സിപിഎം കള്ളവോട്ട് ചെയ്യാറില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ചില ബൂത്തുകളില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ളവര്‍ കള്ളവോട്ട് ചെയ്തുവെന്നു പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. അന്വേഷണത്തെ ഭയമില്ല. പുറത്തു വന്ന ദൃശ്യങ്ങള്‍ വ്യാജമല്ല. പക്ഷേ മുറിച്ച് ഉപയോഗിച്ചു. സ്വന്തം വോട്ട് ചെയ്തതിനൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യന്‍ കഴിയാത്തവരുടെ കൂടെ പോയി പോളിങ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ വോട്ട് ചെയ്തവരുടെ ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്തു കള്ളവോട്ട് ചെയ്തുവെന്നു പ്രചരിപ്പിക്കുകയാണെന്നു ജയരാജൻ കുറ്റപ്പെടുത്തി.

17ാം നമ്പര്‍ ബൂത്തിലെ 822ാം നമ്പര്‍ വോട്ടറും ചെറുതാഴം പഞ്ചായത്ത് അംഗവുമായ എം.വി.സലീന സ്വന്തംവോട്ടിനു പുറമെ 19ാം നമ്പര്‍ ബൂത്തിലെ 29ാം നമ്പര്‍ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പണ്‍ വോട്ട് ചെയ്തിട്ടുണ്ട്. ഒരേ കെട്ടിടത്തിലാണ് 2 ബൂത്തുകളും പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് മുൻ അംഗമായ കെ.പി.സുമയ്യ കല്യാശ്ശേരി മണ്ഡലത്തിലെ 24ാം നമ്പര്‍ ബൂത്തിലെ 315ാം നമ്പര്‍ വോട്ടറാണ്. ഇവർ പിലാത്തറ യുപി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തിലെ ഏജന്റുമായിരുന്നു. ഈ ബൂത്തിലെ 301ാം നമ്പര്‍ വോട്ടറായ സി.ശാന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരുടെ ഓപ്പണ്‍ വോട്ട് ചെയ്തത്.

കല്യാശ്ശേരി മണ്ഡലത്തിലെ 19ാം നമ്പര്‍ ബൂത്ത് എജന്‍റാണ് മൂലക്കാരന്‍ കൃഷ്ണന്‍. ഈ ബൂത്തിലെ 189ാം നമ്പര്‍ വോട്ടറായ കൃഷ്ണന്‍റ ആവശ്യത്തെ തുടര്‍ന്ന് മൂലക്കാരൻ കൃഷ്ണനും ഓപ്പണ്‍വോട്ട് ചെയ്തു. 994ാം നമ്പര്‍ വോട്ടറായ ഡോ. കാര്‍ത്തികേയനു വാഹനത്തില്‍ നിന്ന് ഇറങ്ങാൻ പ്രയാസമായതിനാൽ പ്രിസൈഡിങ് ഓഫിസറെ അറിയിക്കുന്നതിനാണ് പിലാത്തറ പട്ടണത്തിലെ വ്യാപാരിയായ കെ.സി. രഘുനാഥ് ബൂത്തിന്‍റെ കതകിനു സമീപം പോയതെന്നും ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പു പരാജയം മുൻകൂട്ടിക്കണ്ട് യുഡിഎഫ് കള്ളക്കഥകൾ മെനയുകയാണെന്നും ജയരാജൻ പറഞ്ഞു.‌

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുകൾ കോൺഗ്രസാണ് പുറത്തുവിട്ടത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കല്യാശേരി പയ്യന്നൂര്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്യുന്നത്. പരാതി തെള‍ിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യ തിര‍ഞ്ഞെടുപ്പ് ഒാഫിസര്‍ അറിയിച്ചു

പിലാത്തറ എയുപി സ്കൂളിലെ 19ാം ബൂത്തിലെ 774ാം വോട്ടറായ പത്മിനി രണ്ട് തവണ വോട്ടു ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. ആദ്യം വോട്ടു ചെയ്തശേഷം വിരലില്‍പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടച്ച് മായ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. 17ാം ബൂത്തില്‍ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡംഗം എം.പി. സലീന 19ാം ബൂത്തില്‍ വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സലീനയ്ക്ക് സിപിഎം ബൂത്ത് ഏജന്‍റ് തിരിച്ചറിയില്‍ കാര്‍ഡ് കൈമാറുന്നതും, വോട്ടു ചെയ്തശേഷം മടക്കി നല്‍കുന്നതും വ്യക്തമായി കാണാം.

24ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുന്‍ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19ാം ബൂത്തില്‍ വോട്ടുചെയ്യുന്നു. മറ്റൊരു ബൂത്തിലെ വോട്ടറായ കടന്നപ്പള്ളി പഞ്ചായത്തിലെ സിപിഎം പ്രാദേശിക നേതാവ് മൂലക്കാരൻ കൃഷ്ണന്‍ വോട്ടുച്ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വോട്ടറല്ലാത്തവരും ബൂത്തിനുള്ളില്‍ പ്രവേശിച്ചതിന്‍റെ തെളിവും ദൃശ്യങ്ങളിലുണ്ട്. തൃക്കരിപ്പൂര്‍ 48ാം ബൂത്തിലും പയ്യന്നൂര്‍ 136ാം ബൂത്തിലും സമാനസംഭവങ്ങള്‍ അരങ്ങേറിയതന്‍റെ തെളിവുകളും കോണ്‍ഗ്രസ് പുറത്തുവിട്ടു. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ത്ത് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു . ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്