കാരൂര്‍ സോമന്‍

സുഗന്ധപൂരിതമായ ആര്‍ഷഭാരത സംസ്‌കാരത്തിനും പുരാണേതിഹാസങ്ങള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും ദുര്‍ഗന്ധം പരത്തുന്ന തെരഞ്ഞെടുപ്പ് പൂങ്കുലകള്‍ വിരിയുകയാണ്. മതവര്‍ഗീയത അതിന്റ പരമകോടിയില്‍ നില്‍ക്കുന്ന വടക്കേ ഇന്ത്യയില്‍ നിന്നും കഴുക ചിറകുകളില്‍ മഴവില്ലോളി ചിതറികൊണ്ട് തെക്കേ ഇന്ത്യയിലേക്കും എത്തിയിരിക്കുന്നു. അതും ദൈവത്തിന്റ സ്വന്തം നാട്ടില്‍. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം കാണുമ്പൊള്‍ കേരളമടക്കം മതവര്‍ഗീയത മാദക-ലഹരിയിലെത്തി ഒരു നിഴല്‍ വിളക്കുപോലെ തിളങ്ങുന്നു. നമ്മുടെ സ്വാമി അയ്യപ്പനെപ്പോലും വിറ്റ് കാശാക്കുന്നു. ഇന്ത്യയില്‍ വര്‍ഗീയത വളര്‍ത്തുന്നവര്‍ക് വേദികളില്‍ ലഭിക്കുന്നത് നാല് പേര്‍ക്ക് നില്‍ക്കാവുന്ന പദത്തോളമെത്തുന്ന പാരിജാതപ്പൂക്കള്‍ നിറഞ്ഞ പൂമാലകളാണ്. ഇത് കാണുമ്പൊള്‍ തോന്നും ഇവരുടെ അരയിലും സ്വര്‍ണ്ണമാല അരഞ്ഞാണമായി ധരിച്ചിട്ടുണ്ടോ സത്യത്തില്‍ ഈ പൂമാലക് യോഗ്യര്‍ ഇന്ത്യയുടെ പട്ടിണി ദാരിദ്ര്യം മാറ്റാന്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകരും മറ്റ് തൊഴിലാളികളുമല്ലേ

വോട്ടു കൊടുക്കുന്നവര്‍ ഒരു പുനഃപരിശോധന നടത്തുന്നത് നല്ലതാണ്. ഇവര്‍ക്കായി നാടെങ്ങും പൂങ്കുലനിറഞ്ഞ പൂമാലകളാണ്. ദുര്‍ഗന്ധമുള്ള, നിഗുഢതകള്‍ നിറഞ്ഞ പൂമാലകളില്‍ പുളകമണിയുന്നവര്‍ സ്വന്തം ചെയ്തികളെപോലും വിവേചിച്ചറിയാനുള്ള വിവേകമുള്ളവരല്ല. അലംകൃതമായ വേദിയില്‍, വാഹനങ്ങളില്‍ നിലാവുപോലെ പുഞ്ചിരിച്ചുകൊണ്ട് പ്രസംഗിക്കുന്നു. മുഖ0 സുന്ദരമെങ്കിലും ചമയമില്ലാതെ ശോഭിക്കില്ല എന്നതുപോലെ കള്ളപ്പണം വാങ്ങിയെത്തിയ മാധ്യമ പട പേരും പ്രശസ്തിയും സൗന്ദര്യവും വാനോളമെത്തിക്കാന്‍ ശ്രമം നടത്തുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ കണ്ടുപിടിത്തമാണ് സര്‍വേഫലം. ആര് കാശ് കുട്ടിയ്ക്കൊടുക്കുമോ അവരെ അവര്‍ ജനിപ്പിക്കും.ജയിപ്പിക്കും. നമ്മുടെ മുന്നില്‍ മന്ദഹാസം പൊഴിക്കുന്നു, കൈയിലിരിക്കുന്ന കുഞ്ഞിനെയെടുത്തു മാറോടമര്‍ത്തുന്നു, കൈകൂപ്പുന്ന നേതാക്കന്മാര്‍. ഓരോ തെരെഞ്ഞടുപ്പുകളിലും മതത്തിന്റ പേരില്‍ നമ്മെ കബളിപ്പിച്ചു് വോട്ടു വാങ്ങി നമ്മളെ തോല്‍പ്പിച്ചും അവര്‍ ജയിച്ചുകൊണ്ടിരിക്കുന്നു. കുട്ടത്തില്‍ വരദാനംപോലെ വാരിക്കോരി നല്‍കുന്ന ഒരു പ്രകടനപത്രിക.

പണ്ടെങ്ങോ ബുദ്ധിജീവികള്‍ എഴുതിവെച്ച കഥാപാത്രങ്ങള്‍ക്ക് പുഷ്പാര്‍ച്ചന നടത്തി കഴുത്തില്‍ മുത്തുമാലയണിയിച്ചു് സ്തുതികളാലും ഗീതങ്ങളാലും ഇന്നത്തെ സിനിമകളെപ്പോലെ മനുഷ്യരുടെ ഹൃദയം അപഹരിച്ചു സുഗന്ധം ചാര്‍ത്തി കൊതിപൂണ്ടു നില്‍ക്കുന്നൊരു ജനകൂട്ടം. മുന്‍ കാലങ്ങളില്‍ ഇതിന്റ ഗുണഭോക്താക്കള്‍ സന്ന്യാസ സമൂഹമായിരുന്നെങ്കില്‍ ഇന്നതിന്റ ഫലം കൊയ്യുന്നത് ജനസേവനം എന്തെന്നറിയാത്ത യൂ.പി.മുഖ്യമന്ത്രി യോഗിയെപ്പോലുള്ള യോഗീശ്വരന്മാരാണ്. ജനിക്കുന്ന കുട്ടികളെ കണ്ടാല്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം മാതാപിതാക്കള്‍ക്ക് തിരിച്ചറിയാന്‍ പറ്റുമോ എന്നറിയില്ല. ഈ പേര് കേള്‍ക്കുമ്പോള്‍ ആര്ക്കും തോന്നുന്ന ഒരു വികാരമാണത്. പേരിനോട് ഒരിക്കലും യോചിക്കാത്ത ഒരു സ്വഭാവം. ആ പേരിനു ചേരുന്ന ഒരു കാഷായവസ്ത്രം ധരിച്ചതോടെ ജനങ്ങളുടെ പുണ്യയാളനായി അറിയപ്പെട്ടു. ദൈവങ്ങളുടെ താക്കോല്‍ കൊണ്ടുനടക്കുന്ന ജാതി മതങ്ങളുടെ ദര്‍ശനം ലഭിച്ച യോഗി വര്യന്‍. അസംബന്ധവും അര്ത്ഥശൂന്യവുമായ ഇവരുടെ വാക്കുകളില്‍ തലകുനിക്കുന്ന കുറെ വിഡ്ഢികള്‍. മീററ്റിലെ യോഗിയുടെ പ്രസംഗത്തില്‍ പറഞ്ഞത് ‘അലി ഇസ്ലാമിലെ നാലാം ഖലീഫയും ഹനുമാനുമായുള്ള പോരാട്ടമാണ്’. കുട്ടികളുടെ കാര്യം പറയുമ്പോള്‍ പരിഹാസപാത്രമായ ഈ മുഖ്യമന്ത്രി അവിടുത്തെ ആശുപത്രിയില്‍ ധാരാളം കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവീണപ്പോള്‍ രാജിവെച്ചു പുറത്തുപോകേണ്ടതായിരുന്നു. മൂഢന്മാരയ അധര്‍മ്മികള്‍ കുഞ്ഞുങ്ങളുടെ ജീവനേക്കാള്‍ കണ്ടത് അധികാരമാണ്. യോഗി ആദിത്യനാഥിനെപോലെ ബി.എസ്.പി അധ്യക്ഷ മായാവതിക്കും തെരെഞ്ഞെടുപ്പ് കമ്മീഷന്റ 48 മണിക്കൂര്‍ വിലക്ക് കിട്ടി.

കാഷായ വസ്ത്രം ധരിച്ച ദേവി ദേവന്റെ മൂടുപടമണിഞ്ഞ ചെപ്പടി വിദ്യക്കാരനുമായ യൂ.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സുപ്രിം കോടതി ഇടപെട്ടതുകൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ റാലികളില്‍ പ്രസംഗിക്കരുതെന്ന് വിലക്കിയിട്ടുണ്ട്. അതുവരെ കമ്മീഷന്‍ മൗനവ്രതത്തിലായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റ കടക്കല്‍ കത്തിവെക്കുന്ന ഭരണകൂടങ്ങള്‍ക്ക് സുപ്രിം കോടതി ഒരാശ്വാസമാണ്. അതും കൈപ്പടിയിലൊതുക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയില്‍ നടക്കുന്നത് ജനാധിപത്യമല്ല മറിച്ചു് ഏകാധിപതികളുടെ കൊള്ളകളും ഭരണവുമാണ്. അകത്തളങ്ങളില്‍ നടക്കുന്നത് ഫാസിസ്റ്റു ഭരണവും പുറമെ ജനങ്ങളെ പറ്റിക്കാന്‍ ജനാധിപത്യമെന്ന പേരും. ഇവര്‍ കണ്ടുപഠിക്കേണ്ടത് വികസിത രാജ്യത്തെ തെരഞ്ഞെടുപ്പുകളാണ്. ഇന്ത്യയില്‍ കാണുന്ന വിധമുള്ള അഴിമതി നിറഞ്ഞ ഒരു തെരഞ്ഞെടുപ്പ് ലോകത്തു തുലോം ചുരുക്കമാണ്. പണം ചിലവാക്കാത്ത ഒരു തെരെഞ്ഞെടുപ്പ് എന്തുകൊണ്ട് ഇന്ത്യയില്‍ നടക്കുന്നില്ല ഇവര്‍ക്ക് ലഭിക്കുന്ന കോടാനുകോടി കൊള്ളപണം എവിടുന്നാണ് അധികാരകേന്ദ്രങ്ങള്‍ കൊള്ളക്കാരുടെ താവളമോ

അധികാരത്തിലെത്തിയാല്‍ സല്‍സ്വഭാവി ദുസൗഭാവിയാകുന്നു. മലിനമോഹങ്ങള്‍ വളരുന്നു. കാണപ്പെടാത്ത വസ്തുക്കളിലും നാടുകളിലും തലമുറകള്‍ക്കായി ഇവര്‍ സമ്പത് വാരിക്കൂട്ടുന്നു. ചിലര്‍ മക്കളെ പാലും തേനുമൊഴുകുന്ന അതെ വഴിയിലൂടെ നടത്തുന്നു. ദൈവത്തിന്റ നിഗുഢലോകംപോലെയാണ് അധികാരത്തിലിരിക്കുന്നവരുടെ നിഗുഢതകള്‍. മരണംവരെ മറ്റാര്‍ക്കും മല്‍സരിക്കാന്‍ വഴിമാറികൊടുക്കാത്തതും അതുകൊണ്ടാണ്. പെന്‍ഷന്‍ പ്രായം എന്തുകൊണ്ട് ഇവര്‍ക്കില്ല. അതും ഫാസിസ്റ്റു നയമല്ലേ തൊഴിലാളികളുടെ മക്കള്‍ രാഷ്ട്രീയ ഉദ്യോഗസ്ഥരായാല്‍ അവര്‍ പെട്ടെന്ന് മുതലാളിമാരായി വളര്‍ന്നുകൊള്ളുന്ന വിയര്‍പ്പ് പുരളാത്ത ഉദ്യോഗം. ഈ കൂട്ടര്‍ ജനാധിപത്യത്തിന്റ സല്‍ഗുണങ്ങള്‍ കാറ്റില്‍ പരത്തുന്നവരാണ്. തെരെഞ്ഞടുപ്പില്‍ നാടിളക്കി നടക്കുന്ന പ്രചാരവേലകളൂം പണം, മദ്യമൊഴുക്കല്‍ ആര്ക്കുവേണ്ടിയാണ് പണമിറക്കി വോട്ടുനേടുന്നത് ജനത്തിനുവേണ്ടിയല്ലയെന്ന് തിരിച്ചറിയാനുള്ള സുബോധം എന്താണ് വോട്ടുചെയ്യുന്നവര്‍ക്ക് ഇല്ലാത്തത് യോഗിയെപോലുള്ള കാഷായ വസ്ത്രം ധരിച്ചവര്‍ക് മലകൊരുക്കാന്‍ ചന്ദനകുറിയണിഞ്ഞ സ്ത്രീകള്‍, അത് കഴുത്തില്‍ ചാര്‍ത്താന്‍ ഭര്‍ത്താക്കന്മാര്‍, പദവികള്‍ കിട്ടാനായി വാലാട്ടി നില്‍ക്കുന്നവര്‍. ഇതുപോലുള്ള കള്ളസന്യാസിമാരും സന്ന്യാസിനികളും നേതാക്കന്മാരും ഇന്ത്യയിലെങ്ങുമുണ്ട്. ദൈവത്തിന്റ. അധികാരത്തിന്റ മറവില്‍ നടക്കുന്ന കൊള്ളകളെപ്പറ്റി ആരും ബോധവാന്മാരല്ല. പട്ടിണി മാറ്റാന്‍, ഒരു തൊഴില്‍ കിട്ടാന്‍ ഭ്രാന്ത് പിടിച്ചു് നടക്കുമ്പോള്‍ ഇതൊക്കെ തിരക്കാന്‍ പാവങ്ങള്‍ക്ക് എവിടെയാണ് സമയം.

ഇന്ത്യന്‍ ജനാധിപത്യ -മതേതര വിശ്വാസികള്‍ ഈ അധികാര ദുര്‍മോഹികളെ ഇങ്ങനെ തീറ്റി പോറ്റി കൊഴുപ്പിക്കരുത്. മതമെന്ന കുപ്പായത്തെ ജയിക്കാന്‍വേണ്ടി അണിയുന്നവരാണ്. ജയിച്ചുകഴിയുമ്പോള്‍ അതവര്‍ ഊരിയെറിയും. ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് ദരിദ്രരും സമ്പന്നരും തമ്മിലുള്ള പോരാട്ടമാണ്. അതിനെ നേരിടാതെ ജാതി മതത്തിന്റ പോരാട്ടമാണ് നടക്കുന്നത്. ഈ പോരാട്ടത്തില്‍ വിശക്കുന്നവനൊപ്പമാണ് ഈശ്വരവിശ്വാസികള്‍, മതങ്ങള്‍, പാര്‍ട്ടികള്‍ നിലകൊള്ളേണ്ടത്. ഓരൊ തെരെഞ്ഞടുപ്പും തെളിയിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റ തോല്‍വിയാണ്. മതത്തിന്റ മറവില്‍ പാവങ്ങളെ ഇപ്പോഴു0 മൃഗീയമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റ തെളിവാണ് ഇന്ത്യയുടെ ദാരിദ്യം പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി ധാരാളം നീറുന്ന വിഷയങ്ങള്‍. ഇതിനെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഇന്നുവരെ ഭരിച്ചിട്ടുള്ള ആര്ക്കും സാധിച്ചിട്ടില്ല. നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ എത്രയെത്ര രക്ത0 ചൊരിഞ്ഞും കഷ്ടങ്ങളും സഹിച്ചാണ് ഇന്ത്യയ്ക്കു സ്വാതന്ത്യം നേടി തന്നത്. അത് മതത്തിന്റ തൊഴുത്തില്‍ പാവങ്ങളെ ആടുമാടുകളെപോലെ കെട്ടിയിട്ട് വളര്‍ത്താനല്ല. ഈ അധികാര യജമാനന്മാരെ പുറത്താക്കാന്‍, ഇന്ത്യന്‍ ജനാധിപത്യം പൊളിച്ചെഴുതാന്‍ ഇന്ത്യയിലെ യുവതി-യുവാക്കളാണ് മുന്നിട്ടിറങ്ങേണ്ടത്.