ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.

കെ സുധാകരന്‍ പറഞ്ഞത്: ”എസ്എഫ്‌ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെഎസ്‌യുവിന്റെ പ്ലാന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എകെ ബാലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു. ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെഎസ്‌യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. പിന്നാലെ കെഎസ്‌യു പ്രവര്‍ത്തകര്‍ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി. പോലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.”

  'ആത്മസമര്‍പ്പണത്തിന്റെ ആഘോഷം' നാളെ ബലിപെരുന്നാള്‍; പൊതു ഈദുഗാഹുകൾ ഉണ്ടാവില്ല

ക്യാമ്പസില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ് എന്ന സഹപാഠിയെക്കുറിച്ചും സുധാകരന്‍ പറയുന്നുണ്ട്. ”ഒരിക്കല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചു.
പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാന്‍സിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞതും ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്റ്റേജിലേക്ക് കയറി. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപെട്ടത്. ഫ്രാന്‍സിസിന്റെ ആക്രമണത്തിനു പിന്നാലെ ഞാനും പ്രവര്‍ത്തകരും പിണറായിയെ തല്ലിയോടിച്ചു.”- സുധാകരന്‍ പറഞ്ഞു.