കേരള കോൺഗ്രസ്(എം) അധികാര തർക്ക കേസിൽ ജോസ്. കെ. മാണിക്ക് കനത്ത തിരിച്ചടി. ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) ചെയർമാൻ അല്ലെന്നു കട്ടപ്പന സബ് കോടതി വിധി. കേരള കോൺഗ്രസ്(എം)ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തതിനെതിരെയുള്ള വിലക്ക് തുടരും. ചെയർമാന്റെ അധികാരം തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവച്ചു.

ഇടുക്കി മുൻസിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി സമർപ്പിച്ച അപ്പീലും സബ് കോടതി തള്ളി. ഇടുക്കി മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. അന്തിമ വിധിക്കായി ഇടുക്കി മുൻസിഫ് കോടതിയിൽ ഈ മാസം 22 ന് കേസിൽ തുടർന്നുള്ള വാദം ആരംഭിക്കും.

ജൂണിലാണ് ജോസ് കെ. മാണി വിഭാഗം വിളിച്ചുചേർത്ത കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി യോഗം അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. സംസ്ഥാന സമിതിയിൽ 437 അംഗങ്ങളിൽ 312 പേരും പങ്കെടുത്ത യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. എന്നാൽ 10 ദിവസം മുൻപു നോട്ടിസ് നൽകാതെ വിളിച്ചുചേർത്ത യോഗം നിയമപരമായി നിലനിൽക്കില്ലെന്നും ചട്ടം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ആരോപിച്ച് ജോസഫ്‌ വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽ ഹർജി സമീപിച്ചിരുന്നു.

ചെയർമാൻ തിരഞ്ഞെടുപ്പ് ഇതോടെ ഇടുക്കി മുൻസിഫ് കോടതി സ്റ്റേ ചെയ്തു. എന്നാൽ കേരള കോൺഗ്രസ്(എം) ചെയർമാനായി ജോസ്.കെ.മാണി പ്രവർത്തിക്കുന്നതിന് എതിരെ പി.ജെ.ജോസഫ് വിഭാഗം സമ്പാദിച്ച സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ്‌കോടതിയിൽ ജോസ് കെ.മാണിയും കെ. ഐ. ആന്റണിയുമാണ് അപ്പീൽ നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി ജോസ് കെ. മാണിക്കെതിരെ വിധി പറഞ്ഞിരിക്കുന്നത്.