ന്യൂസ് ഡെസ്ക് മലയാളം യുകെ

നേഴ്സിംഗ് മേഖലയിൽ ശോഭിക്കാൻ കഴിവ് മാത്രം പോരാ, ആത്മാർത്ഥതയും അർപ്പണവും മനുഷസ്നേഹവും വേണം. മലയാളി നേഴ്സുമാർ ആരോഗ്യമേഖലയിൽ ആദരിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്. ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് അയർലൻഡിലെ നേഴ്സായി സേവനം അനുഷ്ഠിക്കുന്ന ജിൻസി ജെറി. ഐറിഷ് നേഴ്സസ് ആന്റ് മിഡ് വൈഫ്സ് ഓർഗനൈസേഷൻ ( ഐ എൻ എം ഒ ) യുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കോൺഫറൻസിൽ അയർലൻഡിലെ
നഴ്സിംഗ് ലീഡർഷിപ്പ് രംഗത്ത് അതുല്യ സേവനം കാഴ്ചവെച്ച അന്താരാഷ്ട്ര നേഴ്സുമാരെ ആദരിച്ച കൂട്ടത്തിൽ
ജിൻസി ജെറിയും ഉൾപ്പെട്ടത് ആഗോളതലത്തിൽ മലയാളി നേഴ്സുമാരുടെ മികവിനുള്ള തെളിവാണ്.

അയർലണ്ടിലെ ഡബ്ലിനിലുള്ള മാറ്റർ മിസെറികോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സിംഗ് അസിസ്റ്റന്റ് ഡയറക്ടറാണ് ജിൻസി ജെറി.

ഇതുൾപ്പെടെ അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന പത്തോളം ബഹുമതികളാണ് തൻറെ മേഖലയിലെ വിവിധ സേവനങ്ങളുടെ പേരിൽ ജിൻസി ജെറിയെ തേടിയെത്തിയത്. ആരോഗ്യ മേഖലയിലെ വിവരസാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിന് ഉൾപ്പെടെ അവാർഡുകൾ ജിൻസിക്ക് ലഭിച്ചത് ഒരു മലയാളി നേഴ്സിന് വളരാനുള്ള ചക്രവാളങ്ങൾ പരിമിതപെട്ടിട്ടില്ലന്നതിന്റെ മകുടോദാഹരണമാണ്.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1919 – ൽ സ്ഥാപിച്ച 43,000 ത്തോളം നേഴ്സുമാർ അംഗങ്ങളായുള്ള സംഘടനയാണ് ഐറിഷ് നേഴ്സസ് ആന്റ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ . നേഴ്സുമാരുടെ അയർലണ്ടിലെ ശബ്ദം എന്ന് അറിയപ്പെടുന്ന ഐ എം എൻ ഒ യുടെ ഇൻറർനാഷണൽ നേഴ്സിങ് വിങ്ങിന്റെ 20 മത്തെ ആനിവേഴ്സറിയിലെ പാനൽ ചർച്ചയിൽ ജിൻസി മുന്നോട്ട് വച്ച ആശയങ്ങൾ കൈയ്യടി ഏറ്റുവാങ്ങി.

2005 -ലാണ് ജിൻസി ജെറി അയർലൻഡിൽ എത്തിയത്. ഭർത്താവ് ജെറി സെബാസ്റ്റ്യന്റെ സ്വദേശം ഉടമ്പന്നൂരാണ്. ക്രിസ് ,ഡാരൻ , ഡാനിയേൽ എന്നീ മൂന്ന് മക്കളാണ് ജെറി- ജിൻസി ദമ്പതികൾക്ക് ഉള്ളത്. ഭർത്താവിൻറെയും മക്കളുടെയും പൂർണ്ണ പിന്തുണയാണ് തൻറെ നേട്ടങ്ങളുടെ പിന്നിലുള്ളതെന്ന് ജിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഒട്ടേറെ കാര്യങ്ങൾ പുതിയതായി പഠിക്കാനുള്ള സ്ഥിരോൽസാഹമാണ് ജിൻസിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടതാക്കുന്നത്.

ഐ എൻ എം ഒ യുടെ പാനൽ ചർച്ചയിൽ പങ്കെടുത്ത് ജിൻസി പറഞ്ഞ കാര്യങ്ങൾ ലോകമെങ്ങുമുള്ള എല്ലാ മലയാളി നേഴ്സുമാർക്കും അവരുടെ തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്നതിന് നൽകുന്ന സന്ദേശം കൂടിയാണ്. തൊഴിൽ സ്ഥലത്തെയും കുടുംബത്തിൻറെയും പിന്തുണയും ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ എന്ന് ജിൻസി പറഞ്ഞു. മൂന്നാമത്തെ കാര്യം എന്ത് തടസ്സം ഉണ്ടായാലും നിശ്ചയദാർഢ്യത്തോടെ മുന്നേറാനുള്ള ധൈര്യം കാണിക്കുക എന്നതാണ്. ഇതിന് ഉദാഹരണമായി പാനൽ ചർച്ചയിൽ ജിൻസി പങ്കുവെച്ചത് തൻറെ തന്നെ ജീവിതകഥയാണ്. മൂത്തകുട്ടിയായ ക്രിസിന് പഠന വൈകല്യം ഉള്ളതുകൊണ്ട് അനുയോജ്യമായ സ്കൂൾ കണ്ടെത്തുന്നത് വലിയ ഒരു വെല്ലുവിളിയായിരുന്നു. മകൻറെ ചികിത്സയുടെ സമയത്ത് ഒന്നര വർഷത്തോളം തൻറെ ജോലി രാജി വയ്ക്കേണ്ടതായി വന്നു.

ഒൻപതു വർഷത്തോളം പാർട്ട് ടൈം ജോലി ചെയ്തു. എന്നാൽ ഈ വെല്ലുവിളികൾ ഒന്നും തന്റെ മുന്നിലെ വഴികൾ അടച്ചില്ല . ഹോങ്കോങ്ങിൽ ഉൾപ്പെടെയുള്ള പല അന്താരാഷ്ട്ര കോൺഫറൻസുകളിലും പങ്കെടുക്കാനും യുകെ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ആരോഗ്യമേഖലയ്ക്ക് തന്റെ സംഭാവനകൾ നൽകാൻ ജിൻസിയ്ക്കായി . ഈ കടുത്ത വെല്ലുവിളികൾക്കിടയിലും തനിക്ക് സാധിക്കുമെങ്കിൽ കേരളത്തിൽനിന്ന് യുകെ, അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏത് മലയാളി നേഴ്സിനും തൻറെ മേഖലയിൽ വിജയിക്കുന്നതിനും ഉയരങ്ങൾ കീഴടക്കാനും സാധിക്കുമെന്ന് ജിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.