കൊല്ലം അഞ്ചൽ സ്വദേശിനിയും ഐടി രംഗത്ത് ജോലി ചെയ്തിരുന്ന 35കാരിയായ കാർത്തിക വി. നായരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഫെബ്രുവരി 20ന് കാർത്തികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ഇത് ആത്മഹത്യയല്ലെന്ന സംശയമാണ് മാതാപിതാക്കൾ ഉയർത്തുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അവർ മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചു.
മകളുടെ ഉയരവും സംഭവസ്ഥലത്തെ സാഹചര്യങ്ങളും കണക്കിലെടുത്ത് ആത്മഹത്യയെന്ന നിഗമനം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ബാത്ത്റൂമിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു എന്നും, മരണസമയത്ത് ഭർത്താവ് സമീപത്തുണ്ടായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട ചില സിസിടിവി ദൃശ്യങ്ങളും ഇവർ സംശയം ശക്തമാക്കുന്നതായി പറയുന്നു.
വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, ഭർത്താവുമായി ഉണ്ടായ തർക്കങ്ങളെ കുറിച്ച് കാർത്തിക വാട്സാപ്പ് സന്ദേശങ്ങളിൽ വ്യക്തമാക്കിയിരുന്നുവെന്നും കുടുംബം പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട സന്ദേശങ്ങളും ഇവർ തെളിവായി മുന്നോട്ട് വെച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.











Leave a Reply