തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ അഞ്ചു ജില്ലകള്‍ വിധിയെഴുതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പോളിങ് സമയം അവസാനിച്ചു. ആലപ്പുഴയിലാണ് ഉയര്‍ന്ന പോളിങ്, തിരുവനന്തപുരത്ത് കുറവും. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ആദ്യമണിക്കൂറുകളില്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ റിപ്പോർട്ട് ചെയ്തു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളില്‍ പരസ്യപ്രചാരണം സമാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയാണു വോട്ടെടുപ്പ്. തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. റാന്നിയില്‍ വോട്ടു ചെയ്തിറങ്ങിയ തൊണ്ണൂറുകാരനും ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ വോട്ടു ചെയ്യാനെത്തിയ അറുപത്തിയെട്ടുകാരനും കുഴഞ്ഞുവീണു മരിച്ചു. മത്തായി, ബാലന്‍ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യന്ത്രത്തകരാർ കുറവായിരുന്നു. എങ്കിലും തിരുവനന്തപുരത്ത് 13ഉം ആലപ്പുഴയിൽ 14ഉം കൊല്ലത്ത് 12ഉം പത്തനംതിട്ടയിൽ 8ഉം ഇടുക്കിയിൽ നാലിടങ്ങളിലും ആദ്യ മണിക്കൂറിൽ പണിമുടക്കി. പലയിടത്തും ഒരു മണിക്കൂർ വരെ പോളിങ് തടസ്സപ്പെട്ടെങ്കിലും 10 മണിയോടെ എല്ലായിടത്തും വോട്ടെടുപ്പ് സുഗമമായി.

കൊല്ലം കൊറ്റങ്കര പഞ്ചായത്ത് കോളശ്ശേരി വാർഡിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിച്ച മാസ്കുമായാണ് പ്രിസൈഡിങ് ഓഫിസർ ബൂത്തിലിരുന്നത്. യുഡിഎഫ് പരാതിയെ തുടർന്ന് ഉദ്യോഗസ്ഥയെ മാറ്റി. കൊട്ടാരക്കര മൂലംകുഴി ബൂത്തിലെ പോളിങ് ഓഫിസറെ മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് മാറ്റി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ബൂത്തിൽ സിപിഎം വോട്ട് തേടിയെന്ന കോൺഗ്രസ് പരാതി ബഹളത്തിൽ കലാശിച്ചു. പൊലീസെത്തിയാണു പ്രവർത്തകരെ ഒഴിപ്പിച്ചത്.