ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ മാസം ജൂനിയർ ഡോക്ടർമാർ 5 ദിവസം സമരം നടത്തുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ഫെബ്രുവരി 24 മുതൽ 28 വരെയുള്ള 5 ദിവസങ്ങളിലാണ് ശമ്പള വർദ്ധനവിനായി പണിമുടക്ക് നടക്കുന്നത്. യൂണിയൻറെ ഭാഗത്തുനിന്നും 35 ശതമാനം ശമ്പള വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ നിർദ്ദേശം സർക്കാർ നിരസിച്ചിരുന്നു.

സമരത്തെ തുടർന്ന് വ്യാപകമായി എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ സേവനങ്ങൾ റദ്ദാക്കപ്പെടും. ന്യായമായ ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾക്ക് തയ്യാറാണെന്നാണ് സർക്കാർ നൽകുന്ന സൂചന. കഴിഞ്ഞ വർഷം 9 % ശമ്പള വർദ്ധനവ് ജൂനിയർ ഡോക്ടർമാർക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ 3 % കൂടെ അധികമായി നൽകാനും കഴിഞ്ഞവർഷം അവസാന നടന്ന ചർച്ചകളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും സമമായ നീക്കമായി നിർദേശം മുന്നോട്ട് വച്ചിരുന്നു. എന്നാൽ പരസ്പര ധാരണയിലെത്താത്ത ആ ചർച്ചകൾ അലസി പിരിയുകയായിരുന്നു.

പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി ശമ്പള വർദ്ധനവ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ബി എം എ യെ പ്രതിനിധീകരിച്ച് ജൂനിയർ ഡോക്ടേഴ്സ് കമ്മിറ്റി ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസും ഡോ. വിവേക് ത്രിവേദിയും പറഞ്ഞു. പണപ്പെരുപ്പം കണക്കാക്കിയാൽ നിലവിലെ ശമ്പളം 2008 ലേതിനെക്കാൾ താഴെയാണെന്നാണ് യൂണിയൻ വാദിക്കുന്നത്.

ഡോക്ടർമാരുടെ സമരം എൻഎച്ച്എസ്സിന്റെ പ്രവർത്തനത്തെ അടിമുടി ബാധിക്കുമെന്നത് ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. 2023 മാർച്ച് മാസത്തിനുശേഷം ഡോക്ടർമാർ നടത്തുന്ന പത്താമത്തെ പണിമുടക്കാണിത്. കഴിഞ്ഞമാസം ജനുവരിയിൽ 6 ദിവസത്തെ പണിമുടക്ക് ഡോക്ടർമാർ നടത്തിയിരുന്നു. ഒരു ലക്ഷത്തോളം അപ്പോയിന്റ്മെന്റ്കൾ ആണ് കഴിഞ്ഞ പണിമുടക്കിന്റെ ഭാഗമായി മുടങ്ങിയത്. നേഴ്സുമാർ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ ജീവനക്കാർ 2022 മുതൽ നടത്തിയ വിവിധ പണിമുടക്കുകളിലായി 1.2 ദശലക്ഷത്തിലധികം മെഡിക്കൽ അപ്പോയിന്റ്മെൻ്റുകൾ മുടങ്ങിയതായാണ് കണക്കാക്കിയിരിക്കുന്നത്.