ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനം തിട്ട ജില്ലയില്‍ സുരേന്ദ്രന്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് ഒരു ഉപാധി. കഴിഞ്ഞ 21 ദിവസമായി ജയിലിലായിരുന്നു സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് ജാമ്യം ലഭിക്കാനുണ്ടായിരുന്നത്. നേരത്തെ പല കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

ഇന്നലെ കേസ് പരിഗണിക്കവേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമായിരുന്നു സുരേന്ദ്രനെതിരെ ഉന്നയിച്ചത്. സുരേന്ദ്രന്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് ശബരിമലയില്‍ പോയതെന്നും നിയമത്തെ വെല്ലുവിളിക്കുന്നതാണ് സുരേന്ദ്രന്റെ പ്രവര്‍ത്തിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

സന്നിധാനത്ത് നവംബര്‍ ആറിന് 52 വയസുള്ള സ്ത്രീയേയും ബന്ധുവിനേയും അക്രമിച്ച സംഭവത്തിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്.

അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു. അതേസമയം, അനുമതിയില്ലാതെ സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിന്‍ കൊല്ലം എ.ആര്‍ ക്യാംപിലെ ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയത്. സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് എ.ആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം.