ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നികുതി റിട്ടേണുകൾ പുറത്തുവിട്ട് കെയർ സ്റ്റാർമർ. കഴിഞ്ഞ രണ്ട് വർഷമായി കൈവശം വച്ചിരുന്ന തുകയുടെ സ്റ്റേറ്റ് മെന്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാർലമെന്ററി വരുമാനത്തിന് പുറത്ത് താൻ ഒന്നും സാമ്പാദിച്ചിട്ടില്ലെന്നും സഹോദരിയെ വീട് വാങ്ങാൻ സഹായിച്ചിട്ടുണ്ടെന്നും കെയർ സ്റ്റാർമർ പറഞ്ഞു. പ്രധാനമന്ത്രി ഋഷി സുനക് തന്റെ മൂന്ന് വർഷത്തെ നികുതി അടച്ചതിന് ശേഷം രേഖകൾ പുറത്ത് വിട്ടതിനു പിന്നാലെയാണ് ലേബർ നേതാവിന്റെ നീക്കം. കഴിഞ്ഞ രണ്ട് വർഷത്തെ നികുതി അടച്ചാണ് സ്റ്റാർമർ സുനകിനു മറുപടി നൽകിയത്.

എന്നാൽ യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടിൽ നിന്ന് ദശലക്ഷക്കണക്കിന് രൂപ കെയർ സ്റ്റാർമാർ സാമ്പാദിച്ചിട്ടുണ്ടെന്നും, ജനപ്രതിനിധി എന്നതിനേക്കാൾ കൂടുതൽ തുക ഇതിനോടകം കൈവശം ഉണ്ടെന്നും ഋഷി സുനക് പറയുന്നു. രണ്ട് വർഷത്തിനിടയിൽ, സ്റ്റാർമർ മൊത്തം 275,000 പൗണ്ട് സമ്പാദിച്ചു. അതിൽ 2020/21 ലെ ബുക്ക് റോയൽറ്റിയിൽ നിന്ന് ലഭിച്ചത് 22,000 പൗണ്ടിൽ താഴെ മാത്രമാണ്. മൊത്തത്തിൽ, ആദായനികുതിയായും മൂലധന നേട്ട നികുതിയായും ഈ വരുമാനത്തിന് £118,580 അദ്ദേഹം അടച്ചു. പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറായിരുന്ന കാലം മുതൽ പെൻഷനായി നല്ലൊരു തുക ലഭിച്ചിരുന്നു.

അതേസമയം, അടുത്ത തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ നികുതി ഇളവ് ഉപേക്ഷിക്കുമെന്ന് അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. ഈ രാജ്യത്തെ മറ്റെല്ലാവരെയും പോലെ അതേ സ്ഥാനത്തായിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണെന്നും, അതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. 2016-ൽ കൊണ്ടുവന്ന മൂലധന നേട്ട നികുതി (സിജിടി) വെട്ടിക്കുറച്ചതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് വർഷമായി 300,000 പൗണ്ടിലധികം നികുതി ലാഭത്തിൽ നിന്ന് ഋഷി സുനക്ക് പ്രയോജനം നേടിയതായി ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ലാങ് ക്യാറ്റിലെ പെൻഷൻ വിദഗ്ധനായ ടോം മക്‌ഫെയിൽ പറഞ്ഞു.