ന്യൂസ് ഡെസ്ക്, മലയാളം യുകെ

369 ദശലക്ഷം പൗണ്ട് ചെലവിൽ നടക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വൻ നവീകരണ പ്രവർത്തനങ്ങൾ അടുത്ത വർഷം പൂർത്തിയാകുമ്പോഴും രാജാവ് ചാൾസും രാജ്ഞി കമില്ലയും അവിടെ സ്ഥിരതാമസമാക്കില്ലെന്ന് രാജകുടുംബത്തിൻ്റെ ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കി. 1837 മുതൽ രാജകുടുംബത്തിന്റെ ഔദ്യോഗിക ലണ്ടൻ വസതിയായിരുന്ന കൊട്ടാരം രാജഭരണത്തിന്റെ ഭരണകാര്യ കേന്ദ്രമായി തുടരുമെങ്കിലും, ക്ലാരൻസ് ഹൗസാണ് രാജാവിന്റെ ഔദ്യോഗിക വസതിയായി നിലനിൽക്കുക. പൊതുജനങ്ങൾക്ക് കൂടുതൽ പ്രവേശനം അനുവദിക്കാനാണ് ഈ തീരുമാനമെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഴകിയ വൈദ്യുത കേബിളുകൾ, ലീഡ് പൈപ്പുകൾ, ബോയിലറുകൾ എന്നിവ മാറ്റിസ്ഥാപിക്കുന്ന 10 വർഷത്തെ നവീകരണ പദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാകും. എഴുപതുകളുടെ അവസാനത്തിലായ രാജാവും രാജ്ഞിയും വീണ്ടും താമസം മാറ്റുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ സ്ഥിരതാമസമാക്കിയാൽ സുരക്ഷാ നിയന്ത്രണങ്ങൾ വർധിക്കുകയും സന്ദർശകർക്കുള്ള പ്രവേശനം കുറയുകയും ചെയ്യുമെന്ന ആശങ്കയും പരിഗണിച്ചിട്ടുണ്ട്. അതേസമയം, കൊട്ടാരത്തിൽ രാജവിരുന്നുകൾ, ഉദ്യാനസമ്മേളനങ്ങൾ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ചകൾ തുടങ്ങിയ ഔദ്യോഗിക പരിപാടികൾ തുടരും.

വാർഷിക കണക്കുകൾ പ്രകാരം നികുതി വിവരങ്ങൾ പരസ്യമാക്കിയ ആദ്യ ബ്രിട്ടീഷ് രാജാവായി ചാൾസ് മാറി. 2024-25 സാമ്പത്തിക വർഷത്തിൽ 12.9 ദശലക്ഷം പൗണ്ടും മുൻവർഷം 11.7 ദശലക്ഷം പൗണ്ടും നികുതിയായി അടച്ചതായി രേഖകളിൽ പറയുന്നു. ബക്കിംഗ്ഹാം കൊട്ടാര നവീകരണത്തിനായി വർധിപ്പിച്ചിരുന്ന സോവറിൻ ഗ്രാന്റ് 2027-28ൽ 137.9 ദശലക്ഷം പൗണ്ടിൽ നിന്ന് 99.9 ദശലക്ഷം പൗണ്ടായി കുറയുമെങ്കിലും, രാജകൊട്ടാരങ്ങളുടെ അറ്റകുറ്റപ്പണികൾ, സൈബർ സുരക്ഷ ശക്തിപ്പെടുത്തൽ, ഊർജക്ഷമ സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്കായി ഫണ്ട് തുടരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.