തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ തന്നെ മനപ്പൂർവ്വം കുരുക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവൈ.എസ്‌പി റസ്റ്റം അടക്കമുള്ളവരുടെ പേരുകൾ എടുത്തു പറഞ്ഞു കൊണ്ട് ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനക്ക് അനുസരിച്ച് തന്നെ കള്ളക്കേസിൽ കുടുക്കാൻ ഡിവൈ.എസ്‌പി റസ്റ്റം പ്രവർത്തിച്ചെന്നാണ് സുധാകരന്റെ ആറോപണം.

ലോക്സഭാ സ്പീക്കർക്ക് പുറമേ പാർലമെന്റ് എത്തിക്സ് കമ്മിറ്റി, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ സിപിഎമ്മിന്റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തന്നെ പ്രതിചേർത്തുള്ള കള്ളക്കേസെന്ന് സുധാകരൻ ചൂണ്ടിക്കാട്ടുന്നു.

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയും പോക്‌സോ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത മോൺസൺ മാവുങ്കൽ വിയ്യൂർ ജയിൽ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോക്സോ സെക്ഷൻ കോടതിയിൽ നൽകിയ പരാതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി. മാവുങ്കലിനെ പോക്‌സോ കോടതി ശിക്ഷിച്ച ജൂൺ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോൺസൺ മാവുങ്കലിനെ കൊണ്ടുപോയത്.

മാധ്യമപ്രവർത്തകരുടെ സാന്നിധ്യമുള്ളതിനാലാണ് തന്റെ വണ്ടിയിൽ കൊണ്ടുപോകുന്നത് എന്നാണ് റസ്റ്റം ജയിൽ എസ്‌കോർട്ട് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. യാത്രാമധ്യേ ഡിവൈ.എസ്‌പി അദ്ദേഹത്തിന്റെ ഓഫിസിൽ മോൺസണ് കഴിക്കാനുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ വണ്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അതു നിരസിക്കുകയും ഹോട്ടലിൽനിന്നും കഴിക്കാനുള്ള പണം ജയിലിൽനിന്ന് നൽകിയതായി ഡിവൈ.എസ്‌പിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഡിവൈ.എസ്‌പി മാധ്യമപ്രവർത്തകരുടെ കാര്യം ഓർമിപ്പിച്ച് വീണ്ടും നിർബന്ധിച്ചതായും മോൺസൺ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതു നടക്കാതെ വന്നപ്പോൾ കളമേശേരി ക്രൈംബ്രാഞ്ച് ഓഫിസിന് സമീപത്തുള്ള പെട്രോൾ പമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിറുത്തി പുറത്തിറങ്ങിയ ഡിവൈ.എസ്‌പി ആരോടോ ഫോണിൽ സംസാരിച്ച ശേഷം തിരികെ വന്ന് തനിക്കെതിരെ രണ്ട് മൊഴികൾ എഴുതിനൽകണമെന്ന് ഭീക്ഷണിപ്പെടുത്തി. മോൺസൺ പെൺകുട്ടിയെ പീഡിപ്പിച്ച സമയത്ത് താൻ അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോൺസണ് നൽകിയത് താൻ പറഞ്ഞിട്ടാണെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച മോൺസണെയും അയാളുടെ കുടുംബത്തേയും അധിക്ഷേപിക്കുകയും തോക്കുചൂണ്ടി മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയിൽ വാങ്ങി പ്രതികാരം തീർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം എക്സ്‌കോർട്ട് വന്ന പൊലീസ് ഉദ്യോഗസ്ഥർ സാക്ഷികളാണ്.

പോക്‌സോ കോടതിയുടെ വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഡിവൈ.എസ്‌പി മോൺസണോട് ഉന്നയിച്ച ആവശ്യങ്ങൾ ദേശാഭിമാനി തനിക്കെതിരേ അപകീർത്തികരമായ വാർത്തയായി പ്രസിദ്ധീകരിച്ചു. അതിന്റെ ആധികാരികത പരിശോധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തു.

തനിക്കെതിരായ പരാതിക്കാർ പണം നൽകുന്നത് കണ്ടുവെന്ന് പറഞ്ഞ മോൺസണിന്റെ മുൻഡ്രൈവർക്കെതിരെ മോൺസൺ മാവുങ്കൽ സ്വഭാവദൂഷ്യത്തിന് പൊലീസിൽ പരാതപ്പെട്ടിട്ടുള്ളതായും അറിയാൻ സാധിച്ചിട്ടുണ്ട്. ജനപ്രതിനിധി കൂടിയായ തനിക്ക് ഇതാണ് ഗതിയെങ്കിൽ സാധാരണക്കാർക്ക് എന്തുനീതിയാണ് ലഭിക്കുന്നത്.

തനിക്കെതിരെ പ്രവർത്തിച്ച ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി സിപിഎമ്മിന്റെ കൈയിലെ ചട്ടുകം മാത്രമാണ്. രാഷ്ട്രീയ പോരാട്ടം ആശയപരമായി നടത്തുന്നതിന് പകരം കള്ളക്കേസുകൾ ഉണ്ടാക്കിയാണ് നേരിടുന്നത്. തനിക്കെതിരായി സിപിഎം നടത്തിയ ഗൂഢാലോചന അവർ ഇന്ന് നേരിടുന്ന രാഷ്ട്രീയ ജീർണതയുടെയും അപചയത്തിന്റെയും നേർചിത്രമാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തുകയും അധിക്ഷേപിക്കുകയും ചെയ്ത എം വി ഗോവിന്ദനെതിരെയും പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയുമുള്ള ശക്തമായ നിയമ പോരാട്ടം തുടരുമെന്നും സത്യം തെളിയിക്കുമെന്നും സുധാകരൻ പറഞ്ഞു.