ജോസ്‌ന സാബു സെബാസ്റ്റ്യൻ

പ യുടെ അടിയിൽ ന കിടന്നാൽ എന്ത് സംഭവിക്കും ?
പപ്പു മിന്നാരത്തിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . അപ്പോൾ ആ കുട്ടി പറയും നാ ആ പായെല്ലാം വൃത്തികേടാക്കില്ലെന്ന് ….അതെ ചില പേരുകൾ ,ചില അക്ഷരങ്ങളൊക്കെ നമ്മളെ ആകെ മൊത്തം മെനകേടാക്കും …..

ഇവിടെ പാശ്ചാത്യ നാടുകളിലൊക്കെ ഇന്ത്യക്കാർ എന്ന് പറഞ്ഞാൽ അവരുടെ വിചാരം എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നാണ്. പിന്നെ അവരെ വിശദമായി പറഞ്ഞു മനസിലാക്കി കൊടുക്കണം , ബ്രിട്ടനിൽ ജനിച്ചവരെ നമ്മൾ ബ്രിട്ടീഷുകാർ എന്ന് വിളിക്കുന്നത് പോലെ തന്നെ ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ എന്നത് ഞങ്ങളുടെ ഒരു കോമൺ പേരു മാത്രമാണെന്നും ആ ഞങ്ങളിൽ തന്നെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി, സിക്ക് മാത്രമല്ല ജ്യൂവിഷ് അങ്ങനെ പലരുമുണ്ടെന്നുമൊക്കെ…. പക്ഷെ ഇങ്ങനെയൊക്കെ എത്രപേരെ നമുക്ക് പറഞ്ഞു മനസിലാക്കാൻ പറ്റും ?

കാരണം മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു അവർ അവരുടെ നാടിന് പേരിടുന്നത് ഭാഷ, മതം,വംശം, എന്നിങ്ങനെയുള്ള പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയാണ് . പക്ഷെ നമ്മളെ സംബന്ധിച്ചു നമ്മളൊരു 50 കിലോമീറ്ററിനുള്ളിൽ ഒന്ന് കാർ ഓടിച്ചാൽ തന്നെ , നമുക്ക് വ്യത്യസ്തമായ ആളുകളെ കാണാം….
വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്നവരെ കാണാം ….
വ്യത്യസ്തമായി ഭക്ഷണം കഴിക്കുന്നവരെ കാണാം ….
വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരെ കാണാം ….അങ്ങനെ നമുക്കിവിടെ എല്ലാം എല്ലാം വ്യത്യസ്തമാണ്.
അതെ ഞങ്ങൾ വ്യത്യസ്ത ആളുകളാണ്, പക്ഷേ ഞങ്ങളിവിടെ ഒത്തൊരുമിച്ചു സന്തോഷമായിരിക്കുന്നു ….
അതാണ് നമ്മുടെ നാടിന്റെ സ്വഭാവം. അതാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.
പക്ഷെ ഇതൊന്നും അറിയാതെ യൂറോപ്യന്മാർ ഇവിടെ വന്നപ്പോൾ, ഇതെങ്ങനെ ശരിയാകുമെന്നോർത്തു അവർക്ക് തോന്നിയ ഒരു പേരിട്ടു കടന്നു പോയി …എങ്കിലും നമുക്കിന്നും പലയിടത്തും ഭാരതീയ റിസേർവ് ബാങ്ക് , ഭാരതീയ ജനത പാർട്ടി അങ്ങനെ പലതും ഇന്നും കാണാം ….

അതുപോലെ ബൈബിളിൽ തന്നെ പലയിടത്തും വ്യക്തികളുടെ പേര് മാറ്റുകയോ പുതിയ വിളിപ്പേര് നൽകുകയോ ഒക്കെ ചെയ്തതായും അങ്ങനെ പുനർനാമകരണം ചെയ്യപ്പെട്ട ആളുകളിൽ ഒരു പരിവർത്തനം നടന്നതായുമൊക്കെയുള്ള നിരവധി കഥകൾ ബൈബിളിലുണ്ട്. ..

ഉദാഹരണത്തിന് ഈശോയുടെ അമ്മയായ മറിയത്തോട് നിനക്കൊരു പുത്രൻ ജനിക്കുമെന്നും അവന് നീ ഈശോയെന്ന് പേരിടണമെന്നും പറയുന്നു , ദൈവത്തെ സംശയിച്ചതിലൂടെ ശബ്ദമില്ലാതെ ജീവിച്ച സക്കറിയക്ക്‌ പിന്നീട് അവന്റെ മകൻ ജനിച്ചപ്പോൾ മകന്റെ പേര് ജോൺ എന്നാണ് എന്ന് എഴുതികാണിച്ചു പ്രഖ്യാപിച്ചപ്പോൾ, അയാൾക്ക് അവന്റെ ശബ്ദം തിരികെ ലഭിച്ചുവെന്ന് പറയപ്പെടുന്നു …..

അത് പോലെത്തന്നെ അബ്രാഹാമിന് അവന് 99 വയസ്സുള്ളപ്പോഴാണ് അവന്റെ അബ്രാമെന്ന പേര് മാറ്റി എബ്രഹാം എന്നാക്കിമാറ്റിയത്‌ ….സാറായി,സാറയായി മാറി, വാഗ്‌ദത്ത ദേശം കണ്ടെത്തുന്നതിൽ ഒറ്റുകാരെ നയിക്കാനുള്ള ഹോശേയന്റെ ദൗത്യം കൊടുത്തപ്പോൾ പിന്നീട് അവന്റെ പേര് മാറ്റി ജോഷ്വ എന്നാക്കി ഫലം കണ്ടതായും പറയപ്പെടുന്നു…. കൂടാതെ ഒരു രാത്രിയിലെ ദൈവവുമായുള്ള ഗുസ്തിക്ക് ശേഷം, യാക്കോബിന്റെ പേര് മാറ്റി ഇസ്രായേൽ എന്നാക്കി മാറ്റിയതും സോളമൻ പിന്നീട് ജെദീയായും മാറിയതുമൊക്കെ ഉള്ളത് തന്നെയാണ് ….

അത് പോലെത്തന്നെ യേശുതന്റെ ശിഷ്യനായിരുന്ന സൈമണിന്റെ (“കേൾക്കുന്നവൻ” എന്നർത്ഥം) പേര് മാറ്റി പീറ്റർ ( “പാറ” ) പുതിയ പേര് പത്രോസിനു നൽകിയപ്പോൾ വളരെ വിചിത്രമായി തോന്നുകയും, പിന്നീടവൻ ഭൂമിയിൽ മുഴുവൻ വളരുകയുമാണ് ചെയ്തത് …..

ഇങ്ങനത്തെ പേരിടൽ പെരുമാറ്റ ചടങ്ങുകൾ പലമതത്തിലും , സിനിമാലോകത്തുമൊക്കെനിറഞ്ഞു കാണാവുന്നതാണ് …

അതെ നമ്മൾ അധികമൊന്നും ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് വാക്കുകളുടെ അല്ലെങ്കിൽ പേരുകളുടെയൊക്കെ പവർ . ഇന്ത്യ എന്ന പേരിലെന്താണിത്ര കുഴപ്പം …ഒരു കുഴപ്പവിമില്ല , നല്ല പേര് . എന്റെ രണ്ടു ബ്രിട്ടീഷ് കൂട്ടുകാരികളുടെ പേര് ഇന്ത്യയെന്നാണ് . അവരുടെ ഗ്രാൻഡ്‌പേരെന്റ്സ് ഇന്ത്യ വിസിറ്റ്‌ ചെയ്തതിന് ശേഷം ഇന്ത്യയോടുള്ള ഇഷ്ടത്തിന്റെ പുറത്തിട്ടതാണ് ആ പേരുകൾ …..

പക്ഷെ ഇന്ത്യ “ഇന്ത്യൻസ്‌ “എന്ന പദത്തിൽ പലോടത്തും ഒരു അടിമത്വം മണക്കുന്നുണ്ട് . ഇന്ത്യൻസ് എന്ന് പറഞ്ഞാൽ തന്നെ അപരിഷ്കൃതരായിട്ടുള്ള അതായത് പരിഷ്‌കാരം ഇല്ലാത്ത ഒരു പറ്റം ആളുകൾ എന്നാണ് അർഥം….
ഉദാഹരണങ്ങൾ ഏറെയുണ്ട് …
റെഡ് ഇന്ത്യൻസ് , വെസ്റ്റ് ഇന്ത്യൻസ് ഇതിലോക്കെ ഒരു അടിമത്വത്തിന്റെ മണം പകരുന്നുണ്ട് …..

പേര് അല്ലെങ്കിൽ സൗണ്ട് അത് ഒരു എനർജി ആണ് . അത് മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ ഉള്ള ആ വൈബ്രേഷൻ, അതിന് നമ്മളെ പലതരത്തിൽ ഉയർത്താനും താഴ്ത്താനും കഴിവുണ്ട് ….
എന്നും പറഞ്ഞു ഇന്ന് പേര് മാറ്റി നാളെമുതൽ നമ്മളെല്ലാം ഭയങ്കര സംഭവമാകുമെന്ന് ഓർക്കേണ്ട ….അതിന് സമയമെടുക്കും … അത് കാണാൻ ചിലപ്പോൾ നമ്മൾ ഇവിടുണ്ടാകണമെന്നില്ല ….നമ്മുടെ മക്കളുടെ മക്കൾക്കായിരിക്കും ഗുണം ചെയ്യുക …..
എന്നാലും “ഇന്ത്യ”എന്ന പേരാണ് എനിക്കേറെയിഷ്ടം