അംഗവുമായ വികെ പോൾ പറഞ്ഞു.

അതേസമയം, ഒറ്റഡോസ് വാക്‌സിനായാണ് തുടക്കത്തിൽ കൊവിഷീൽഡ് തയ്യാറാക്കിയത്. ഫലപ്രാപ്തി കൂട്ടാൻ പിന്നീട് രണ്ട് ഡോസ് ആക്കുകയായിരുന്നു. രണ്ട് ഡോസ് വാക്‌സിൻ എടുത്താലും കോവിഡിനെ 100 ശതമാനവും പ്രതിരോധിക്കാനാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ബൂസ്റ്റർ ഡോസ് കൂടി ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് പഠനം നടക്കുകയാണ്.

ഓക്‌സ്‌ഫോഡ് സർവകലാശാല വികസിപ്പിച്ച കൊവിഷീൽഡിന്റെ അതേ സാങ്കേതികവിദ്യയാണ് ഒറ്റ ഡോസ് വാക്‌സിനുകളായ ജോൺസൺ ആൻഡ് ജോൺസണും സ്പുട്‌നിക് ലൈറ്റും പിന്തുടരുന്നത്.