ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ജെറമി ഹണ്ട് അവതരിപ്പിച്ച ബഡ്ജറ്റിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും അടുത്ത പൊതു തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ളതായിരുന്നു. പരിമിതികൾക്ക് ഉള്ളിൽ നിന്നു കൊണ്ട് സാധ്യമായ രീതിയിൽ ബഡ്ജറ്റിനെ ജനപ്രിയമാക്കാൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു. നേരത്തെ പ്രവചിച്ചിരുന്നത് പോലെ ദേശീയ ഇൻഷുറൻസ് വീണ്ടും വെട്ടി കുറച്ചതാണ് എടുത്തു പറയേണ്ട കാര്യം.

ദേശീയ ഇൻഷുറൻസിൽ 2 p യുടെ വെട്ടി കുറവാണ് വരുത്തിയിരിക്കുന്നത്. ഇത് നികുതി സമ്പ്രദായം മികച്ചതാക്കുമെന്നും യുകെ സമ്പദ് വ്യവസ്ഥയെ പുനർജീവിപ്പിക്കാൻ സഹായിക്കുമെന്നും ചാൻസിലർ പറഞ്ഞു. ജീവനക്കാർ നൽകുന്ന നിരക്ക് 10 ശതമാനത്തിൽ നിന്ന് എട്ട് ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവരുടേത് എട്ട് ശതമാനത്തിൽ നിന്ന് 6% ആയും ആണ് കുറച്ചിരിക്കുന്നത്.

കുട്ടികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള ആദായ പരുധി ഉയർത്തി. പ്രതിവർഷം 60000 പൗണ്ട് വരെ സമ്പാദിക്കുന്ന ആളുകൾക്ക് ഏപ്രിൽ മുതൽ ചൈൽഡ് ബെനിഫിറ്റ് പൂർണ്ണമായും ലഭിക്കും. 80,000 പൗണ്ട് സമ്പാദിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യം ലഭിക്കുമെന്നാണ് ബഡ്ജറ്റിൽ പറയുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കാണ് ചൈൽഡ് ബെനിഫിറ്റിൻ്റെ ആനുകൂല്യം ലഭിക്കുന്നത്. എന്നിരുന്നാലും 20 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും അവർ ഏതെങ്കിലും രീതിയിൽ വിദ്യാർത്ഥികളോ പരിശീലനത്തിന്റെ ഭാഗമായോ പ്രവർത്തിക്കുന്നവരാണെങ്കിൽ ഈ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കും. ഏകദേശം 170, 000 കുടുംബങ്ങൾക്ക് ഇതിൻറെ ആനുകൂല്യം ലഭിക്കും.

ബഡ്ജറ്റിനോട് സമ്മിശ്ര പ്രതികരണമാണ് യുകെ മലയാളികളിൽ പലരും നടത്തിയത്. മിക്കവരും ദേശീയ ഇൻഷുറൻസ് വെട്ടി കുറച്ചതിനെ സ്വാഗതം ചെയ്തപ്പോഴും നികുതി നിരക്കുകൾ കുറയ്ക്കാത്തത് കടുത്ത പ്രതിസന്ധിയാണ് ജീവിത ചിലവുകളിൽ വരുത്തുകയെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവ് മൂലം ബുദ്ധിമുട്ടുന്ന സാധാരണ ജോലിക്കാർക്ക് എത്രമാത്രം പ്രയോജനം ബഡ്ജറ്റിലൂടെ ലഭിക്കും എന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചു. മിക്ക മലയാളി കുടുംബങ്ങളിലും കുട്ടികളുടെ പ്രായം 16 വയസ്സിൽ താഴെയായത് കാരണം ചൈൽഡ് ബെനിഫിറ്റിൻ്റെ ആനുകൂല്യം ഒട്ടുമിക്ക മലയാളി കുടുംബങ്ങൾക്കും അനുഗ്രഹമാകും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. എന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാന പരുധി നിശ്ചയിച്ചതിൽ അസന്തുലിതാവസ്ഥയുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതായത് പ്രതിവർഷം ഏതെങ്കിലും ഒരു പങ്കാളി 50,000 പൗണ്ട് കൂടുതൽ സമ്പാദിക്കുകയാണെങ്കിൽ ആ കുടുംബത്തിൻറെ ചൈൽഡ് ബെനിഫിറ്റ് ക്രമേണ ഇല്ലാതാകും. എന്നാൽ പ്രതിവർഷം 50,000 പൗണ്ട് കുറവ് ഓരോരുത്തരും സമ്പാദിക്കുന്ന മാതാപിതാക്കൾക്ക് കുട്ടികളുടെ ആനുകൂല്യം മുഴുവനായും ലഭിക്കുകയും ചെയ്യും.

യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യമേഖലയിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ എൻഎച്ച്എസ് നവീകരണത്തിനായുള്ള ബഡ്ജറ്റ് പ്രഖ്യാപനം പൂർണ്ണ മനസ്സോടെയാണ് മലയാളികൾ സ്വാഗതം ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ എൻ എച്ച് എസിൽ ഒട്ടേറെ പുതിയ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ പണം അനുവദിച്ചിരിക്കുന്നത്. എൻ എച്ച് എസ് ജീവനക്കാരുടെ ക്ഷേമവും രോഗികളുടെ കാത്തിരിപ്പ് സമയവും നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഒരു പരുധിവരെ തരണം ചെയ്യാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.