ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തന്റെ സഹപ്രവർത്തകനായ ഒരു ജീവനക്കാരി നിയമവിരുദ്ധമായി ബോണസ് നേടിയെന്ന് കമ്പനിയെ അറിയിച്ചതിനെ തുടർന്ന് വിവിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന ജീവനക്കാരിക്ക് അനുകൂലമായി കോടതിവിധി. കാം ജൂതി എന്ന വനിതാ ജീവനക്കാരിയുടെ ജീവിതം റോയൽ മെയിൽ കമ്പനി നശിപ്പിച്ചതായി കോടതി ആരോപിച്ചു. അസാധാരണമായ ഒരു വിധിന്യായത്തിൽ, തപാൽ സേവന കമ്പനിയായ റോയൽ മെയിലിന് മാന്യതയുണ്ടെങ്കിൽ കാം ജൂതിക്ക് 100,000 പൗണ്ടിൽ കൂടുതൽ നഷ്ടപരിഹാരമായി വേഗത്തിൽ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ഒരു സഹപ്രവർത്തകൻ തന്റെ ബോണസ് നിയമവിരുദ്ധമായി നേടിയെന്ന ആശങ്ക ഉന്നയിച്ചതിന് ശേഷം മീഡിയ സ്പെഷ്യലിസ്റ്റായ ജൂതിയെ അവളുടെ ബോസ് മൈക്ക് വിഡ്മർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. പിന്നീട് അവളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ ഇത് മൂലം അവൾക്ക് കഠിനമായ വിഷാദവും, പോസ്റ്റ് ട്രോമാറ്റിക്സ് സ്‌ട്രെസ്സ് ഡിസോഡർ ബാധിക്കുകയും ആരോഗ്യം വളരെ മോശമായ രീതിയിൽ എത്തുകയും ചെയ്തതായി കോടതി വിലയിരുത്തി.

2013 സെപ്റ്റംബറിലാണ് ലണ്ടനിലെ റോയൽ മെയിലിന്റെ മാർക്കറ്റ് റീച്ച് യൂണിറ്റിൽ പ്രതിവർഷം 50,000 പൗണ്ട് ശമ്പളത്തിന് മീഡിയ സ്‌പെഷ്യലിസ്റ്റായി ജൂതി ജോലി ആരംഭിച്ചത്. അടുത്ത മാസം ഒരു സഹപ്രവർത്തകൻ കമ്പനിയുടെ നയം ലംഘിക്കുകയും നിയമവിരുദ്ധമായി ബോണസ് നേടുകയും ഈ പ്രവർത്തിയെ പരോക്ഷമായി തലവനായിരുന്ന വിഡ്‌മേഴ്‌സ് സുരക്ഷിതമാക്കുകയും ചെയ്തതായി അവൾ കണ്ടെത്തി. ഇത് റിപ്പോർട്ട് ചെയ്തതോടെയാണ് തന്റെ ജീവിതത്തിൽ പ്രതിസന്ധികൾ ആരംഭിച്ചതെന്ന് ജൂതി പറഞ്ഞു. പിന്നീട് നിരവധി തവണ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും അവസാനം തന്നെ കമ്പനിയിൽനിന്ന് പുറത്താക്കുന്ന സാഹചര്യത്തിൽ എത്തിയതായും അവർ വ്യക്തമാക്കി. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഈ പ്രവർത്തിയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഒരു ജീവനക്കാരിയുടെ ജീവിതമാണ് കമ്പനി മൂലം ഇല്ലാതായതെന്നും കോടതി വ്യക്തമാക്കി. അതിനാൽ തന്നെ ആവശ്യമായ നഷ്ടപരിഹാര തുക ഉടൻ തന്നെ നൽകണമെന്നും കോടതി നിർദേശിച്ചു.