സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകിയെന്ന കേസിൽ അറസ്റ്റിലായ പി.രേഷ്മ അഭിഭാഷകൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ രേഷ്മ ഞായറാഴ്ച വൈകിട്ടോടെയാണ് വിശദമായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചത്.

പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണെന്നും രേഷ്മ പരാതിയിൽ പറയുന്നു.

22ന് വൈകിട്ട് നാലരയോടെ മാഹി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സംഘം അണ്ടല്ലൂരിലെ വീട്ടിലെത്തുമ്പോൾ വനിതാ പൊലീസ് ഒപ്പമില്ലായിരുന്നു. തന്റെയും മകളുടെയും ഫോൺ വാങ്ങിക്കൊണ്ടുപോയ പൊലീസ് പിറ്റേന്നു രാവിലെ 9ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. രാവിലെ 9 മുതൽ രാത്രി 10.30വരെ സ്റ്റേഷനിൽ തടഞ്ഞുവച്ചെന്നും സ്ത്രീയെന്ന പരിഗണനപോലും നൽകിയില്ലെന്നും ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അഭിഭാഷകനുമായോ വീട്ടുകാരുമായോ സ്കൂൾ അധികൃതരുമായോ ബന്ധപ്പെടാൻ അനുവദിച്ചില്ല. തനിക്കെതിരെയുള്ളത് സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റാരോപണമായിട്ടുപോലും ജാമ്യം നൽകാതെ പകൽ മുഴുവൻ തടഞ്ഞുവച്ച് അർധരാത്രിയോടെയാണ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയത്.

വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബിനുമോഹൻ തന്നെ അപമാനിക്കുകയും അശ്ലീലവാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ അശ്ലീലവാക്കുകൾ ചില പ്രാദേശിക മാധ്യമങ്ങൾ അതേപടി ഉപയോഗിച്ചു. ഇതെല്ലാം തനിക്കു വലിയതോതിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുള്ളിൽ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനകളോ അവകാശങ്ങളോ തനിക്കു ലഭിച്ചില്ല.

സദാ പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമായിട്ടുപോലും മുഖ്യമന്ത്രിയുടെ വീടിനു സമീപത്തെ വീട് ആക്രമിക്കുകയും ബോംബ് എറിയുകയും ചെയ്തു. വീട്ടിലേക്കു സ്റ്റീൽ ബോംബ് എറിഞ്ഞതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു. ജനൽചില്ലുകൾ തകർന്നു. വീട്ടുപകരണങ്ങൾക്കും കേടു പറ്റി. കസേരകളും മറ്റും വലിച്ചെറിഞ്ഞ് കിണർ മലിനമാക്കുകയും ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറി മുതലുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം തുടങ്ങിയതെന്നും പിന്നീട് ഉത്തരവാദിത്തപ്പെട്ട ഒട്ടേറെ നേതാക്കളും സിപിഎം ജനപ്രതിനിധികളും ആക്രമണം ഏറ്റെടുത്തുവെന്നും പരാതിയിൽ പറയുന്നു. എം.വി.ജയരാജൻ, കാരായി രാജൻ, ബൈജു നങ്ങരാത്ത്, നിധീഷ് ചെല്ലത്ത് തുടങ്ങിയ നേതാക്കളാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനു തുടക്കമിട്ടതെന്നും രേഷ്മ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ മോശമായി ഉപയോഗിച്ചു. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പൊലീസ് സ്റ്റേഷനിൽ നിന്നാണ് പുറത്തായതെന്നു സംശയിക്കുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണ്. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. തന്റെയും മകളുടെയും അമ്മയുടെയും ഫോണുകൾ മാഹി പൊലീസ് സ്റ്റേഷനിലാണ്. ഈ ഫോണുകളിൽ ഞങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളുമുണ്ട്. പ്രായപൂർത്തിയാകാത്ത മകളുടെ ഫോണും ഇത്തരത്തിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത് അവളെ വലിയ മാനസിക സമ്മർദത്തിലാക്കിയിട്ടുണ്ട്.

മകൾക്ക് പഠനാവശ്യത്തിന് ഈ ഫോൺ ആവശ്യമായ ഘട്ടത്തിലാണ് പൊലീസ് അനധികൃതമായി ഫോൺ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കു ലഭിക്കേണ്ട സ്വാഭാവിക നീതി തടഞ്ഞവർക്കെതിരെയും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട ചട്ടങ്ങൾ പാലിക്കാതിരുന്ന ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും രേഷ്മ പരാതിയിൽ ആവശ്യപ്പെടുന്നു. അങ്ങയുടെ അയൽവാസികൂടിയായ തനിക്കും തന്റെ കുടുംബത്തിനുമെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.