സ്വന്തം ലേഖകൻ

യുകെയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട മലയാളി നഴ്സ്മാർ അനുഭവസമ്പത്തിൽ ഒരു പടി മുന്നിലാകുമ്പോൾ പുതുതായി യുകെയിൽ എത്തുന്നവരെ കഴിവില്ലാത്തവരാണ്, അഹങ്കാരികളാണ് എന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതായി പരാതി. പ്രാദേശീകരും അല്ലാത്തവരുമായ മേലധികാരികളുടെ പ്രശംസ പിടിച്ച് പറ്റാൻ പുതുതായി എത്തുന്നവരുടെ പരിചയക്കുറവുകൾ കൊണ്ടുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും ഊതി വീർപ്പിച്ച് വലുതാക്കി മേലധികാരികളിലെത്തിക്കുന്നു. പുതുതായി എത്തുന്ന മലയാളി നേഴ്സുമാരെ സഹ പ്രവർത്തകരായി പരിഗണിച്ച് കൂടെനിർത്തി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആതുരത സേവനത്തിൻ്റെ പവിത്രത കാത്തു സൂക്ഷിക്കുകയും ചെയ്യുന്നതിന് പകരം ശത്രുക്കളേപ്പോലെ പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ പിന്നിലെ നഗ്നസത്യമെന്താണ്.  നാല് മലയാളികൾ കൂടുന്നിടത്ത് ചർച്ചാവിഷയമായിക്കൊരിക്കുന്ന അത്യന്തം ഗൗരവമേറിയ വിഷയമാണിത്. ഭാവിയിൽ ഇതുണ്ടാക്കാൻ പോകുന്ന അപകടം ചെറുതൊന്നുമല്ലെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല.

പഴമക്കാർക്ക് പുതുതായി എത്തുന്നവരോട് അസൂയയാണ് എന്നൊരാക്ഷേപം പൊതുവേ ഉയരുന്നുണ്ട്. അത് പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. അതിനായി നിരത്തുന്ന കാരണങ്ങൾ പലതാണ്.
ഞങ്ങൾ പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി വന്നവരാണ്. നിങ്ങൾ യാതൊരു പൈസയും മുടക്കാതെ പൈസ അങ്ങോട്ട് വാങ്ങി വന്നവരാണ് എന്ന്. (നെഴ്സുമാരുടെ കുടിയേറ്റം യുകെയിലേയ്ക്ക് ആരംഭിച്ച കാലത്ത് പൈസ മുടക്കാതെ എത്തിയവരും ധാരാളമുണ്ടിവിടെ.) ഇരുപത് വർഷം മുമ്പുള്ള സാഹര്യമല്ല ഇന്നുള്ളത് എന്നത് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല. രണ്ടായിരത്തിൻ്റെ അവസാനത്തോടെ ഇടനിലക്കാരായി നിന്ന്  ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ഏജൻസികൾ നെഴ്സുമാരെ യുകെയിൽ എത്തിച്ചിരുന്നത്. വീടും പറമ്പും സ്വർണ്ണവും  പണയം വെച്ചും വിറ്റും, ലോണെടുത്തും അമിത പലിശയ്ക്ക് കടം വാങ്ങിയും ബാധ്യതകളുടെ എടുത്താ പൊങ്ങാത്ത ബാഗുമായിട്ടാണ് അന്നവർ സ്വപ്ന  ഭൂമിയിലേയ്ക്കെത്തിയത് എന്നത് സത്യമാണ്. എന്നാൽ ഇന്ന് സാഹചര്യം പാടേ മാറി. കാര്യങ്ങൾ കൂടുതൽ സുതാര്യമാവുകയും ചെയ്തു. ഇരുപത് വർഷങ്ങൾക്ക് ശേഷം കേരളം സാമ്പത്തികമായി ഉയർന്നു. അതോടൊപ്പം ലക്ഷങ്ങൾ വാങ്ങി യുകെയിലേയ്ക്ക് നെഴ്സ്മാരെ എത്തിച്ചുകൊണ്ടിരിക്കുന്ന ഏജൻസികളുടെ പിടിച്ചുപറി NHS ൻ്റെ സമയോന്വിതമായ ഇടപെടലിലൂടെ അവസാനിച്ചു. കൂടാതെ റീലൊക്കേറ്റ് ചെയ്യുന്നതിന് 2000 പൗണ്ട് വരെയും പല NHS ട്രസ്റ്റ്കളും നെഴ്സ്മാർക്ക് കൊടുക്കുന്നുമുണ്ട്. കാലഘട്ടത്തിൻ്റെ ഈ മറ്റത്തിനെ അസൂയാവഹമായി പഴമക്കാർ  കാണുന്നതെന്തിന് ?

പുതുതായി യുകെയിൽ എത്തിയവർ ജോലിയിൽ മുൻകാല പരിചയമില്ലാത്തവരാണ് എന്നതാണ് അടുത്ത ആക്ഷേപം.

ഇവിടെയും സാഹചര്യം രണ്ടാണ്. കേരളത്തിൽ നിന്നോ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നോ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയമുള്ള നെഴ്സുമാരായിരുന്നു ആദ്യ കാലത്ത് യുകെയിൽ എത്തിയവരിൽ ഭൂരിഭാഗവും. പക്ഷേ അവരെല്ലാം തന്നെ യുകെ ജീവിതം ആരംഭിച്ചത് രെജിസ്ട്രേഡ് നെഴ്സ് ആയിട്ടല്ല.   സീനിയർ കെയർ വർക്ക് പെർമിറ്റിൽ യുകെയിലെ നെഴ്സിംഗ് ഹോമുകളിൽ എത്തി കെയറിംഗ് ജോബ് ആണ് ചെയ്തിരുന്നത്. പിന്നീട് ഒരു മെൻ്റെറിൻ്റെ കീഴിൽ  അഡോപ്റ്റേഷൻ പൂർത്തിയാക്കി പിൻ നമ്പർ നേടി രെജിസ്ട്രേഡ് നഴ്സായി ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. ഈ കാലയളവിൽ നെഴ്സിംഗ് ഹോമിൽ നിന്ന് രോഗികളുടെയും അന്തേവാസികളുടെയും മലമൂത്ര വിസർജ്ജനങ്ങളെടുക്കുക, അവരെ കുളിപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, ഷൂ പോളീഷ് ചെയ്യുക, ഭക്ഷണം കൊടുക്കുക തുടങ്ങിയ ആതുരശുശ്രൂഷയുടെ എല്ലാ മേലകളും സ്വായദ്ധമാക്കും. നാട്ടിലെ കടം വീട്ടുക പിൻ നമ്പർ സമ്പാദിക്കുക എന്ന ലക്ഷ്യത്തിന് മുന്നിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മലമൂത്ര വിജർജ്ജനങ്ങളോടുള്ള അറപ്പും വെറുപ്പും എല്ലാം മാറും. (ആദ്യകാല നെഴ്സുമാരുടെ അധികഠിനമായ കഷ്ടപ്പാടിനെ ഒരിക്കലും ചെറുതായി കാണുന്നില്ല). എന്നാൽ ഇപ്പോൾ സ്ഥിതി മാറി. പുതിയ തലമുറയ്ക്ക് ഇതൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. കോവിഡ് കാലത്ത്  യുകെയിൽ നെഴ്സ്മാരുടെ വൻ കുറവ് അനുഭവപ്പെട്ടത് മൂലം NHS ഒരു പാട് ഇളവുകൾ പ്രഖ്യാപിച്ചു. വർഷങ്ങളുടെ പ്രവർത്തിപരിചയമില്ലെങ്കിൽപ്പോലും ആവശ്യമായ ക്വാളിഫിക്കേഷനോടെ നെഴ്സായി തന്നെ നേരിട്ട് ഹോസ്പിറ്റലിലേയ്ക്ക് അവരെ എത്തിക്കുകയാണ് ചെയ്യുന്നത്. യുകെയിലെ ചികിത്സാരീതികൾ മനസ്സിലാക്കി തുടങ്ങുന്നതിന് മുമ്പ് തന്നെ വളരെ ചെറിയൊരു ട്രെയിനിംഗോടു കൂടി കോവിഡ് വാർഡുകളിലേയ്ക്കും മറ്റ് വാർഡുകളിലേയ്ക്കും അവരെ ആയ്ക്കുകയായിരന്നുവെന്ന് ആദ്യകാല നഴ്സുമാർ തന്നെ സമ്മതിക്കുന്നു.

ഇങ്ങനെയുള്ള സാഹചര്യത്തിൽ പത്തിരുപത് വർഷമായി യുകെയിൽ ജോലി ചെയ്യുന്ന നെഴ്സുമാർ പുതുതായി ജോലിക്കെത്തുന്ന നെഴ്സ്മാരിൽ നിന്ന് ഏത് തരത്തിലുള്ള മുൻ പരിചയമാണ് പ്രതീക്ഷിക്കുന്നത്? സഹപ്രവർത്തക എന്ന പരിഗണന കൊടുത്ത് കുറവുകൾ പരിഹരിക്കാൻ സഹകരിക്കുകയല്ലേ വേണ്ടത്?
കുറഞ്ഞത് മലയാളി എന്ന പരിഗണനയെങ്കിലും കൊടുക്കേണ്ടതല്ലേ?
പഴയ മലയാളി നഴ്സുമാർ പറയുന്ന പരിചയക്കുറവിൻ്റെ ഒരു വലിയ പ്രശ്നം ആദ്യ കാലത്ത് അവർക്കുമുണ്ടായിരുന്നു. പരിചയക്കുറവുകളുടെ പിഴവിൽ പ്രാദേശികരായ മേലധികാരികളിൽ നിന്ന് ചെറുതും വലുതുമായ ശിക്ഷാ നടപടികൾ നേരിട്ട പഴയ കാല നഴ്സുമാർ ഇന്നും യുകെയിലുണ്ട്. അന്നൊന്നും ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടില്ല. മലയാളി നഴ്സുമാരുടെ ബാൻ്റ് വളർന്നപ്പോൾ പരസ്പരം ചെളി വാരിയെറിയുന്ന ചിന്താഗതിയും വളർന്നുവെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

നാട്ടിൽ നിന്നും വന്നയുടനെ തന്നെ BMW, ബെൻസ്, ഔഡി തുടങ്ങിയ മുന്തിയ ഇനം കാറുകളും വലിയ വീടുകളും വാങ്ങി വളരെ ലക്ഷ്വറിയായി ജീവിക്കുന്നുവെന്നാണ് അടുത്ത സംസാരം.

സ്വന്തം ജീവിത നിലവാരം കൂടുതൽ ഉയർത്തുക എന്നതാണല്ലോ അന്യ രാജ്യത്ത്  ജോലിക്ക് പോകുന്ന ഭൂരിഭാഗം പേരുടെയും ലക്ഷ്യം. രണ്ടായിരങ്ങളിൽ യുകെയിൽ എത്തിയവർക്കും ലക്ഷ്വറി കാറുകളും വീടുകളും വാങ്ങാനുള്ള സൗകര്യം ഇന്നത്തേക്കാളധികമുണ്ടായിരുന്നു. അന്ന് യുകെയിലെ ബാങ്ക് കളിൽ നിന്ന് പരമാവധി പൗണ്ട് ലോണെടുത്ത് ആദ്യം നാട്ടിലെ കടം വീട്ടി. പിന്നീട്  കൊട്ടാരംപോലെയുള്ള വീടും വെയ്ക്കുകയും ഭൂമികൾ വാരിക്കൂട്ടുകയുമായിരുന്നു അവർ ചെയ്തത്. ഇപ്പോൾ യുകെ സിറ്റിസൺഷിപ്പ് കിട്ടുകയും കുട്ടികൾ യുകെവിട്ട് പോവുകയുമില്ല എന്ന സാഹചര്യം വന്നപ്പോൾ നാട്ടിൽ നിർമ്മിച്ചതും വാങ്ങിക്കൂട്ടിയതുമായ വസ്തുവകകൾ വിറ്റ് പൈസാ വീണ്ടും യുകെയിലെത്തിക്കാനുള്ള തിരക്കിലാണ് പുതിയ നെഴ്സുമാരെ കുറ്റം പറയുന്ന പഴയ മലയാളി നഴ്സുമാർ. മുമ്പ് പറഞ്ഞതുപോലെ സാഹചര്യം ഇവിടെയും മാറി. പുതു തലമുറയ്ക്ക് ഇതിൻ്റെയൊരാവശ്യവും ഇല്ല. തലമുറകളായി സ്വരൂപിച്ച  ധാരാളം പണം നാട്ടിലുണ്ട്. അവർ അതു മായാണ് യുകെയിലേയ്ക്കെത്തുന്നത്. അവരുടെ നാട്ടിലെ ജീവിത സാഹചര്യം യുകെയിലെ ജീവിത സാഹചര്യവുമായി കാര്യമായ വ്യത്യാസങ്ങളില്ല എന്ന് പഴമക്കാർ അംഗീകരിക്കേണ്ടതുണ്ട്.

ജെനറേഷൻ ഗ്യാപ്പ് എന്ന പൊതു വിഷയമാണ് അടുത്ത പ്രധാന പ്രശ്നം.

വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായ മാറ്റം ഒരു വലിയ ഘടകമാണ്. നെഴ്സിംഗ് രംഗത്തായാലും മറ്റേത് മേഘലയിലായാലും. ചുരുങ്ങിയത് 25 വർഷം മുമ്പ് നെഴ്സിംഗ് പഠിച്ച് പുറത്തിറങ്ങിയവരാണ് യുകെയിലെ പഴമക്കാരായ നെഴ്സുമാർ. ഇൻ്റർനെറ്റിൻ്റെയും ഗൂഗുളിൻ്റെയുമൊക്കെ ആരംഭദിശയിലാണ് ഇവർ പഠനം പൂർത്തിയാക്കുന്നത്. 25 വർഷത്തിന് ശേഷമുള്ള ടെക്നോളജിയുടെ വളർച്ച എന്താണെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.! ആദ്യകാലത്ത് യുകെയിലെത്തിയ നെഴ്സുമാർ അവരുടെ താമസ സ്ഥലത്തെത്തി രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തങ്ങൾ സുരക്ഷിതരായിരിക്കുന്നുവെന്ന് പറഞ്ഞ സന്ദേശങ്ങൾ നാട്ടിലുള്ള സ്വന്തം വീട്ടിൽ എത്തുന്നത്. ഇപ്പോൾ വരുന്നവർ നാട്ടിൽ നിന്ന് യാത്ര തുടങ്ങുമ്പോഴെ വീഡിയോക്കോൾ ഓൺ ചെയ്യും. ടെക്നോളജിയെ അവർ ഭംഗിയായി ഉപയോഗിക്കുന്നതിൽ അസൂയപ്പെട്ടിട്ട് എന്ത് കാര്യം? മലയാളം മീഡിയത്തിൽ പത്താം ക്ലാസ് കടന്നു കൂടിയവരാണ് ഭൂരിഭാഗം പഴമക്കാരും. പുതിയ തലമുറLKG, UKG, ഇംഗ്ലീഷ് മീഡിയത്തിൽ കൂടി സഞ്ചരിച്ചവരും. ശാസ്ത്രത്തിൻ്റെ വേഗത്തിലുള്ള വളർച്ചയും വിദ്യാഭ്യാസ രീതിയിലുള്ള പുരോഗമനപരമായ മാറ്റങ്ങളും “ജനറേഷൻ ഗ്യാപ്പ് ” എന്ന വാക്കിനെ സൃഷ്ടിച്ചു. ഈ വിഷയങ്ങളൊക്കെ പുതിയ തലമുറയുടെ കഴിവുകൾ അളക്കുവാനുള്ള അളവുകോലായി എടുക്കാൻ പാടില്ല.

പഴമക്കാർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ന്യൂ ജനറേഷന് പ്ലാൻ B ഉണ്ട്. പല രാജ്യങ്ങൾ ഇനിയും അവരുടെ മുമ്പിലുണ്ട്. യുകെയിൽ പുതുതായി എത്തിയവരിൽ പലരും ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നും പൊതുവേ സംസാരമുണ്ട്.

പുതുതായി എത്തിയ മലയാളി നെഴ്സുമാരെ പ്രാദേശീകരുടെ മുമ്പിൽ ചെളി വാരിതേയ്ക്കാൻ ചില വില കുറഞ്ഞ ഓൺലൈൻ പത്രങ്ങൾ ശ്രമിക്കുന്നു എന്നത് വസ്തുതാപരമായ കാര്യമാണ്.  കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നതും അതുതന്നെയാണ്. അവർക്ക് ചില നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ട് എന്നതിൽ തെല്ലും സംശയമില്ല. ആയിരങ്ങൾ വരുമ്പോൾ അതിൽ ചില പിഴവുകൾ സംഭവിക്കുക സ്വാഭാവികമാണ്. ആ പിഴവുകൾക്ക് അനാവശ്യ വ്യാഖ്യാനങ്ങൾ കൊടുത്ത്, റീഡർഷിപ്പ് വർദ്ധിപ്പിക്കാൻ വേണ്ടി ഒരു കമ്മ്യൂണിറ്റിയെ മുഴുവനായി തകർത്ത് ഭാവിയിലേയ്ക്കുള്ള അവരുടെ ജോലി സാധ്യതകളെ ഇല്ലാതാക്കുന്ന ഈ പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്.

മാഞ്ചെസ്റ്ററിൽ  ഒരു മലയാളി നെഴ്സിന് തെറ്റ് സംഭവിച്ചപ്പോൾ പുതുതായി വന്ന എല്ലാ നെഴ്സ്മാരെയും അടച്ചാക്ഷേപിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. ഒറ്റപ്പെട്ടുണ്ടാകുന്ന സംഭവങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്ത് ഇന്ത്യൻ നഴ്സുമാരെ അടച്ചാക്ഷേപിക്കുമ്പോൾ ഭാവി കുടിയേറ്റത്തെ അത് സാരമായി ബാധിക്കും. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ ഈ രാജ്യത്ത് വ്യക്തമായ നിയ്മ വ്യവസ്ഥയുണ്ട്.

യുകെയിൽ ജീവിതം സുരക്ഷിതമായവർ പുതു തലമുറയുടെ ആത്മവിശ്വാസത്തെ തളർത്താതെ അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വമാണുള്ളത്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും വ്യത്യസ്ഥമായ ഗുണഗണങ്ങൾ ഉണ്ട്. വിഘടിച്ച് നിൽക്കാതെ പരസ്പര പൂരകങ്ങളായി പ്രവർക്കുകയാണ് അഭികാമ്യം.

പുതുതലമുറയോട്…. ആദ്യകാലങ്ങളിൽ വന്ന മലയാളി നഴ്സുമാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും രോഗികളോട്‌ ഉള്ള സഹാനുഭൂതിയും അനുകമ്പയും ഒക്കെയാണ് NHS സിനെ കേരളമെന്ന നാടിനെയും അവിടുത്തെ നഴ്സുമാരെയും അറിയാൻ ഇടവരുത്തിയത് എന്ന കാര്യം മറക്കരുത്. അല്ലാതെ എല്ലാം തങ്ങളുടെ കഴിവാണ് എന്ന് കരുതുന്നത് അപക്വമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.