ഇറ്റലി വൈറ്റ് സോണിലേക്ക്. ഒരെണ്ണം ഒഴികെ രാജ്യത്തെ എല്ലാ റീജിയനുകളും വൈറ്റ് സോണിലായി. സാഹചര്യങ്ങൾ അനുകൂലമായതോടെ തിങ്കൾ മുതൽ രാത്രികാല കോവിഡ് കർഫ്യൂ പുർണമായി ഒഴിവാക്കുകയും ചെയ്തു. രാജ്യത്തിന്റെ വടക്കേ അറ്റത്ത് ഫ്രാൻസുമായും സ്വിറ്റ്സർലൻഡുമായും അതിർത്തി പങ്കിടുന്ന വാലെ ദി അയോസ്റ്റ മാത്രമാണ് മിതമായ അപകട സാധ്യതയുള്ള യെല്ലോ സോണിൽ തുടരുന്നത്.

28 ന് ഈ പ്രദേശം കൂടി വൈറ്റ്സോണിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. ഒരു റീജിയനിലെ ഒരുലക്ഷം പ്രദേശവാസികൾക്കിടയിൽ തുടർച്ചയായ മൂന്ന് ആഴ്ചകളിൽ അമ്പതിൽതാഴെ പുതിയ കോവിഡ് 19 കേസുകൾ റജിസ്റ്റർ ചെയ്താലാണ് ഒരു റീജിയൻ, ഒട്ടും അപകട സാധ്യതയില്ലാത്ത വൈറ്റ്സോണിലേയ്ക്ക് മാറുക. സാമൂഹിക അകലവും മാസ്ക് ധരിക്കലും വൈറ്റ്സോൺ റീജിയനുകളിലും കർശനമായി പാലിക്കപ്പെടേണ്ടതുണ്ട്.

ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകളനുസരിച്ച് ഞായറാഴ്ച 17 മരണങ്ങൾ മാത്രമാണ് റിപ്പോൾട്ടു ചെയ്തത്. ഇറ്റലിയിൽ 2020 ഒക്‌ടോബർ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് കുറയുന്ന സാഹചര്യത്തിൽ, ഏറ്റവും അപകട സാധ്യതയുള്ള റെഡ് സോണിലും ഇടത്തരം അപകട സാധ്യതയുള്ള ഓറഞ്ച് സോണിലും ഇറ്റലിയിലെ ഒരു റീജിയനും ഉൾപ്പെടുന്നില്ല എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.