ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- റോച്ച്ഡെയിൽ ബൈ ഇലക്ഷനിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പിന്തുണ ലേബർ പാർട്ടി പിൻവലിച്ച സംഭവത്തിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് പാർട്ടി നേതാവ് കെയർ സ്റ്റാർമർ. എന്നാൽ ആ തീരുമാനം തികച്ചും ശരിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ വർക്കേഴ്സ് പാർട്ടി ഓഫ് ബ്രിട്ടനിൽ അംഗമായ ജോർജ്ജ് ഗാലോവേയാണ് വിജയിച്ചത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന അസ്ഹർ അലി നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. യഹൂദ വിരുദ്ധ പ്രസ്താവനയെ തുടർന്ന് ലേബർ പാർട്ടി അസ്ഹർ അലിയ്ക്കുള്ള പിന്തുണ പിൻവലിച്ചത് കൊണ്ട് മാത്രമാണ് ഗാലോവേയ്ക്ക് ജയിക്കാനായതെന്നും സ്റ്റാർമർ വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയെ മൂന്നാമതാക്കിക്കൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പ്രാദേശിക വ്യവസായിയായ ഡേവിഡ് ടുള്ളി അപ്രതീക്ഷിതമായി രണ്ടാം സ്ഥാനത്തെത്തി. വിജയിച്ചശേഷം നടത്തിയ പ്രസംഗത്തിൽ ഗാലോവേ, റിഷി സുനകും സ്റ്റാർമറും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ ആണെന്നും, ഇവർക്ക് രണ്ടു പേർക്കും ഉള്ള തിരിച്ചടിയാണ് റോച്ച്ഡെയിൽ പരാജയത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


തന്റെ പ്രചാരണ സമയത്ത് ഉടനീളം പലസ്തീൻ ജനതയുടെ അവകാശവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചുവടുവെപ്പാണ് ഗാലോവേ നടത്തിയത്. തന്റെ വിജയം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. റോച്ച്‌ഡെയ്ൽ മത്സരം അടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭിന്നിപ്പിക്കുന്ന പ്രചാരണങ്ങളിലൊന്നായിരുന്നുവെന്ന് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടി തികച്ചും ശരിയായ രീതിയിലുള്ള ഒരു പ്രചരണം നടത്തിയതായും അദ്ദേഹം പറഞ്ഞു. 10,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന ലേബർ എംപി ടോണി ലോയിഡിൻ്റെ മരണത്തെ തുടർന്നാണ് റോച്ച്ഡെയിലിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയുടെ വിജയം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, അസ്ഹർ അലിയുടെ യഹൂദ വിരുദ്ധ പ്രസ്താവനകളാണ് പാർട്ടിക്ക് തിരിച്ചടിയായത്. തൻ്റെ പരാമർശത്തിന് അലി ക്ഷമാപണം നടത്തിയെങ്കിലും പാർട്ടി അവരുടെ പിന്തുണ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.