ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻെറ രോഗനിർണയത്തിനു ശേഷമുള്ള പ്രസ്താവനയോട് പൊതുജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ചാൾസ് രാജാവ്. ജനങ്ങളിൽ നിന്നുള്ള പിന്തുണ തനിക്ക് വലിയ ആശ്വാസവും പ്രോത്സാഹനവും ആണെന്ന് എഴുപത്തിയഞ്ചുകാരാനായ രാജാവ് പറഞ്ഞു. ചാൾസ് രാജാവിൻെറ രോഗ നിർണ്ണയം സംബന്ധിച്ചുള്ള വാർത്ത തിങ്കളാഴ്ചയാണ് ബക്കിംഗ്ഹാം കൊട്ടാരം പുറത്ത് വിട്ടത്. രാജാവിന് എന്ത് അർബുദം ആണെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല. ഇപ്പോൾ സാൻഡ്രിംഗ്ഹാമിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.

ജനുവരിയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അർബുദം കണ്ടെത്തിയത്. ഏതുതരത്തിലുള്ള ക്യാൻസർ ആണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്ന് കൊട്ടാര അധികൃതർ വ്യക്തമാക്കി. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരിക്കുന്നതിനാൽ നിലവിൽ രാജാവ് കാമില രാജ്ഞി, വെയിൽസ് രാജകുമാരൻ തുടങ്ങിയ രാജകുടുംബാംഗങ്ങളാണ് അദ്ദേഹത്തിൻെറ ചുമതലകൾ ഏറ്റെടുക്കുന്നത്. രോഗനിർണ്ണയത്തിന് ശേഷം എല്ലാ പൊതു ചുമതലകളിൽ നിന്നും മാറി നിൽക്കുകയാണ് അദ്ദേഹം. രോഗ വിവരം പുറത്ത് വന്നതിന് പിന്നാലെതന്നെ ഇളയ മകൻ ഹാരി അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിരുന്നു.

പൊതുജങ്ങളിൽ നിന്ന് ലഭിച്ച കത്തുകൾ അദ്ദേഹത്തിന് വലിയ പ്രചോദനം ആയെന്ന് കാമില്ല രാജ്ഞി പറഞ്ഞു. വ്യാഴാഴ്ച സാലിസ്ബറി കത്തീഡ്രലിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് രാജാവ് തൻെറ സന്തോഷം പങ്കുവച്ചത്. തൻ്റെ പിതാവിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്കും സന്ദേശങ്ങൾക്കും നന്ദി അറിയിച്ചു കൊണ്ട് വില്യം രാജകുമാരനും രംഗത്ത് വന്നു