ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വീണ്ടും റിമാന്‍ഡില്‍. ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസില്‍ സുരേന്ദ്രനെ അടുത്തമാസം ആറുവരെയാണ് റാന്നി കോടതി റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ അരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസ് അനുമതി തേടിയെങ്കിലും കോടതി ഇന്ന് അനുവദിച്ചില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷയ്ക്കൊപ്പം നാളെ പൊലീസിന്റെ അപേക്ഷയും കോടതി പരിഗണക്കും.

സുരേന്ദ്രനെ കൊട്ടാരക്കര ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അതും നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് സുരേന്ദ്രന്‍ കോടതിക്ക് പുറത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇതിന് പിന്നിലെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

തന്നെ അനന്തമായി ജയിലിൽ അടയ്ക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കേസുകളെ നിയമപരമായി നേരിടുമെന്നും കൊട്ടാരക്കര ജയിലിൽനിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ചിത്തിരയാട്ട വിശേഷ ദിവസം സന്നിധാനത്തെ വലിയ നടപ്പന്തലിൽവച്ച് 52 കാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് കെ.സുരേന്ദ്രനുൾപ്പടെയുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആർ.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആർ.എസ്.എസ് നേതാവ് ആർ.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസിൽ പ്രതി ചേർത്തു. കേസിൽ നേരത്തേ അറസ്റ്റിലായ സൂരജിന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘർഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് നടപടി.

ഫോൺവിളി വിവരങ്ങളും തെളിവായി സ്വീകരിച്ചിട്ടുണ്ട്. പ്രതിഷേധവും അക്രമവുമെല്ലാം നടക്കുന്ന സമയത്ത് ഇപ്പോൾ പ്രതിചേർത്തിരിക്കുന്ന നേതാക്കളെല്ലാം സന്നിധാനത്തുണ്ടായിരുന്നു. നേരത്തെ സംഭവത്തിൽ അറസ്റ്റിലായവരെ സാമൂഹമാധ്യമങ്ങളിൽ നേതാക്കൾ പിന്തുണച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽപേരെ പ്രതി ചേർക്കുമെന്ന സൂചനയും പോലീസ് നൽകുന്നു.